കർണാടകത്തിൽ കോൺഗ്രസിന് ബൂസ്റ്റ്; ജെഡിഎസ് എംഎൽഎ കോൺഗ്രസിലേക്ക്
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെ ഡി എസിനെ ഞെട്ടിച്ച് എം എൽ എ കോൺഗ്രസിലേക്ക്. മുതിർന്ന എംഎൽഎയായ ഗുബ്ബി ശ്രീനിവാസ് ആണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. ഉടൻ തന്നെ ശ്രീനിവാസ് കോൺഗ്രസിൽ ചേരും.
'എന്റെ രാജി സ്പീക്കർ സ്വീകരിച്ച് കഴിഞ്ഞാൽ കോൺഗ്രസിൽ ചേരുന്നതിനെ സംബന്ധിച്ച് നേതാക്കളുമായി ചർച്ച നടത്തി തീരുമാനിക്കും. മാർച്ച് 31 നാണ് നിലവിൽ ഔദ്യോഗികമായി കോൺഗ്രസിൽ അംഗത്വമെടുക്കാൻ ആലോചിക്കുന്നത്. താലൂക്ക് തലത്തിലുള്ള നേതാക്കളുമായി ചർച്ച ചെയ്തതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും', ശ്രീനിവാസ് പറഞ്ഞു.

നേരത്തേ രാജ്യസഭ തിരഞ്ഞെുപ്പിൽ ക്രോസ് വോട്ട് ചെയ്തെന്ന് ചൂണ്ടിക്കാട്ടി ശ്രീനിവാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയാതായി ജെ ഡി എസ് ശ്രീനിവാസിനെ പുറത്താക്കിയിരുന്നു. പാർട്ടി സ്ഥാനാർത്ഥിയായ ഡി കുപേന്ദ്ര റെഡ്ഡിയെ പരാജയപ്പെടുത്താൻ ശ്രീനിവാസ് ശ്രമിച്ചുവെന്നായിരുന്നു ആരോപണം.
കൂറുമാറ്റ നിരോധന നിയമപ്രകാരം അദ്ദേഹത്തെയും കോലാറിലെ മറ്റൊരു എംഎൽഎ കെ ശ്രീനിവാസ് ഗൗഡയെയും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ജെ ഡി എസ് സ്പീക്കർക്ക് നിവേദനം നൽകിയിരുന്നു. '2021 ഒക്‌ടോബറിൽ, എച്ച് ഡി കുമാരസ്വാമി എന്റെ സീറ്റിൽ നിന്ന് ജെ ഡി എസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അന്നുമുതൽ ഞങ്ങൾ തമ്മിലുള്ള അകലം വർദ്ധിച്ചിരുന്നു', ശ്രീനിവാസ പറഞ്ഞു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുമകൂരിൽ നിന്ന് ദേവഗൗഡയുടെ തോൽവിക്ക് എന്നെ ഉത്തരവാദിയാക്കുന്നത് പോലെയുള്ള ചില തെറ്റായ ആരോപണങ്ങളും അദ്ദേഹം എനിക്കെതിരെ ഉയർത്തിയിരുന്നു. താൻ ഒരിക്കലും അത്തരത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ല. മാത്രമല്ല പാർട്ടിയെ സത്യസന്ധമായി സ്നേഹിച്ചിട്ടേയുള്ളൂ', ശ്രീനിവാസ് പറഞ്ഞു
വ്യാജ ആരോപണങ്ങളുടെ പേരിലാണ് കഴിഞ്ഞ വർഷം പാർട്ടിയിൽ നിന്ന് തന്നെ നേതൃത്വം പുറത്താക്കിയത്. ഇപ്പോൾ ഏറെ വേദനയോടെയാണ് താൻ പാർട്ടി വിടുന്നതെന്നും ശ്രീനിവാസ് പറഞ്ഞു. 20 വർഷത്തോളം ഞാൻ എച്ച് ഡി ദേവഗൗഡയുടെയും എച്ച് ഡി കുമാരസ്വാമിയുടെയും നേതൃത്വത്തിൽ ജെഡി എസിൽ പ്രവർത്തിച്ചിട്ടുണ്ട്, ഇന്ന് ഞാൻ ആ പാർട്ടി എം എൽ എ സ്ഥാനം രാജിവെക്കുന്നത് ഹൃദയഭാരത്തോടെയും വേദനയോടെയുമാണ്', ശ്രീനിവാസ് കൂട്ടിച്ചേർത്തു.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ കോൺഗ്രസിലേക്ക് മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കൾ ഒഴുകുകയാണ്. ബി ജെ പിയിൽ നിന്നും ജെ ഡി എസിൽ നിന്നും കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications