മമതയെ പൂട്ടാന്‍ ഉത്തരാഖണ്ഡ് മോഡല്‍, ബിജെപിയുടെ ചാണക്യ തന്ത്രം, മഹാരാഷ്ട്ര മോഡലില്‍ പൊളിച്ച് ദീദി
കൊല്‍ക്കത്ത: ഓരോ ചുവടും ബംഗാളില്‍ അതീവ സൂക്ഷ്മതയോടെ നീക്കുകയായിരുന്നു ബിജെപി. മമതയെ പൂട്ടാനുള്ള നീക്കങ്ങള്‍ അതിശക്തമായി ഒരുക്കുകയായിരുന്നു ബിജെപി. ഉത്തരാഖണ്ഡില്‍ തിരാത് സിംഗ് റാവത്തിനെ മാറ്റിയത് തന്നെ മമതയെ പൂട്ടാനുള്ള ലക്ഷ്യത്തിലായിരുന്നു. എന്നാല്‍ മമത ഈ നീക്കം മുന്നില്‍ കണ്ട് ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുകയാണ്. ബിജെപിയുടെ പ്ലാന്‍ പൊളിച്ചു എന്ന് തന്നെ പറയാം. സുവേന്ദു അടക്കമുള്ളവര്‍ ഇതിനെ എതിര്‍ത്ത് കഴിഞ്ഞു. കേന്ദ്ര നേതൃത്വം കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നാണ് സൂചന. ബംഗാളിലെ സാഹചര്യങ്ങള്‍ പരിശോധിക്കാം.

മമതയെ വീഴ്ത്താന്‍ എന്ത് കളിയും കളിക്കാനായി നില്‍ക്കുകയാണ് സുവേന്ദു. അമിത് ഷായുടെ ശക്തമായ പിന്തുണയും അദ്ദേഹത്തിനുണ്ട്. തിരാത് സിംഗിനെ മാറ്റിയതിലൂടെ മമതയെ നാണംകെടുത്തി പുറത്താക്കാനായിരുന്നു പ്ലാന്‍. മമത നന്ദിഗ്രാമില്‍ നിന്ന് പരാജയപ്പെട്ടതാണ്. അതുകൊണ്ട് നവംബറിലോ ഡിസംബറിലോ അവര്‍ ജനവിധി തേടി സഭയില്‍ എത്തണം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ആഗ്രഹമില്ലാതെ നില്‍ക്കുകയാണ്.

മമതയെ പരാജയപ്പെടുത്താന്‍ നില്‍ക്കുന്നതിന് മറ്റ് ചില കാരണങ്ങളുമുണ്ട്. മൂന്നാം മുന്നണിക്ക് എല്ലാ ആവേശവും നല്‍കുന്നത് മമതയാണ്. ബംഗാളിലെ വിജയമാണ് പ്രതിപക്ഷത്തെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്. മമതയെ തിരഞ്ഞെടുപ്പിന് ഇറക്കാതെ രാജിവെപ്പിച്ചാല്‍ തൃണമൂല്‍ ദുര്‍ബലമാവും. നിരവധി നേതാക്കള്‍ മമതയില്ലാതെ അവിടെ തുടരില്ല. പാര്‍ട്ടിക്കുള്ളില്‍ തന്നെ പുതിയൊരു നേതാവിനെ കൊണ്ടുവന്നാല്‍ വിഭാഗീയതയുണ്ടാവും. മുമ്പ് നിതീഷ് കുമാര്‍ ജിതന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയത് പോലെയാവും.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനം ധാര്‍മിക ബാധ്യത ഏറ്റെടുത്ത് നിതീഷ് കുമാര്‍ രാജിവെച്ചത്. പകരം ബീഹാര്‍ മുഖ്യമന്ത്രിയായി ജിതന്‍ റാം മാഞ്ചിയെത്തി. നിതീഷ് പറയുന്നത് നടപ്പാക്കുന്ന പാവയാണ് മാഞ്ചിയെന്ന് അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. പത്ത് മാസങ്ങള്‍ക്ക് ശേഷം മാഞ്ചിയോട് രാജിവെക്കാന്‍ ജെഡിയു ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയിരുന്നില്ല. ഒടുവില്‍ മാഞ്ചി പാര്‍ട്ടിക്ക് പുറത്തായി. ഒടുവില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടി വരികയായിരുന്നു.

മമതയെ പൂട്ടിയാല്‍ ഇത്തരമൊരു സ്ഥിതി തൃണമൂലിനും ഉണ്ടാവും. തൃണമൂല്‍ ദുര്‍ബലമായാല്‍ മൂന്നാം മുന്നണിയെന്ന ആശയം നടക്കില്ല. ഉത്തര്‍പ്രദേശും ബംഗാളുമാണ് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന സംസ്ഥാനമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഇടങ്ങള്‍. ഇതില്‍ ബംഗാള്‍ മോദി തരംഗത്തിലും അടിതെറ്റാത്ത ഇടമാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം മമതയ്ക്ക് നഷ്ടമായാല്‍ തൃണമൂലിനെ പിളര്‍ത്താന്‍ ബിജെപിക്ക് സാധിക്കും. സുവേന്ദു അടുത്തിടെ പ്രമുഖരെ കാണുന്നതെല്ലാം ഈ ലക്ഷ്യത്തിനായിട്ടാണ്. അമിത് ഷായുടെ തന്ത്രങ്ങളും പിന്നിലുണ്ട്.

ഉത്തരാഖണ്ഡില്‍ തിരാത് സിംഗ് രാജിവെച്ചപ്പോള്‍ തന്നെ മമത ഈ അപകടം മണത്തിരുന്നു. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രമേയത്തിലൂടെ കൊണ്ടുവന്നിരിക്കുകയാണ് മമത. 196 പേരുടെ പിന്തുണയോടെ മമത ഇതിനായുള്ള ബില്‍ പാസാക്കി. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ നിയമസഭയിലെത്തിയത് ഇത്തരത്തിലാണ്. മഹാരാഷ്ട്ര മോഡല്‍ തന്ത്രാണ് മമത പയറ്റിയത്. ഇതിന് പിന്നില്‍ ശരത് പവാറിന്റെ ചാണക്യ തന്ത്രമുണ്ടെന്നാണ് സൂചന. ഇതിന് നിയമ സാധ്യതയില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്.

അതേസമയം തടസ്സങ്ങള്‍ ഇനിയും മമതയ്ക്ക് മുന്നിലുണ്ട്. ഈ നീക്കം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്. ഒരു നാമനിര്‍ദേശ സഭ രൂപീകരിക്കണമെങ്കില്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്. ഇത് കേന്ദ്രം തള്ളിയാല്‍ മമതയ്ക്ക് വലിയ പ്രതിസന്ധി മുന്നിലുണ്ട്. നവംബറിനുള്ളില്‍ ഇത് നിലവില്‍ വന്നില്ലെങ്കില്‍ മമത പടിയിറങ്ങേണ്ടി വരും. 1996ല്‍ ഇടത് സര്‍ക്കാരാണ് വിധാന്‍ പരിഷത്ത് വേണ്ടെന്ന് തീരുമാനിച്ച് റദ്ദാക്കിയത്. അതുകൊണ്ട് നാമനിര്‍ദേശ അംഗങ്ങള്‍ സഭയില്‍ ഇല്ലായിരുന്നു.
Recommended Video

ഇനി കേന്ദ്രം ഇതൊക്കെ അംഗീകരിച്ചാലും മമതയ്ക്ക് മുന്നില്‍ പ്രശ്‌നങ്ങളുണ്ട്. ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാനേ മമതയ്ക്കും തൃണമൂലിനും സാധിക്കൂ. അത് ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ വൈകിപ്പിക്കാം. ഇത് മഹാരാഷ്ട്രയില്‍ നടന്നിട്ടുണ്ട്. ഗവര്‍ണറുമായി പോര് തുടരുന്ന മമതയ്ക്ക് ഇതും ഭീഷണിയാണ്. എന്നാല്‍ കേന്ദ്രം ഇത് തള്ളാന്‍ സാധ്യതയുണ്ടെങ്കിലും മമതയുടെ ആവശ്യം ന്യായമാണ്. കോടതിയെ സമീപിക്കാനും മമത തയ്യാറായേക്കും. നാമനിര്‍ദേശ സഭ ഉണ്ടായില്ലെങ്കില്‍ മമത രാജിവെക്കേണ്ടി വരും. വീണ്ടുമൊരിക്കല്‍ സത്യപ്രതിജ്ഞ ചെയ്താല്‍ അത് കോടതിയിലും ചോദ്യം ചെയ്യപ്പെടാം.












Click it and Unblock the Notifications