കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: മുന്‍ ഡിസിസി അധ്യക്ഷന്‍ രാജിവെച്ചു, സ്വതന്ത്രനായി മത്സരിക്കും

ബെംഗളൂരു: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് കർണാടകയിലെ ശിവമോഗ ജില്ല മുന്‍ ഡി സി സി പ്രസിഡന്റ് ടി ന ശ്രീനിവാസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നും സാഗർ നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചെന്നും രാജിക്ക് പിന്നാലെ ശ്രീനിവാസ് വ്യക്തമാക്കി.
കഴിഞ്ഞ 38 വർഷമായി താൻ പാർട്ടിക്കൊപ്പമാണ്, പാർട്ടിയുടെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി രാപ്പകല്‍ ഇല്ലാതെ ജനങ്ങള്‍ക്കിടയില്‍ സജീവമായിരുന്നുവെന്ന് വ്യാഴാഴ്ച രാജിപ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ ശ്രീനിവാസ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനാവാനും അവസരം ലഭിച്ചു. എന്നാൽ പെട്ടെന്ന് ഒരു കാരണവുമില്ലാതെ രാജിവെക്കാൻ നേതർത്വം ആവശ്യപ്പെട്ടു. പണവും അധികാരവുമില്ലാത്തവർക്ക് പാർട്ടിയിൽ ഭാവിയില്ലെന്ന് പിന്നീടാണ് മനസിലായതെന്നും അതിനാലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് പണമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ പക്കൽ എത്ര പണമുണ്ടെന്ന് അവർ (നേതാക്കൾ) ചോദിക്കുന്നു, മറ്റ് പാർട്ടികളിൽ നിന്ന് വന്നവർക്ക് പല പദവികളും നൽകി. എന്നാൽ സത്യസന്ധരും പ്രതിബദ്ധതയുള്ളവരുമായ പ്രവർത്തകരെ മാറ്റിനിർത്തുകയാണ്. ഈ സംഭവവികാസങ്ങളിൽ മനംനൊന്ത് ഞാൻ കോൺഗ്രസ് വിടാൻ തീരുമാനിച്ചു," അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ മലനാട് കർഷക സമര സമിതിയെ ശക്തിപ്പെടുത്തുമെന്നും മലനാട് മേഖലയിലെ ജനങ്ങളുടെ ശബ്ദമാകുമെന്നും അദ്ദേഹം പറഞ്ഞു. താനൊരു ജന്മനാ പോരാളിയാണെന്നും മുൻ മന്ത്രി കാഗോഡു തിമ്മപ്പയുടെ ശബ്ദമായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പിന്നീട് പാർട്ടി പൂർണമായി തന്നെ അകറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഒരു പോരാളിക്ക് പണമില്ലായിരിക്കാം, പക്ഷേ അയാൾക്ക് ആളുകളുണ്ട്, അദ്ദേഹം പറഞ്ഞു. സാഗറിലെ ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും അതുമായി മുന്നോട്ട് പോകുമെന്നും ശ്രീനിവാസ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications