ബിജെപിക്ക് ലഭിക്കുക വെറും 220 സീറ്റുകൾ മാത്രം,കേരളത്തിലും തമിഴ്നാട്ടിലും നിലംതൊടില്ല;പരകാല പ്രഭാകർ
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍റെ പങ്കാളിയുമായ പരകാല പ്രഭാകര്‍. എല്ലാ സ്വേച്ഛാധിപതികളും കൈവിലങ്ങുകളിലോ ശവപ്പെട്ടികളിലോ ആണ് അവസാനിച്ചിട്ടുള്ളതെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 220 സീറ്റിന് മുകളിൽ നേടാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ കടുത്ത വിമർശകനാണ് പ്രഭാകർ. ദി വയറിന് വേണ്ടി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ബി ജെ പിക്ക് 200-220 നും ഇടയിൽ സീറ്റുകൾ മാത്രമാണ് ലഭിക്കുക. എൻ ഡി എ സഖ്യത്തിന് കേവല ഭൂരിപക്ഷം നേടാൻ സാധിക്കില്ല', അദ്ദേഹം പറഞ്ഞു. ബി ജെ പി മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെങ്കില്‍ നരേന്ദ്ര മോദിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ലോകചരിത്രം നോക്കുകയാണെങ്കില്‍ മിക്കവാറും എല്ലാ സ്വേച്ഛാധിപതികളും അവസാനിച്ചിട്ടുള്ളത് കൈവിലങ്ങുകളിലോ ശവപ്പെട്ടിയിലോ ആയിരുന്നുവെന്ന് അദ്ദേഹം മറുപടി നൽകി.ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പിറ്റേന്ന് ജൂണ്‍ 5ന് തന്നെ ബിജെപി ഇതര സർക്കാർ ഭരണത്തിലേറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിൽ മാത്രം 80 മുതൽ 95 സീറ്റുകൾ വരെ ബി ജെ പിക്ക് നഷ്ടമാകുമെന്നും അദ്ദേഹം പ്രവചിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയും മോദിയും വീണ്ടും അധികാരത്തിലേറിയാൽ ഇന്ത്യയുടെ ഭൂപടം തന്നെ മാറുമെന്ന് നേരത്തേ പ്രഭാകർ മുന്നറിയിപ്പ് നൽകിയിരുന്നു. മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ലഡാക്ക്-മണിപ്പൂർ പോലെയുള്ള ഒരു സാഹചര്യം രാജ്യത്ത് ഉടലെടുക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ ഇത്തവണ ബി ജെ പിക്ക് തിരിച്ചടിയാകും. ഹിന്ദുത്വയും വർഗീയതും ബിജെപിക്ക് ക്ഷീണം വരുത്തും. രാമക്ഷേത്രം ബി ജെ പി പ്രതീക്ഷിച്ചത് പോലുള്ളൊരു ഫലം അവർക്ക് നൽകിയിട്ടില്ല', അദ്ദേഹം പറഞ്ഞു.
ബി ജെ പി വളരെ പ്രതീക്ഷ പുലർത്തുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമായ തെലങ്കാനയിലടക്കം വലിയ മുന്നേറ്റം അവർക്ക് ഉണ്ടാക്കാൻ സാധിക്കില്ല. നാല് സീറ്റ് നിലനിർത്താൻ സാധിച്ചേക്കും. പക്ഷേ ആന്ധ്രാപ്രദേശിൽ ഒരു സീറ്റിനുള്ള സാധ്യത മാത്രമേ ഉള്ളൂ. തമിഴ്നാട്ടിലോ കേരളത്തിലോ ബി ജെ പിക്ക് ഒരു സീറ്റ് പോലും നേടാൻ സാധിക്കില്ല. കർണാടകയിൽ വലിയ നഷ്ടം ബി ജെ പിക്ക് സംഭവിക്കും. 12 നും 15 നും ഇടയിൽ സീറ്റ് മാത്രമേ അവർക്ക് നേടാൻ സാധിക്കുകയുള്ളൂ', പരക്കാല പ്രവചിച്ചു.












Click it and Unblock the Notifications