2024 ലെ ലോക്സഭ തിരഞ്ഞെടുപ്പോടെ ബിഹാറില്‍ നിന്നും ബിജെപി തുടച്ച് നീക്കപ്പെടും: നിതീഷ് കുമാർ
ഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. രാജ്യത്തിന്റെ പുരോഗതിക്കായാണ് നാമെല്ലാവരും ഒരുമിച്ചിരിക്കുന്നത്. ബിജെപിയുമായി സഖ്യത്തിലുള്ള പല പാർട്ടികളും ഇപ്പോള്‍ പേടിച്ചിട്ടാണ് അവിടെ തുടരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ അവർ ഞങ്ങൾക്കൊപ്പം വരുമെന്നും നിതീഷ് കുമാർ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
" 2024, 2025 തെരഞ്ഞെടുപ്പുകളിൽ ബിഹാറിൽ നിന്ന് ബി ജെ പി തുടച്ചുനീക്കപ്പെടും, കഴിഞ്ഞ തവണ ഒരു ഏജന്റിനെ (ചിരാഗ് പാസ്വാൻ) ഇറക്കിയാണ് ഞങ്ങളുടെ പാർട്ടിയെ പരാജയപ്പെടുത്തിയത്," നിതീഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "പാർലമെന്റ് പ്രവർത്തിക്കുന്നു, എന്നാൽ നിങ്ങൾ പുറത്ത് കറങ്ങുകയാണ്" എന്നും അവിശ്വാസ പ്രമേയ ചർച്ചയുടെ ആദ്യ രണ്ട് ദിവസങ്ങളിൽ പാർലമെന്റിൽ ഇല്ലാതിരുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ബീഹാർ മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം രീതികളായിരുന്നോ നേരത്തെ പാർലമെന്റില്‍ നടന്നത്. ഞങ്ങൾ അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ കാലത്ത് എംപിമാരായിരുന്നിട്ടുണ്ട്. അന്ന് ഇതായിരുന്നില്ല സ്ഥിതി. ഞങ്ങൾ സഭയ്ക്കുള്ളിൽ തന്നെ തുടരുകയും നടപടിക്രമങ്ങളിൽ ശ്രദ്ധ ചെലുത്തുകയും ചെയ്യുകയുമായിരുന്നു, എന്നാൽ ഇന്ന് അവർ അങ്ങനെ ചെയ്യുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പാർലമെന്റ് നടപടികളുടെ നിലവിലെ രീതിയെയും ചോദ്യം ചെയ്തു.
"ഇപ്പോൾ ടിവിയിലൂടെ കാണിക്കുന്നത് ഒരു വശം മാത്രമാണ്. മറ്റുള്ളവർ എന്ത് പറഞ്ഞാലും അത് പുറത്ത് വരുന്നില്ല. അവരുടെ അഭിപ്രായം മുന്നോട്ട് വയ്ക്കുന്നത് പ്രതിപക്ഷത്തിന്റെ അവകാശമാണ്, അവർ അത് ചെയ്യുന്നു," ലോക്സഭ ടിവിയില്‍ നിന്നും പ്രതിപക്ഷത്തിന്റെ ഭാഗങ്ങള്‍ ഒഴിവാക്കുന്നത് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
2005ലെ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചു. ഞങ്ങൾക്ക് എത്ര വോട്ട് ലഭിച്ചു, ബിജെപിക്കാർക്ക് എത്ര വോട്ട് ലഭിച്ചു എന്ന് നോക്കണം. 2010 ൽ എന്താണ് സംഭവിച്ചത്, ഞങ്ങൾക്ക് 118 സീറ്റ് ലഭിച്ചു. അവർക്ക് എത്ര സീറ്റ് ലഭിച്ചു. ആർക്കാണ് സീറ്റ് കുറവ്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ ബിജെപിക്കൊപ്പമായിരുന്നപ്പോൾ ജെ ഡി യു 25 സീറ്റുകളിൽ മത്സരിച്ച് 20 സീറ്റുകളിലും ബി ജെ പി 15 സീറ്റുകളിൽ മത്സരിച്ച് 12 സീറ്റുകളിലും വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.
2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നില്‍ക്കുന്നതില്‍ കേന്ദ്രം ആശങ്കാകുലരാണെന്ന് തോന്നുന്നു. 2024 ല്‍ ബിഹാറില്‍ മാത്രമല്ല, സംസ്ഥാനത്തിന് പുറത്തും സഖ്യത്തിന് മികച്ച രീതിയില്‍ പോരാടാന്‍ സാധിക്കും. മിക്ക സംസ്ഥാനങ്ങളിലും ശക്തമായ പ്രതിപക്ഷ സഖ്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications