വിവാഹ വിവാദത്തിന് പിന്നാലെ രാഖി സാവന്ത് അറസ്റ്റില്‍; പുതിയ സംരംഭം തുടങ്ങാനിരിക്കെ, കാരണം ഇതാണ്
മുംബൈ: നടിയും നര്‍ത്തകിയും ബിഗ് ബോസ് താരവുമായ രാഖി സാവന്ത് അറസ്റ്റില്‍. നടി ഷെര്‍ളിന്‍ ചോപ്രയുടെ പരാതിയിലാണ് പോലീസ് നടപടി. ആദില്‍ ഖാന്‍ ദുരാനിയുമായുള്ള വിവാഹവും മതംമാറ്റവുമെല്ലാം വിവാദമായ പിന്നാലെയാണ് രാഖി സാവന്തിന്റെ അറസ്റ്റ് വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട വിവാദവും ഇപ്പോഴത്തെ അറസ്റ്റും തമ്മില്‍ ബന്ധമില്ലെന്നാണ് വിവരം.
ആദില്‍ ഖാനെ വിവാഹം ചെയ്യാന്‍ ഹിന്ദു മതം വിട്ട രാഖി സാവന്തിന്റെ നടപടി ഏറെ വിവാദമായിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് രാഖി സാവന്ത് പ്രതികരിക്കുകയും ചെയ്തിരുന്നു. പര്‍ദ ധരിച്ച ആശുപത്രിയിലെത്തിയ രാഖി സാവന്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തൊട്ടുപിന്നാലെയാണ് അറസ്റ്റ് വാര്‍ത്ത വന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ....

ആദില്‍ ഖാനുമായുള്ള വിവാഹം നടന്ന കാര്യം ഒരാഴ്ച മുമ്പാണ് രാഖി സാവന്ത് പരസ്യമാക്കിയത്. ഏഴ് മാസം മുമ്പ് വിവാഹം നടന്നിരുന്നു എങ്കിലും ആദില്‍ ഖാന്റെ സമ്മര്‍ദ്ദം കാരണം പരസ്യമാക്കിയിരുന്നില്ല. ഇനിയും മൂടിവയ്ക്കാന്‍ കഴിയില്ലെന്ന് സൂചിപ്പിച്ചാണ് രാഖി സാവന്ത് വിവാഹ വിവരങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തൊട്ടുപിന്നാലെ അവര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞതും വാര്‍ത്തയായി.

വിവാഹത്തിന് മുന്നോടിയായി രാഖി സാവന്ത് ഇസ്ലാം സ്വീകരിച്ചിരുന്നു എന്നാണ് വിവരം. വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഫാത്തിമ എന്ന് കൂടി പേരിനൊപ്പം ചേര്‍ത്തിട്ടുണ്ട്. രാഖി സാവന്ത് ഫാത്തിമ എന്നാണ് പുതിയ പേര്. 2022 മെയ് 29നാണ് വിവാഹം നടന്നത് എന്ന് വിവാഹ സര്‍ട്ടിഫിക്കറ്റില്‍ കാണാം. ആദില്‍ ഖാന്റെ കുടുംബം വിവാഹം ആദ്യം അംഗീകരിച്ചിരുന്നില്ല. പിന്നീട് നടന്‍ സല്‍മാന്‍ ഖാന്‍ ഇടപെട്ടതോടെയാണ് പരിഹാരമായത് എന്നും വാര്‍ത്തകളുണ്ടായിരുന്നു.

ജിംനേഷ്യത്തില്‍ നിന്ന് പുറത്തുവരവെ മാധ്യമങ്ങളെ കണ്ട വേളയിലാണ് രാഖി സാവന്ത് കരഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആദില്‍ ഖാന്‍ തങ്ങളുടെ വിവാഹം അംഗീകരിക്കുന്നില്ല എന്ന് സൂചിപ്പിച്ചാണ് രാഖി കരഞ്ഞത്. അസുഖ ബാധിതയായ തന്റെ അമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങളും അവര്‍ സൂചിപ്പിച്ചു. അതേസമയം, ആദില്‍ ഖാന്റെ കുടുംബത്തെ പുകഴ്ത്തിയാണ് രാഖി സാവന്ത് സംസാരിച്ചത്.

വിവാഹം കഴിക്കാന്‍ മതം മാറിയോ എന്ന ചോദ്യത്തിനും രാഖി സാവന്ത് പ്രതികരിച്ചു. മുസ്ലിം ആകുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. ഇത് ഇന്ത്യയാണ്. താലിബാനല്ല. ഇവിടെ ഏത് വിശ്വാസ പ്രകാരവും ജീവിക്കാം. എല്ലാം അനുവദിക്കുന്നുണ്ടെന്നും രാഖി സാവന്ത് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണാന്‍ കഴിഞ്ഞ ദിവസം രാഖി സാവന്ത് ആദിലിനൊപ്പം വന്നത് പര്‍ദ ധരിച്ചായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വൈറലായി.

അതേസമയം, നടി ഷെര്‍ളിന്‍ ചോപ്ര നല്‍കിയ പരാതിയിലാണ് രാഖി സാവന്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ അംബോലി പോലീസാണ് അറസ്റ്റ് ചെയ്തത്. രാഖി സാവന്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നുവത്രെ. തൊട്ടുപിന്നാലെയാണ് അറസ്റ്റ്. രാഖി സാവന്തിന്റെ പുതിയ സംരംഭം ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു.

പുതിയ ഡാന്‍സ് അക്കാദമി തുടങ്ങുകയാണ് രാഖി സാവന്ത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഇതിന് മുന്നോടിയായിട്ടാണ് അറസ്റ്റ്. ഷെര്‍ളിന്‍ ചോപ്ര തന്നെയാണ് അറസ്റ്റ് വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് ഷെര്‍ളിന്‍ ചോപ്ര നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

നിര്‍മാതാവ് സജ്ജാദ് ഖാനെതിരെ ഷര്‍ളിന്‍ ചോപ്ര മീടൂ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ രാഖി സാവന്ത് രംഗത്തുവന്നു. സല്‍മാന്‍ ഖാനാണ് സജ്ജാദിനെ സംരിക്ഷിക്കുന്നത് എന്ന ഷെര്‍ളിന്റെ പ്രസ്താവനക്കെതിരെയാണ് രാഖി സാവന്ത് രംഗത്തുവന്നത്. തുടര്‍ന്ന് തന്നെ അപമാനിച്ചുവെന്ന് കാണിച്ച് രാഖി സാവന്തിനെതിരെ ഷെര്‍ളിന്‍ ചോപ്ര പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications