ശേഷി കുറഞ്ഞ് ബിജെപി; നിതീഷ് പോകുമ്പോള്‍ ഡല്‍ഹിയില്‍ ഇളക്കം; ഇനി രക്ഷ 2 പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: നിതീഷ് കുമാര്‍ പോണെങ്കില്‍ പോട്ടെ എന്ന നിലപാടാണ് ബിജെപി ആദ്യം സ്വീകരിച്ചത്. മഹാരാഷ്ട്രയില്‍ ശിവസേനയെയും മധ്യപ്രദേശിലും കര്‍ണാടകയിലും കോണ്‍ഗ്രസിനെയും പിളര്‍ത്തിയ പോലെ ജെഡിയുവിനെ പിളര്‍ത്താനായിരുന്നുവത്രെ ബിജെപിയുടെ നീക്കം. ഇക്കാര്യം നിതീഷ് കുമാര്‍ അറിഞ്ഞതോടെയാണ് രണ്ടും കല്‍പ്പിച്ച് എന്‍ഡിഎ വിടാന്‍ തീരുമാനിച്ചത്.
ബിഹാറില്‍ ഭരണം നഷ്ടമായി എന്നത് മാത്രമല്ല, ജെഡിയു എന്‍ഡിഎ വിടുമ്പോള്‍ സംഭവിക്കുന്നത്. രാജ്യസഭയില്‍ എന്‍ഡിഎയുടെ അംഗങ്ങളിലും കുറവ് സംഭവിക്കും. വിവാദമായ പല ബില്ലുകളും പാസാക്കാന്‍ ബിജെപിക്കൊപ്പം നിന്ന ജെഡിയു ഇനി പ്രതിപക്ഷ ചേരിയിലേക്ക് മാറുമ്പോള്‍ ബിജെപിക്ക് മറ്റു ചിലരെ ആശ്രയിക്കേണ്ടിവരും....

ജെഡിയുവിന് രാജ്യസഭയില്‍ അഞ്ച് അംഗങ്ങളാണുള്ളത്. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് ജെഡിയു അംഗമാണ്. നിലവില്‍ എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ല. ലോക്‌സഭയിലുള്ള പോലെ രാജ്യസഭയിലും ഭൂരിപക്ഷം ലഭിച്ചാല്‍ ബിജെപിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമായിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പാര്‍ട്ടി എപ്പോഴും വളഞ്ഞ വഴിയാണ് സ്വീകരിക്കാറ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എന്‍ഡിഎ സഖ്യം വിടുന്ന നാലാമത്തെ പാര്‍ട്ടിയാണ് ജെഡിയു. മഹാരാഷ്ട്രയിലെ ശിവസേന, പഞ്ചാബിലെ ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ സഖ്യം വിട്ടത് മൂന്ന് വര്‍ഷത്തിനിടെയാണ്. ആന്ധ്രയിലെ തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു. ഇപ്പോള്‍ ജെഡിയുവും പുറത്തുപോയി.

ജെഡിയുവിന്റെ അഭാവത്തില്‍ മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളെ ബിജെപിക്ക് കൂടുതല്‍ ആശ്രയിക്കേണ്ടി വരും. ഒഡീഷയിലെ ബിജെഡി, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവരാണ് പതിവായി ബിജെപിയുടെ സഹായത്തിന് രാജ്യസഭയിലുണ്ടാകാറ്. ബില്ലുകള്‍ പാസാക്കുന്നതിന് ഇവരുടെ സഹായം ഇനി നിര്‍ബന്ധമായി മാറും.

രാജ്യസഭയില്‍ നിലവില്‍ 237 അംഗങ്ങളാണുള്ളത്. എട്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. നാല് സീറ്റുകള്‍ കശ്മീരില്‍ നിന്നും ഒന്ന് ത്രിപുരയില്‍ നിന്നും മൂന്നെണ്ണം നാമനിര്‍ദേശം ചെയ്യുന്നതും ഒഴിഞ്ഞുകിടക്കുന്നു. നിലവിലെ അംഗബലം നോക്കിയാല്‍ ഭൂരിപക്ഷം ലഭിക്കുന്നതിന് 119 അംഗങ്ങളുടെ പിന്തുണ വേണം. എന്‍ഡിഎയ്ക്ക് നിലവില്‍ 115 ആയിരുന്നു. ഇതില്‍ ജെഡിയു പുറത്തായതോടെ 110 ആയി കുറഞ്ഞു. അതായത് ഭൂരിപക്ഷത്തിന് ഒമ്പത് അംഗങ്ങളുടെ കുറവ്.

രാജ്യസഭയില്‍ നാല് സീറ്റുകള്‍ ബിജെപിക്ക് ലഭിക്കാന്‍ അവസരമുണ്ട്. മൂന്ന് പേരെ നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും. ത്രിപുരയിലെ ഒരു സീറ്റ് ബിജെപിക്ക് ഉറപ്പാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് ഈ ഒഴിവുകള്‍ ബിജെപി നികത്തും. ശേഷം ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് അംഗങ്ങളുടെ പിന്തുണ മതി. ജെഡിയു കൂടെയുണ്ടെങ്കില്‍ ആശ്വാസമാകുമായിരുന്നു.

ബിജെഡിക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിനും ഒമ്പത് വീതം അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ഇവര്‍ ഇതുവരെ ഒരു മുന്നണിക്കൊപ്പവും നിന്നിട്ടില്ല. സമ്മര്‍ദ്ദ ശക്തിയായി കാര്യങ്ങള്‍ നേടിയെടുക്കുകയാണ് പതിവ്. എന്നാല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ ഇവര്‍ ബിജെപിയെ പിന്തുണച്ചിരുന്നു. മാത്രമല്ല, ടിഡിപി, ശിരോമണി അകാലിദള്‍, ബിഎസ്പി എന്നിവരും ഇക്കാര്യത്തില്‍ ബിജെപിയെ പിന്തുണച്ചു.

ബിജെപിക്ക് മാത്രമായി രാജ്യസഭയില്‍ 91 അംഗങ്ങളുണ്ട്. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് നിര്‍ണായകമാകും. രാജ്യസഭയില്‍ എന്തുവില കൊടുത്തും എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനിടെയാണ് ബിഹാറില്‍ തിരിച്ചടിയുണ്ടായത്. ഇന്ന് ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്യും.












Click it and Unblock the Notifications