വോട്ടിനായി ബിജെപിയും എസ്പിയും ജനങ്ങളെ ഭിന്നിപ്പിക്കുന്നു: രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ദില്ലി: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടുകള്‍ ഉറപ്പിക്കുന്നതിന് വേണ്ടി ഭരണകക്ഷിയാ ബി ജെ പിയും അഖിലേഷ് യാദവിന്റെ എസ്പിയും ധ്രൂവീകരണം നടത്തുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഈ രീതിയിലുള്ള പോരാട്ടത്തില്‍ ഭരണകക്ഷിയായിരിക്കും കൂടുതല്‍ നേട്ടമുണ്ടാക്കുക. ആ സാഹചര്യത്തില്‍ സമൂഹത്തെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കാത്ത മറ്റൊരു രാഷ്ട്രീയം ഇവിടെ ഉണ്ടാവേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.
കാർഷിക നിയമങ്ങളും ലഖിംപൂർ ഖേരി സംഭവവും കർഷകർക്ക് വലിയ വേദനയുണ്ടാക്കിയെന്നും കർഷകരോടുള്ള സർക്കാരിന്റെ നിസ്സംഗതയും ശത്രുതാപരമായ സമീപനവും ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും അവർ പറഞ്ഞു. പടിഞ്ഞാറൻ ബെൽറ്റാലായിരിക്കും ഇത് കൂടുതല്‍ ശക്തമായി പ്രതിഫലിക്കുകയെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി പറഞ്ഞു.

തങ്ങളുടെ പാർട്ടി സ്ത്രീകളെ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിലേക്ക് പോകുകയും അവർക്ക് 40 ശതമാനം ടിക്കറ്റ് നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്. "യുപിയിലെ രാഷ്ട്രീയത്തിന്റെ ഒരു യാഥാർത്ഥ്യമാണ് ഈ ധ്രൂവീകരണം, തെരഞ്ഞെടുപ്പുകൾ പലപ്പോഴും ഈ രീതിയിൽ നടക്കുകയും ചിലർ വിജയിക്കുകയും ചെയ്യുന്നു. പക്ഷേ ഇത് മാറേണ്ടതുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. വികസനം - തൊഴിൽ, തൊഴിലവസരങ്ങൾ, ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ വികസന വിഷയങ്ങളിലൂന്നിയായിരിക്കണം തെരഞ്ഞെടുപ്പുകൾ. അവയായിരിക്കണം നമ്മുടെ ചർച്ചയുടെയും സംവാദത്തിന്റെയും കേന്ദ്രം "- പ്രിയങ്ക ഗാന്ധി പറഞ്ഞു
ഉത്തർപ്രദേശിലെ കോൺഗ്രസ് ക്രിയാത്മകവും പുരോഗമനപരവുമായ അജണ്ടയിലാണ് പ്രവർത്തിക്കുന്നത്. മറ്റുള്ളവരെപ്പോലെ നിഷേധാത്മകമായ സംഭാഷണത്തിൽ ഏർപ്പെടാൻ ഞങ്ങൾ തയ്യാറായില്ല. കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ അതല്ല, അതിന് കോണ്‍ഗ്രസ് തയ്യാറാല്ലെന്നും.
ഏഴ് ഘട്ടമായിട്ടാണ് ഉത്തർപ്രദേശില്‍ ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയായിരുന്നു ബി ജെ പി അധികാരത്തിലെത്തിയത്. ബി ജെ പി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ 9 ഉം എസ്ബിഎസ്പി 4 ഉം സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസുമായി സഖ്യം ചേർന്നായിരുന്നു അഖിലേഷ് യാദവിന്റെ എസ്പിയുടെ മത്സരം. 311 സീറ്റില്‍ മത്സരിച്ച എസ്പിക്ക് കേവലം 47 സീറ്റിലും 114 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റിലുമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. 403 സീറ്റില്‍ മത്സരിച്ച മായാവതിയുടെ ബി എസ് പി 19 സീറ്റിലും വിജയിച്ചു. ആർ എല്‍ ഡി ഒരു സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും വിജയിച്ചു.












Click it and Unblock the Notifications