25കാരിയെ 3 വര്‍ഷം കുളിമുറിയില്‍ പൂട്ടിയിട്ടു
പട്‌ന: സ്ത്രീധനം കൊടുക്കാന്‍ വീഴ്ച വരുത്തി എന്നാരോപിച്ച് 25 കാരിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കുളിമുറിയില്‍ പൂട്ടിയിട്ടു. പട്‌നയില്‍ നിന്നും 140 കിലോമീറ്റര്‍ മാറി ദര്‍ഭംഗയിലെ രാംഭാഗ് എന്ന സ്ഥലത്താണ് സംഭവം. ഏകദേശം മൂന്ന് വര്‍ഷമാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയെ കുളിമുറിയില്‍ പൂട്ടിയിട്ടത്.
തിങ്കളാഴ്ച പോലീസ് സ്ഥലത്തെത്തിയാണ് 25 കാരിയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചത്. തലമുടി ജട പിടിച്ച്, നഖങ്ങള്‍ വളര്‍ന്ന് വസ്ത്രങ്ങള്‍ മുഷിഞ്ഞുനാറിയ അവസ്ഥയിലായിരുന്നു ഇവരെന്ന് വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ സീമ കുമാരി പറഞ്ഞു. പകല്‍വെളിച്ചത്തില്‍ കണ്ണ് തുറന്നുവെക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലായിരുന്നത്രെ യുവതി.

സൂര്യപ്രകാശം കടക്കാത്ത ഇരുട്ടുമുറിയില്‍ മൂന്ന് വര്‍ഷം തടവില്‍ കിടക്കേണ്ടി വന്നത് ഇവരെ ശരിക്കും തളര്‍ത്തിയിരുന്നു. വിവാഹിതയായിരുന്നെങ്കിലും നെറ്റിയില്‍ സിന്ദൂരമോ മറ്റ് ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഇവരെ കുളിമുറിയില്‍ തള്ളിയിട്ട് പുറത്തുനിന്നും പൂട്ടുകയായിരുന്നത്രെ. കുഞ്ഞിനെ കാണാന്‍ പോലും ഇവരെ അനുവദിച്ചിരുന്നില്ല.
2010 ലാണ് യുവതി പ്രഭാത് കുമാറിനെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ക്ക് ശേഷം ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം ആരംഭിച്ചു. ഒരു പെണ്‍കുഞ്ഞ് പിറന്നതോടെയാണ് ഭര്‍തൃവീട്ടുകാര്‍ ഇവരെ കുളിമുറിയില്‍ അടച്ചുപൂട്ടിയത്. സ്വന്തം വീട്ടില്‍ പോകാനോ അച്ഛനമ്മമാരെ കാണാനോ തന്നെ അനുവദിച്ചിരുന്നില്ല എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.


Click it and Unblock the Notifications