'നിങ്ങളാണ് വിഢികള്‍' നരേന്ദ്രമോദിയെ പാടെ തള്ളി ബിജെപി എംഎല്‍എ; കാരണംകാണിക്കല്‍ നോട്ടീസ്
ലക്‌നൗ: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യമാണ്. രാജ്യം ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് കൊറോണ സൃഷ്ടിച്ചതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഈ സാഹചര്യം നമ്മള്‍ കൂടുതല്‍ ശക്തരാകണമെന്ന് ഓര്‍മിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. നമ്മുടെ പ്രവര്‍ത്തനശൈലികള്‍ മൊത്തത്തില്‍ മാറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Recommended Video
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി മൂന്ന് തവണയാണ് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. കൊറോണയെ പ്രതിരോധിക്കാന്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിക്കാന്‍ വിളക്കുകള്‍ തെളിയിക്കണമെന്നും പാത്രം കൊട്ടി ശബ്ദമുണ്ടാക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. വലിയ വിമര്‍ശനങ്ങളായിരുന്നു ഇതില്‍ ഉയര്‍ന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രിയെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംഎല്‍എ.

മോദിയെ തള്ളി ബിജെപി എംഎല്‍എ
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇദ്ദേഹം പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ശബ്ദരേഖ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. വ്യാഴാച്ചയാണ് ശബ്ദ രേഖ പുറത്ത് വരുന്നതും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യുന്നതും. എംഎല്‍എ പ്രാദേശിക ബിജെപി നേതാവുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്.

നിങ്ങള്‍ വിഢികളാണ്
കൊറോണയെ പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി കൈകള്‍ കൊട്ടിയോ, പാത്രങ്ങള്‍ കൊട്ടിയൊ ശബ്ദമുണ്ടാക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് എംഎല്‍എ രംഗത്തെത്തിത്.' കൈകള്‍ കൂട്ടിയടിച്ചത് കൊണ്ട് നിങ്ങള്‍ക്ക് കൊറോണയെ ഇല്ലാതാക്കാന്‍ കഴിയുമോ? നിങ്ങള്‍ വിഢിത്തത്തിന്റെ റെക്കോര്‍ഡ് തീര്‍ക്കുകയാണ്. വിളക്ക് തെളിയിച്ചാല്‍ കൊറോണ പോകുമോ? നിങ്ങളെ പോലുള്ള ആളുകള്‍ വിഢികളാണ്.' എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.

കാരണം കാണിക്കല്‍ നോട്ടീസ്
ശബ്ദരേഖ പ്രചരിച്ചതിന് പിന്നാലെ എംഎല്‍എക്കെതിരെ ബിജെപി നടപടിക്കൊരുങ്ങിയിരിക്കുകയാണ്. പാര്‍ട്ടി വിരുദ്ധ നടപടികള്‍ ആരോപിച്ചാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കുന്നത്. ഇദ്ദേഹത്തിന് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസയച്ചു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് എംഎല്‍എക്ക് ഒരാഴ്ച്ചത്തെ സമയമാണ് അനുവദിച്ചത്. ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ പ്രതികരിക്കാന്‍ എംഎല്‍എ ഇതുവരേയും തയ്യാറായിട്ടില്ല

ലോക്ക്ഡൗണ്‍ ലംഘനം
കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചതിന് ബിജെപി നേതാവിനെതിരെ കേസെടുത്തിരുന്നു.കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തി ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ തുടരും. ഏപ്രില്‍ 20 മുതല്‍ ചില മേഖലകളില്‍ നിയന്ത്രണം പിന്‍വലിച്ചിരുന്നെങ്കിലും ആളുകള്‍ പുറത്തിറങ്ങുന്നതിനും ഒത്തുകൂടുന്നതിനുമെല്ലാം കര്‍ശന നിയന്ത്രണമാണ് ഇപ്പോഴും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിച്ച സംഘം ചേര്‍ന്നതിനാണ് കേസെടുത്തത്.

ബിജെപി നേതാവിനെതിരെ കേസ്
ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലെ പാന്‍പൂര്‍ ഗ്രാമത്തിലാണ് ലോക്കഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന് ബിജെപി പ്രാദേശിക നേതാവടക്കം 20 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. ഗ്രാമത്തില്‍ ആളുകള്‍ ഒത്തുകൂടി ക്രിക്കറ്റ് മാച്ച് നടക്കുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ രാവിലെയാണ് വിവരം ലഭിച്ചത്. ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിനും ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനുമാണ് ബിജെപി നേതാവ് സുധീര്‍ സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പകര്‍ച്ചവ്യാധി നിയമപ്രകാരമടക്കമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കൊറോണ
ലോക്ക്ഡൗണ്‍ നടപടികള്‍ പുരോഗമിക്കുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇതുവരേയും രാജ്യത്ത് 23077 പേര്‍ക്കാണ് കെറോണ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 718 പേര്‍ മരണപ്പെടുകയും ചെയ്തു. 4748 പേര്‍ രാജ്യത്ത് രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഇതുവരേയും 283 പേര്‍ മരണപ്പെട്ടു.












Click it and Unblock the Notifications