'ബിജെപിക്ക് ബീഹാർ വിജയത്തിന്റെ ഹുങ്ക്', ലേബർ കോഡുകൾ നടപ്പാക്കുന്നതിനെ വിമർശിച്ച് തോമസ് ഐസക്
പുതിയ തൊഴിൽ നിയമം നടപ്പിലാക്കാനുളള കേന്ദ്ര സർക്കാരിന്റെ നീക്കം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം കാരണമുളള ഹുങ്ക് ആണെന്ന് ഡോ. ടിഎം തോമസ് ഐസക്. എന്നാൽ സഞ്ചാർ സാഥി ആപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധം കാരണം സർക്കാരിന് പിന്നോട്ട് പോകേണ്ടി വന്നത് ഒരു പാഠമാണെന്നും തോമസ് ഐസക് കുറിക്കുന്നു.
'' ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ബിജെപിക്ക് ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുവാനുള്ള ഹുങ്കും അധികാരവും നൽകിയിരിക്കുകയാണ്. ഇതിന്റെ ആദ്യത്തെ സൂചനയായിരുന്നു കഴിഞ്ഞ അഞ്ചാറുവർഷമായി 'കോൾഡ് സ്റ്റോറേജിൽ' മരവിപ്പിച്ചുവച്ചിരുന്ന ലേബർ കോഡുകൾ ആരോടും ഒരു ചർച്ചയും നടത്താതെ നടപ്പിലാക്കാൻ തീരുമാനിച്ചത്.
ഇതിന്റെ തുടർച്ചയാണ് പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന 'സഞ്ചാർ സാഥി' ആപ്പും. രാജ്യമാസകാലം ഉയർന്നുവന്ന പ്രതിക്ഷേധത്തെ തുടർന്ന് 'സഞ്ചാർ സാഥി' ആദ്യം ഭാഗീകമായും പിന്നീട് പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായി. ഇത് വലിയ പാഠമാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ എതിർപ്പ് ഉയർത്തിയാൽ ബിജെപിയെ പ്രതിരോധത്തിലാഴ്ത്താൻ ആവും. ലേബർ കോഡിനെതിരായ സമരത്തിന് ഇത് ഉത്തേജനമാവണം.

ഇത് സംബന്ധിച്ച ഉത്തരവ് നവംബർ 28-ന് ഇറങ്ങിയത് കമ്പനികൾക്കുള്ള രഹസ്യ നിർദ്ദേശമായിട്ടാണ്. മാധ്യമങ്ങളെയോ, പൊതുമണ്ഡലത്തെയോ അറിയിച്ചിരുന്നില്ല. കമ്പനികൾ തന്നെ ആയിരിക്കണം ഇത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത്. ആപ്പിളും, ഗൂഗിളും ഇത്തരത്തിൽ ഭരണകൂടത്തിന്റെ ഒരു ആപ്പ് തങ്ങളുടെ ഫോണിൽ ലോകത്തൊരിടത്തും ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്ന് പ്രതികരിക്കുകയുണ്ടായി. ആപ്പിൾ കോടതിയെ സമീപിക്കും എന്നും ഊഹാപോഹങ്ങളുണ്ടായി.
ഡിസംബർ 1-നാണ് മാധ്യമ വാർത്തകളും, പ്രതിപക്ഷ പ്രതിക്ഷേധവും ഉണ്ടായതിനെത്തുടർന്നാണ് ഭരണകൂടം ഒരു പ്രസ് കമ്മ്യൂണിക്ക ഇറക്കിയത്. ഇതിലാണ് ആദ്യമായി ആപ്പിന്റെ വിശദംശങ്ങളും, സൈബർ സെക്യൂരിറ്റിക്ക് ഇതിന്റെ പ്രാധാന്യവും മറ്റും വിശദീകരിച്ചത്. അതോടെ പ്രതിക്ഷേധം കൂടുതൽ ശക്തിപ്പെട്ടു. തുടർന്ന് ഡിസംബർ 2-ന് ടെലികോം മന്ത്രി സിന്ധ്യ ആപ്പ് വോളന്ററി ആണെന്നും, ഇഷ്ടമില്ലാത്തവർക്ക് അത് ഡിലീറ്റ് ചെയ്യാമെന്നും വ്യക്തമാക്കി. പക്ഷേ കമ്പനികൾ പുതിയ ഫോണുകളിൽ ആപ്പ് നിർബന്ധമായും പ്രീ-ഇന്സ്റ്റാൾ ചെയ്യണമെന്ന നിബന്ധന പിൻവലിക്കാൻ തയ്യാറായില്ല.
ഡിസംബർ 3-നാണ് അവസാനം പ്രീ-ഇന്സ്റ്റാലേഷൻ നിബന്ധന പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് വന്നു. ആവശ്യമുള്ളവർക്ക് മറ്റെല്ലാ ആപ്പുകളും പോലെ ഇതും ഡൗൺലോഡ് ചെയ്ത ഇൻസ്റ്റാൾ ചെയ്യാമെന്നായി. പക്ഷെ, സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ. ബേബി തന്റെ പ്രതികരണത്തിൽ വ്യക്തമാക്കിയത് പോലെ പിൻവലിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് തൃപ്തികരമല്ല. ഔപചാരികമായി സർക്കാർ ഉത്തരവ് തന്നെ ഇനിയും ഇറങ്ങേണ്ടതുണ്ട്. ഫോണിലെയും, സാമൂഹ്യമാധ്യമങ്ങളിലെയും ഉള്ള സർക്കാർ കടന്നു കയറ്റത്തെക്കുറിച്ചു നമ്മൾ നിതാന്ത ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്'', തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications