കെജ്രിവാളിന്റെ ചര്‍ച്ച വലിയൊരു തമാശ: കിരണ്‍ ബേദി
ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ ക്ഷണം സ്വീകരിച്ച് സംവാദത്തിന് എത്തില്ല എന്ന് കിരണ്‍ ബേദി. കെജ്രിവാളുമായി സംവാദം നടത്തുന്നത് വലിയൊരു തമാശയായിരിക്കും എന്നാണ് ബേദി പറഞ്ഞത്. തമാശയ്ക്ക് നിന്നുകൊടുക്കാന്‍ ഞാനില്ല. സംവാദം ഒഴിവാക്കാന്‍ ബേദി പറഞ്ഞ മറ്റൊരു കാരണം, ഇത് സംവാദത്തിനുള്ള സമയമല്ല, സമയം ഏറെ വൈകി എന്നാണ്.
കെജ്രിവാളിന് എപ്പോഴും സംവാദത്തിനാണ് ഇഷ്ടം. കാര്യങ്ങള്‍ ചെയ്ത് കാണിക്കാനാണ് എനിക്കിഷ്ടം. ബേദിയെ ബി ജെ പി ബലിയാടാക്കുകയാണ് എന്ന കെജ്രിവാളിന്റെ പ്രസ്താവനയും ബേദി തള്ളിക്കളഞ്ഞു. കുറച്ചുകൂടി പ്രസക്തമായ കാര്യങ്ങളില്‍ കെജ്രിവാള്‍ താല്‍പര്യം കാണിക്കണം എന്നാണ് ബേദി പറയുന്നത്. കെജ്രിവാളിനെ പേടിച്ചിട്ടല്ല, പാര്‍ട്ടി തീരുമാന പ്രകാരമാണ് താന്‍ കൃഷ്ണ നഗറില്‍ മത്സരിക്കുന്നതെന്നും ബേദി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അവസാന ദിവസമായ ബുധനാഴ്ചയാണ് കിരണ്‍ ബേദിയും അരവിന്ദ് കെജ്രിവാളും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കിഴക്കന്‍ ദില്ലിയിലെ കൃഷ്ണ നഗറിലാണ് ബേദി മത്സരിക്കുന്നത്. വമ്പന്‍ റാലിയോടെയാണ് ബേദി പത്രിക സമര്‍പ്പിക്കാനെത്തിയത്. സ്വന്തം മണ്ഡലമായ കൃഷ്ണ നഗറിലെ ലജ്പത് റായി ചൗക്കില്‍ നിന്നാണ് ബേദി റോഡ് ഷോ തുടങ്ങിയത്.
ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കനും പത്രിക സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പിന് മുമ്പായി ദില്ലിയില്‍ സംവാദങ്ങളുടെയും വെല്ലുവിളിയുടെയും കാലമാണ്. തന്നോട് സംവാദം നടത്താന്‍ കെജ്രിവാള്‍ ക്ഷണിക്കുന്നത് കിരണ്‍ ബേദിയെ ആണ്. അതേസമയം കോണ്‍ഗ്രസിന്റെ അജയ് മാക്കന്‍ ബേദിയെയും കെജ്രിവാളിനെയും തന്നോട് സംവാദം നടത്താന്‍ ക്ഷണിക്കുകയാണ്.












Click it and Unblock the Notifications