സിദ്ധരാമയ്യയെകുറിച്ചുളള പുസ്തകം വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്ന് സര്‍ക്കാര്‍;എതിര്‍പ്പുമായി ബിജെപി
ബെംഗളൂരു: കര്‍ണ്ണാടകയിലെ എല്ലാ സര്‍ക്കാര്‍ സര്‍ക്കാര്‍ അണ്‍ എയ്ഡഡ് സ്കൂള്‍ ലൈബ്രറികളിലും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകം നിര്‍ബന്ധമാക്കി. പുസ്തകത്തിന്റെ രണ്ടു കോപ്പികളെങ്കിലും ഒാരോ സ്കുൂളും സൂക്ഷിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് പൊതുമരാമത്ത് വകുപ്പ് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
'ഇട്ടഗുരി ദിട്ട ഹെജ്ജേ' എന്ന കന്നട പുസ്തകമാണ് മുഖ്യമന്ത്രിയുടെ നേട്ടങ്ങള്‍ വിലയിരുത്തുന്നത്. വളര്‍ന്നു വരുന്ന തലമുറകള്‍ക്കിടയില്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സിദ്ധരാമയുടെ മികച്ച ഭരണവും നിഷ്പക്ഷതയുമൊക്കെ പ്രതിപാദിക്കുന്ന ചാപ്റ്ററുകള്‍ ഉള്‍പ്പെടുന്ന പുസ്തകമാണിത്.

ജനങ്ങളോടുളള സിദ്ധരാമയ്യയുടെ സമീപനവും പ്രത്യയ ശാസ്ത്രങ്ങളും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. പുസ്തകത്തിലെ ഒരു ചാപ്റ്ററില്‍ എഴുത്തുകാരനും വാഗ്മിയുമായിരുന്ന ഷാ ഹി മരുളയ്യ കര്‍ണ്ണാടകയുടെ എട്ടാമത് മുഖ്യമന്ത്രി ദേവരാജ് അരശിനോടാണ് സിദ്ധരാമയ്യയെ സാമ്യപ്പെടുത്തുന്നത്. പുസ്തകം വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പഠിക്കണമെന്നില്ലെന്നും പഠന മാധ്യമമായി ഉപയോഗിക്കാനാണ് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നുമാണ് വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സേത്ത് വ്യക്തമാക്കിയിട്ടുളളത്. പുസ്തകത്തിന്റെ അച്ചടി 80 ശതമാനം പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു.
ഏതായാലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ വാഴ്ത്തുന്ന പുസ്തകം എങ്ങനെയാണ് കുട്ടികളുടെ അറിവ് വര്‍ദ്ധിപ്പിക്കുകയെന്നാണ് നേതാക്കള്‍ ചോദിക്കുന്നത്. പുസ്തകം കൊണ്ടു നേട്ടമുണ്ടാക്കുന്നത് പ്രസാധകരോ അതോ മുഖ്യമന്ത്രിയോ എന്നും നേതാക്കള്‍ ചോദിക്കുന്നു. പഠന മാധ്യമമായി ഉപയോഗിക്കാന്‍ വേറെ എത്രപുസ്തകങ്ങളുണ്ടെന്നാണ് അടുത്ത ചോദ്യം. വിഷയം നിയമ സഭയില്‍ അവതരിപ്പിക്കാനാണ് തീരുമാനമെന്നും ബിജെപി വക്താവ് എസ് പ്രകാശ് പറഞ്ഞു.












Click it and Unblock the Notifications