ദില്ലയിലെ കോടതിയില്‍ സ്‌ഫോടനം; നടപടികള്‍ നിര്‍ത്തിവച്ചു, 6 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി
ദില്ലി: ദില്ലിയിലെ കോടതിയില്‍ സ്‌ഫോടനം നടന്നായി റിപ്പോര്‍ട്ട്. രോഹണിയിലെ കോടതിയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയിലെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ചതാകാമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ 10.40നാണ് സ്ഫോടനത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. കോടതിയിലെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

രോഹിണി കോടതിക്കുള്ളില്‍ സ്ഫോടനം നടന്നതായി രാവിലെ 10.40ഓടെ ഫോണ്‍ വിളിച്ചതായി അഗ്‌നിശമനസേന അറിയിച്ചു. രാവിലെ 1030 ഓടെ രോഹിണി കോടതി സമുച്ചയത്തില്‍ ലാപ്ടോപ്പ് ബാഗില്‍ ചെറിയ സ്ഫോടനം ഉണ്ടായെന്ന് ഡല്‍ഹി പോലീസ് വക്താവ് ചിന്‍മോയ് ബിസ്വാള്‍ പറഞ്ഞു. സ്ഥലത്ത് പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഫോറന്‍സിക്, എന്‍എസ്ജി ടീമുകള്‍ ഇത് പരിശോധിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ട്രാഫിക് സംബന്ധമായ കേസുകള്‍ പരിഗണിക്കുന്ന മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന്റെ 102-ാം നമ്പര്‍ കോടതി മുറിയിലാണ് സ്ഫോടനം നടന്നതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. ലാപ്ടോപ്പ് ബാഗിനുള്ളില്‍ എന്തോ ഉണ്ടായിരുന്നു അത് കോടതിക്കുള്ളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ ആഘാതമാണ് പൊട്ടിത്തെറി ഉണ്ടാക്കിയത്. സുല്‍ത്താന്‍പുരി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രാജീവ് കുമാറിനാണ് പരിക്കേറ്റതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അദ്ദേഹത്തെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. സെപ്റ്റംബറില്‍, അഭിഭാഷകരായി വേഷമിട്ട രണ്ട് ആയുധധാരികള്‍, രോഹിണി ജില്ലാ കോടതിക്കുള്ളില്‍ ഗുണ്ടാസംഘം ജിതേന്ദര്‍ മാന്‍ എന്ന ഗോഗിയെ വെടിവച്ചു കൊന്നിരുന്നു. ഗോഗിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇവര്‍ വെടിയുതിര്‍ത്തത്.












Click it and Unblock the Notifications