മോദിക്കെതിരെ അഖിലേഷ് കളമൊരുക്കും, നിതീഷ് യുപിയില്‍ നിന്ന് മത്സരിക്കും? അണിയറ നീക്കങ്ങള്‍ ഇങ്ങനെ
ലക്‌നൗ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഫുല്‍പൂരില്‍ നിന്ന് നിതീഷ് കുമാര്‍ മത്സരിച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് നിതീഷ് കുമാര്‍.
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് നിതീഷ് കുമാറിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തനിക്ക് ഇഷ്ടമുള്ള ഏതെങ്കിലും സീറ്റില്‍ മത്സരിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും പാര്‍ട്ടിയുടെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളില്‍ ജെ ഡി യുവിന് നേരിയ സ്വാധീനമുണ്ട്.

ഫുല്‍പൂരിലെ ജെ ഡി യുവിന്റെ നിരവധി പ്രവര്‍ത്തകര്‍ നിതീഷ് കുമാറിനോട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഫുല്‍പൂരില്‍ മാത്രമല്ല, അംബേദ്കര്‍ നഗര്‍, മിര്‍സാപൂര്‍ ലോക്സഭാ സീറ്റുകളിലും നിതീഷ് കുമാര്‍ മത്സരിക്കാന്‍ സന്നദ്ധനെങ്കില്‍ വഴിയൊരുക്കും എന്നാണ് ജെ ഡി യു ദേശീയ പ്രസിഡന്റ് ലാലന്‍ സിംഗ് നല്‍കുന്ന സൂചന.

'അംഗീകരിക്കാനോ നിഷേധിക്കാനോ ഒന്നുമില്ല. നിതീഷ് കുമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്നത് ശരിയായ സമയത്ത് മാത്രമേ തീരുമാനിക്കൂ. എന്നാല്‍ അംബേദ്കര്‍ നഗര്‍, മിര്‍സാപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിതീഷ് കുമാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

അദ്ദേഹം ഉത്തര്‍പ്രദേശില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുക എന്നതാണ് തന്റെ ദൗത്യം, ലാലന്‍ സിംഗ് പറഞ്ഞു. അതേസമയം ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശ് 2024 ലെ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സംസ്ഥാനമാണെന്ന് ലാലന്‍ സിംഗ് പറഞ്ഞു.

നിലവില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപിക്ക് 65 എം പിമാരുണ്ടെന്നും അഖിലേഷ് യാദവും നിതീഷ് കുമാറും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചാല്‍ ബി ജെ പി 15-20 സീറ്റുകളില്‍ ഒതുങ്ങുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷ ഐക്യത്തിന് ഏറെ പ്രാധാന്യമുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് 15-20 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ സീറ്റായ വാരാണസിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് അലഹബാദിലെ ഫുല്‍പൂര്‍. നിതീഷ് കുമാര്‍ ഈ സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍, 2024 ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ ദിശ തന്നെ മാറിയേക്കാം. 2024-ല്‍ നരേന്ദ്രമോദിയെ വെല്ലുവിളിക്കണമെങ്കില്‍ ഉത്തര്‍പ്രദേശില്‍ വന്‍ വിജയം നേടണമെന്ന് നിതീഷ് കുമാറിനും ബോധ്യമുണ്ട് എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

ബീഹാറില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് എന്‍ ഡി എ വിട്ട് നിതീഷ് മഹാഗത്ബന്ധനൊപ്പം ചേര്‍ന്നത്. ഇതിന് ശേഷം വിശാല പ്രതിപക്ഷ ഐക്യത്തിനായി നിരവധി നേതാക്കളുമായി നിതീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.












Click it and Unblock the Notifications