ഭഗത് സിങ്ങിന്റെ ഗ്രാമത്തിലേക്ക് എത്തുന്നത് മൂന്ന് ലക്ഷത്തോളം പേർ; ഭഗവന്ത് മാൻ ഇന്ന് ചുമതലയേൽക്കും
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ ഇന്ന് ചുമതലേയൽക്കും. വിപുലമായ ആഘോഷങ്ങളോടെയാകും ഇന്ന് സത്യപ്രതിജ്ഞ നടക്കുക. ഭഗത് സിങ് ആരാധകനായ മാൻ ഭഗത് സിങ്ങിന്റെ ഗ്രാമത്തിൽ വച്ചാണ് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേൽക്കുന്നത്. മുഖ്യമന്ത്രി മാത്രമാണ് ഇന്ന് ചുമതലയേൽക്കുകയെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നു. ആംആദ്‌മി ദേശിയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിൽ ഏകേദശം മൂന്ന് ലക്ഷത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ഉൾപ്പടെ 18 മന്ത്രമാരാകും ക്യാബിനറ്റിൽ ഉണ്ടാകുക.
117 അംഗ നിയമസഭയിൽ 92 സീറ്റിന്‍റെ ഭൂരിപക്ഷത്തോടെയാണ് ആംആദ്‌മി പഞ്ചാബിൽ ഭരണത്തിലേറുന്നത്. കോൺഗ്രസിന്റെയും ശിരോമണി അകാലിദളിന്റെയും വോട്ടുകൾ പിടിച്ചെടുത്തുകൊണ്ടാണ് പഞ്ചാബിൽ ആംആദ്‌മി ഭരണം പിടിച്ചത്. താൻ മാത്രമല്ല, സംസ്ഥാനത്തെ മൂന്ന് കോടി ജനങ്ങളും ഇന്ന് ഭരണത്തിലേറുകയാണെന്നായിരുന്നു ഭഗവന്ത് മാന്റെ പ്രതികരണം. ചടങ്ങിന് എത്തുന്നവരിൽ സ്‌ത്രീകൾ മഞ്ഞ നിറത്തിലുള്ള ദുപ്പട്ടയും പുരുഷൻമാർ മഞ്ഞ നിറത്തിലുള്ള ടർബനും ധരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിയുക്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് സംസ്ഥാനത്തും ചടങ്ങ് നടക്കുന്ന പ്രദേശത്തും ശക്തമായ സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇൻസ്‌പെക്‌ടർ ജനറൽ, സീനിയർ പൊലീസ് സൂപ്രണ്ട് പദവിയിലിരിക്കുന്നവർ ഉൾപ്പടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിന് സുരക്ഷയൊരുക്കും. കൂടാതെ 8000 മുതൽ 10,000 വരെ പൊലീസ് ഉദ്യോഗസ്ഥരെ ചടങ്ങിൽ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. ഇന്ന് സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, ഡിജിപി വി.കെ ബവ്‌ര, സിഎമ്മിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി എ വേണു പ്രസാദ് തുടങ്ങിയവർ തിങ്കളാഴ്‌ച ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വിവിധ ജില്ലകളിൽ നിന്ന് എത്തുന്ന ജനങ്ങൾക്കായി വ്യത്യസ്‌ത റൂട്ട് മാപ്പുകളും പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ പരാജയത്തിൽ കോൺഗ്രസ് നേതൃത്വം മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു. നാലര വർഷത്തെ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പുറത്തുവന്നതെന്നും ചന്നിയുടെ ജനകീയതയേക്കാൾ കൂടുതലായിരുന്നു ക്യാപ്‌റ്റന്റെ ഭരണത്തിനോടുള്ള എതിർപ്പുമെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു. എന്നാൽ പരാജയത്തിന് കാരണം ആരാണെന്ന് കോൺഗ്രസ് നേതൃത്വത്തിന് തന്നെ വ്യക്തമായി അറിയാമെന്നും എന്നാൽ ഇത് കോൺഗ്രസ് നേതൃത്വം കണ്ടതായി ഭാവിക്കുന്നില്ലെന്നും അമരീന്ദർ സിങ് ആഞ്ഞടിച്ചു.












Click it and Unblock the Notifications