മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനം രാജിവെക്കുന്നതായി ഭഗത് സിംഗ് കോഷിയാരി; അമ്പരന്ന് നേതൃത്വം

മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി രാജിക്ക് ഒരുങ്ങുന്നു. എല്ലാ രാഷ്ട്രീയ ഉത്തരവാദിത്തത്തില്‍ നിന്നും തന്നെ ഒഴിവാക്കി തരണം എന്ന് ഭഗത് സിംഗ് കോഷിയാരി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് താന്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തി ഭഗത് സിംഗ് കോഷിയാരി രംഗത്തെത്തിയത്.
ശിഷ്ടകാലം മുഴുവന്‍ വായനയിലും എഴുത്തിലും മറ്റ് ഒഴിവുസമയ പ്രവര്‍ത്തനങ്ങളിലും ചെലവഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് ഭഗത് സിംഗ് കോഷിയാരി രാജ്ഭവനില്‍ നിന്ന് പുറത്ത് വിട്ട് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുംബൈ സന്ദര്‍ശന വേളയില്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിയാനുള്ള തന്റെ ആഗ്രഹം ഭഗത് സിംഗ് കോഷിയാരി അറിയിച്ചിരുന്നു.
സന്യാസിമാരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും ധീരരായ പോരാളികളുടെയും നാടായ മഹാരാഷ്ട്ര പോലുള്ള മഹത്തായ ഒരു സംസ്ഥാനത്തിന്റെ രാജ്യസേവകനോ രാജ്യപാലനോ ആയി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച ബഹുമതിയും ആദരവുമാണ് എന്ന് ഭഗത് സിംഗ് കോഷിയാരി പറഞ്ഞു.
കഴിഞ്ഞ 3 വര്‍ഷത്തിലേറെയായി മഹാരാഷ്ട്രയിലെ ജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹവും വാത്സല്യവും ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല എന്നും പ്രധാനമന്ത്രിയുടെ മുംബൈ സന്ദര്‍ശന വേളയില്‍ എല്ലാ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളില്‍ നിന്നും തന്നെ മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നു എന്നും ഭഗത് സിംഗ് കോഷിയാരി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയില്‍ നിന്ന് തനിക്ക് എപ്പോഴും സ്‌നേഹവും വാത്സല്യവും ലഭിച്ചിട്ടുണ്ട് എന്നും ഇക്കാര്യത്തിലും തനിക്ക് അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ഭഗത് സിംഗ് കോഷിയാരി പറയുന്നത്. നേരത്തെ മറാത്ത യോദ്ധാവ് ഛത്രപതി ശിവജിയെക്കുറിച്ചുള്ള ഗവര്‍ണറുടെ വിവാദ പരാമര്‍ശങ്ങളെച്ചൊല്ലി ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഭഗത് സിംഗ് കോഷിയാരിയെ കടന്നാക്രമിച്ചിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഭഗത് സിംഗ് കോഷിയാരി രാജി സന്നദ്ധത അറിയിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, അന്ന് രാജ്ഭവന്‍ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുകയായിരുന്നു. 2019 സെപ്റ്റംബര്‍ 9 ന് ആണ് മഹാരാഷ്ട്രയുടെ 22-ാമത് ഗവര്‍ണറായി ഭഗത് സിംഗ് കോഷിയാരി ചുമതലയേല്‍ക്കുന്നത്.
മുംബൈ നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനമൊഴിയാന്‍ ഗവര്‍ണര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2019 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം രാജ്ഭവനില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞാ ചടങ്ങ് പുലര്‍ച്ചെ സംഘടിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വലിയ വിവാദത്തിന് തിരിതെളിച്ചിരുന്നു.












Click it and Unblock the Notifications