തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. ശനിയാഴ്‌ച രാവിലെയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. പടക്ക നിർമ്മാണത്തിന്റെ ഭാഗമായി രാസവസ്‌തുക്കൾ കലർത്തുന്ന പ്രക്രിയയ്ക്കിടെയാണ് സ്ഫോടനം നടന്നതെന്നാണ് സംശയിക്കുന്നു. ഇതാണ് ആറ് തൊഴിലാളികളുടെ മരണത്തിലേക്ക് നയിച്ചത്.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പടക്ക നിർമ്മാണ യൂണിറ്റിനുള്ളിലെ മൂന്ന് വർക്കിംഗ് ഷെഡുകളും തകർന്നുവീഴുകയുണ്ടായി. വിരുദുനഗർ ജില്ലയിലെ സത്തൂർ താലൂക്കിലെ അപ്പയ്യാനിക്കൻപട്ടി ഗ്രാമത്തിലാണ് അപകടമുണ്ടായ സായ്‌നാഥ് പടക്കനിർമാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ അഗ്നിശമനാസേന അങ്ങോട്ടേക്ക് കുതിച്ചെത്തിയിരുന്നു.

തൊഴിലാളികളിൽ ആരെങ്കിലും അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയിട്ടുണ്ടോ എന്നതിന്റെ തിരച്ചിൽ തുടരുകയാണ് ഇവിടെ. സ്‌ഫോടനത്തിന് പിന്നാലെ വലിയ രീതിയിൽ തീ ആളിക്കത്തിയിരുന്നു. വിരുദുനഗർ, സത്തൂർ, അറുപ്പുകോട്ടൈ എന്നീ മേഖലകളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റുകൾ അപകട സ്ഥലത്തേക്ക് എത്തിയിരുന്നു.
ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ആറ് പുരുഷന്മാരുടെ മൃതദേഹങ്ങൾ അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ പേർ അപകടത്തിൽപെട്ടിട്ടുണ്ടോ എന്ന സംശയം ഉള്ളതിനാലാണ് സ്ഥലത്ത് തിരച്ചിൽ തുടരുന്നത്. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി വിരുദുനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.
വേൽമുരുകൻ, നാഗരാജ്, കണ്ണൻ, കാമരാജ്, ശിവകുമാർ, മീനാക്ഷിസുന്ദരം എന്നിവരാണ് സ്‌ഫോടനത്തിൽ വെന്തുമരിച്ചത്. കൂടാതെ 90 ശതമാനം പൊള്ളലേറ്റ മറ്റൊരാളെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹം അതീവ ഗുരുതര സാഹചര്യത്തിൽ ചികിത്സയിൽ തുടരുകയാണ്.
അതേസമയം, വാക്കക്കരപ്പട്ടി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെൻട്രൽ എക്‌സ്‌പ്ലോസീവ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് (സിഇഡി) ലൈസൻസുള്ള ഈ ഫാക്‌ടറിയിൽ 35 മുറികളിലായി 80ലധികം തൊഴിലാളികൾ ഫാൻസി പടക്കങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപിക്കുന്നത്.
തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ പടക്ക നിർമ്മാണ ശാലകളിൽ സ്ഫോടനം നടക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സേലത്ത് ഉണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്ക് പറ്റുകയും ചെയ്‌തിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് അടുത്തിടെ ഉണ്ടായത്.
മാത്രമല്ല ഇപ്പോൾ ആറ് പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനം നടന്ന വിരുദുനഗറിലും നേരത്തെ സ്ഫോടനം നടന്നിരുന്നു. വിരുദുനഗർ ജില്ലയിലെ സത്തൂരിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് കേടുപാടുകൾ സംഭവിച്ചിരുന്നു. മൂന്ന് മാസം മുൻപ് നടന്ന സംഭവത്തിൽ ഭാഗ്യവശാൽ ആർക്കും പരിക്കേറ്റിരുന്നില്ല.












Click it and Unblock the Notifications