ഒരു കോണ്‍ഗ്രസ് എംഎല്‍എല്‍ക്ക് 50 കോടി, 50 എംഎല്‍എമാര്‍ ലിസ്റ്റില്‍; ബിജെപിക്കെതിരെ സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കാന്‍ ബിജെപി 50 കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തു എന്ന് സിദ്ധരാമയ്യ ആരോപിച്ചു. ടി നരസിപുര നിയോജക മണ്ഡലത്തില്‍ 470 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സര്‍ക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. 'ഇത്തവണ ബിജെപി എന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു. ഓരോ എംഎല്‍എക്കും 50 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തത്. 50 എംഎല്‍എമാര്‍ക്ക് 50 കോടി,' അദ്ദേഹം പറഞ്ഞു.

ഈ പണം എവിടെ നിന്ന് വരുന്നു എന്നും യെദ്യൂരപ്പയും ബസവരാജ ബൊമ്മൈയും നോട്ടുകള്‍ അച്ചടിക്കുകയാണോ എന്നും സിദ്ധരാമയ്യ ചോദിച്ചു. ഇത് അഴിമതി പണമാണ് എന്നും ബിജെപി നേതാക്കളുടെ പക്കല്‍ കോടികളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങളുടെ എംഎല്‍എമാര്‍ മോഹന വാഗ്ദാനങ്ങളില്‍ വീണില്ല എന്നും അതുകൊണ്ടാണ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്നും സിദ്ധരാമയ്യ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കു ഇത്രയും പണം വാഗ്ദാനം ചെയ്യാന്‍ പണം അച്ചടിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ആര്‍ അശോകന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര എന്നിവരോടായി സിദ്ധരാമയ്യ ചോദിച്ചു. ബിജെപിയും ജെഡിഎസും നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല എന്നും സിദ്ധരാമയ്യ പറഞ്ഞു.
ഗ്യാരണ്ടി പദ്ധതികള്‍ക്കായി 55,000 കോടി ചെലവഴിച്ചിട്ടും സംസ്ഥാനത്തിന് മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 65,000 കോടി രൂപ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി നര്‍സിപ്പൂരില്‍ മാത്രം 470 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ ആരംഭിക്കുന്നത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കുറച്ച് ദിവസങ്ങളിലായി ആരോപണ പ്രത്യാരോപണങ്ങളുമായി കടുത്ത പോരാട്ടത്തിലാണ് ബിജെപിയും കോണ്‍ഗ്രസും.
സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ മുസ്ലീങ്ങള്‍ക്ക് നാല് ശതമാനം സംവരണം നല്‍കി പ്രീണന രാഷ്ട്രീയം നടത്തുന്നു എന്നാരോപിച്ച് സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭൂമി വിഹിതം, വഖഫ് ഭൂമി കൈയേറ്റം, സംസ്ഥാനത്തെ മദ്യക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങല്‍ എന്നിവയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാര്‍ അഴിമതി നടത്തിയെന്നും ബിജെപി ആരോപിച്ചിരുന്നു.
അതേസമയം ബിജെപിയുടെ ഭരണകാലത്ത് കൊവിഡ് -19 ഫണ്ടുകളുടെ ദുരുപയോഗവും ധൂര്‍ത്തുകളും നടന്നിട്ടുണ്ട് എന്നും അത് അന്വേഷിക്കും എന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.












Click it and Unblock the Notifications