2 സീറ്റില്‍ നിന്ന് 303 സീറ്റിലേക്ക്... അതിശയിപ്പിക്കും ബിജെപിയുടെ ഈ വളര്‍ച്ച; അറിയാം ചരിത്രം
ന്യൂദല്‍ഹി: ബി ജെ പി ഇന്ന് അതിന്റെ 43-ാം സ്ഥാപക ദിനം ആചരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറിയ ബി ജെ പിയുടെ തുടക്കം പക്ഷെ എളുപ്പമായിരുന്നില്ല. രാജ്യത്തെ മറ്റെല്ലാ പാര്‍ട്ടികള്‍ക്കും സമാനമായി കോണ്‍ഗ്രസില്‍ നിന്ന് വേര്‍പെട്ട് തന്നെയാണ് ബി ജെ പിയുടേയും തുടക്കം. എന്നാല്‍ വെറും രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി ജെ പി ഇന്ന് രാജ്യത്തെ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും സ്വാധീനമുണ്ടാക്കി.
മൂന്നൂറിലേറെ സീറ്റ് ഒറ്റക്ക് നേടിയാണ് ഇന്ന് ബി ജെ പി രാജ്യം ഭരിക്കുന്നത്. 43-ാം സ്ഥാപക ദിനത്തില്‍ ബി ജെ പിയുടെ ചരിത്രവും വളര്‍ച്ചയും നമുക്ക് ഒന്ന് പരിശോധിക്കാം. 1980 ഏപ്രില്‍ ആറിന് ആണ് ബി ജെ പി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. എന്നാല്‍ ബി ജെ പിയുടെ ആദ്യരൂപമായ ബി ജെ എസ് എന്ന ഭാരതീയ ജനസംഘം 1951 ല്‍ തന്നെ രൂപീകൃതമായിരുന്നു.

കോണ്‍ഗ്രസില്‍ നിന്ന് പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ പുലര്‍ത്തിയിര്‍ന്നവരാണ് ജനസംഘത്തിന്റെ തറക്കല്ലിട്ടത്. ഹിന്ദുത്വയിലും രാജ്യത്തിന്റെ സംസ്‌കാരത്തിന്റേയും സംരക്ഷണം എന്ന മുദ്രാവാക്യമുയര്‍ത്തി രൂപീകരിച്ച ജനസംഘത്തിന് ആര്‍ എസ് എസിന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍ തുടക്കകാലത്തൊന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ബി ജെ എസിന് സാധിച്ചില്ല.
1952 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് ലോക്സഭാ സീറ്റുകളില്‍ മാത്രമാണ് ജനസംഘത്തിന് വിജയിക്കാനായത്. 364 സീറ്റ് നേടി കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷം നേടിയ തെരഞ്ഞെടുപ്പായിരുന്നു അത്. 1975 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് എതിരെ മറ്റ് പാര്‍ട്ടികളെ പോലെ ജനസംഘവും പ്രതിഷേധിച്ചു. അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷം ചെറിയ പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് ജനസംഘം ജനതാ പാര്‍ട്ടി രൂപീകരിച്ചു.
1977 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി ചരിത്രം കുറിച്ചു. 295 സീറ്റ് നേടിയ ജനതാ പാര്‍ട്ടി മൊറാര്‍ജി ദേശായിയെ പ്രധാനമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര് കാരണം ജനതാ പാര്‍ട്ടിക്ക് ഭരണം നഷ്ടമായി. 1980 ല്‍ മൊറാര്‍ജി ദേശായി രാജിവെക്കേണ്ടിവരികയും പുതിയ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. അതേ വര്‍ഷം തന്നെ ജനതാ പാര്‍ട്ടി പിരിച്ചുവിട്ടു.
അതിലെ സമാന ചിന്താഗതിക്കാരായ നേതാക്കള്‍ വൈകാതെ തന്നെ ഏപ്രില്‍ ആറിന് ബി ജെ പി രൂപീകരിച്ചു. അടല്‍ ബിഹാരി വാജ്പേയി ആയിരുന്നു ആദ്യ പ്രസിഡന്റ്. എന്നാല്‍ രൂപീകരണത്തിന് ശേഷം ആദ്യമായി നേരിട്ട 1984 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പി ഞെട്ടി. വെറും രണ്ട് സീറ്റ് മാത്രമായിരുന്നു ബി ജെ പിക്ക് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. 414 സീറ്റുമായി കോണ്‍ഗ്രസ് അന്ന് അധികാരത്തില്‍ തിരിച്ചെത്തി.

എന്നാലും ആര്‍ എസ് എസ് പിന്തുണയോടെ ബി ജെ പി വൈകാതെ സ്വാധീനമുണ്ടാക്കാന്‍ തുടങ്ങി. 1990 കളിലെ രാമക്ഷേത്ര പ്രസ്ഥാനം ബി ജെ പിയുടെ വളര്‍ച്ചയെ തെല്ലൊന്നുമല്ല സഹായിച്ചത്. എങ്കിലും ഹിന്ദി ഹൃദയഭൂമിയ്ക്ക് അപ്പുറത്തേക്ക് ബി ജെ പിയുടെ വളര്‍ച്ചയുണ്ടായില്ല. 1989 ലെ പൊതുതിരഞ്ഞെടുപ്പില്‍ 85 സീറ്റ് നേടി ബി ജെ പി രാജ്യത്തെ മൂന്നാമത്തെ വലിയ കക്ഷിയായി ഉയര്‍ന്നു.
1992 ലെ ബാബ്‌റി മസ്ജിദ് തകര്‍ച്ച ബി ജെ പിക്ക് നേട്ടമായി. 1996 ലെ തെരഞ്ഞെടുപ്പില്‍ 161 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 13 ദിവസത്തേക്ക് വാജ്‌പേയ് പ്രധാനമന്ത്രിയായി. എന്നാല്‍ ഐക്യമുന്നണി ഭൂരിപക്ഷം തെളിയിച്ചതോടെ ദേവഗൗഡ പ്രധാനമന്ത്രിയായി. 1997 ല്‍ ഗുജ്‌റാളും പ്രധാനമന്ത്രിയായി. 1998-ല്‍ ബിജെപി 182 സീറ്റുകള്‍ നേടി. ടി ഡി പി പിന്തുണച്ചതോടെ വാജ്‌പേയ് വീണ്ടും പ്രധാനമന്ത്രിയായി.
എന്നാല്‍ 1999 ല്‍ എ ഐ എ ഡി എം കെ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് വാജ്പേയി സര്‍ക്കാര്‍ വീണു. 1999 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് വീണ്ടും ഭൂരിപക്ഷം ലഭിച്ചു. 182 സീറ്റ് നേടിയ ബി ജെ പി സഖ്യകക്ഷികളുടെ പിന്തുണയോടെ 299 സീറ്റുമായി ഭരിച്ചു. വാജ്‌പേയ് തന്നെയായിരുന്നു പ്രധാനമന്ത്രി. ബി ജെ പി ആദ്യമായി അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ സര്‍ക്കാരായിരുന്നു ഇത്.

2004 ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ നിന്ന് പുറത്തായി. കോണ്‍ഗ്രസില്‍ നിന്ന് വെറും ഏഴ് സീറ്റിന്റെ വ്യത്യാസമേ ബി ജെ പിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന പുറത്താക്കാന്‍ 53 സീറ്റ് നേടിയ സി പി എമ്മും സി പി ഐയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഒന്നാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ തുടക്കമായി.
ഇതിനിടെ ബി ജെ പിയില്‍ പതിയെ നേതൃമാറ്റവും വന്നു. വാജ്‌പേയില്‍ നിന്ന് എല്‍ കെ അദ്വാനി ബി ജെ പിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. എന്നാല്‍ 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ബി ജെ പിക്ക് സാധിച്ചില്ല. ആ തെരഞ്ഞെടുപ്പില്‍ 206 സീറ്റ് നേടിയ കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം വട്ടവും അധികാരത്തില്‍ എത്തി. ഇതിന് പിന്നാലെ 2012 ഓടെ ബി ജെ പി തന്ത്രങ്ങള്‍ മാറ്റി പരീക്ഷിക്കാന്‍ തുടങ്ങി.
എല്‍ കെ അദ്വാനി, സുഷമ സ്വരാജ് എന്നിവരില്‍ നിന്ന് പാര്‍ട്ടിയുടെ അധികാരം ഗുജറാത്തിലെ നരേന്ദ്ര മോദി - അമിത് ഷാ എന്നിവരിലേക്ക് എത്തി. ഇതാണ് ബി ജെ പിയുടെ ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയിലേക്ക് എത്തിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടി 2014 തെരഞ്ഞെടുപ്പില്‍ ബി ജെ പി മത്സരിച്ചു. അമിത് ഷാ ആയിരുന്നു ദേശീയ പ്രസിഡന്റ്.
ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പി 282 സീറ്റ് നേടി അധികാരത്തിലെത്തി. ഇതിന് പിന്നാലെയാണ് ഹിന്ദി ഹൃദയഭൂമിക്ക് അപ്പുറത്തേക്കും ബി ജെ പിയുടെ വളര്‍ച്ച ആരംഭിച്ചത്. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗവും ബി ജെ പി ജയിച്ചു. ഭൂരിപക്ഷം ലഭിക്കാത്തിടത്ത് പോലും അധികാരത്തിലെത്താന്‍ ബി ജെ പിക്ക് സാധിച്ചു. ഒറ്റ സീറ്റില്‍ പോലും ജയിക്കാതിരുന്ന ത്രിപുരയില്‍ 2018 ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തിലെത്തി.

കേരളത്തില്‍ 2016 ല്‍ ചരിത്രത്തിലാദ്യമായി ഒരു സീറ്റില്‍ ബി ജെ പിക്ക് ജയിക്കാനായി. പശ്ചിമ ബംഗാളിലെ മുഖ്യപ്രതിപക്ഷമാകാനും ബി ജെ പിക്ക് സാധിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി ജെ പി ജയം ആവര്‍ത്തിച്ചു. ഒറ്റക്ക് 303 സീറ്റ് നേടിയ ബി ജെ പി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോള്‍ 43-ാം സ്ഥാപക വര്‍ഷത്തില്‍ 2024 ലെ തിരഞ്ഞെടുപ്പിനുള്ള പണിപ്പുരയിലാണ് ബി ജെ പി.












Click it and Unblock the Notifications