മോഷണകുറ്റത്തിന് പിടിയിലായ കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ ചങ്ങലക്കിട്ടു
ഹൈദരാബാദ്: മാല മോഷ്ടിച്ചുവെന്നാരോപിച്ച് പതിമൂന്നുവയസ്സുകാരനെ പോലീസ് സ്റ്റേഷനില്‍ അഞ്ചുദിവസത്തോളം കാലില്‍ ചങ്ങലയിട്ട് കെട്ടിയിട്ടു.
ആന്ധ്രയിലെ പ്രകാസം ജില്ലയിലെ വേട്ടപാലം പോലീസ് സ്റ്റേഷനിലാണ് കുട്ടി ക്രൂരമായി തടവിലാക്കപ്പെട്ടത്. കുട്ടിയുടെ ഇടതു കാലില്‍ വിലങ്ങിട്ട് ആ വിലങ്ങില്‍ ചങ്ങലയിട്ട് ജനാലയില്‍ കെട്ടിയിടുകയായിരുന്നു. പോലീസ് സ്റ്റേഷനകത്ത് വെറും നിലത്തിരുന്ന് കുട്ടി കരയുന്ന ദൃശ്യങ്ങളാണ് ദേശീയ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കുട്ടി പഴയ വസ്തുക്കള്‍ പെറുക്കിവിറ്റ് കഴിയുന്നവനാണെന്നും, അതുകൊണ്ടുതന്നെ സ്ഥിരം മോഷ്ടാവാണെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ ഒരു കോണ്‍സ്റ്റബിള്‍ മാത്രമേ ഉണ്ടായിരുന്നുവെന്നും അയാള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ കുട്ടി ഓടിപ്പോകാതിരിക്കാനാണ് ചങ്ങലക്കിട്ടതെന്നും പോലീസ് വിശദീകരിക്കുന്നു.
അഞ്ചുദിവസമായി കുട്ടി പോലീസ് സ്റ്റേഷനില്‍ ചങ്ങലയിലാണ് എന്ന വാര്‍ത്തയും ജില്ലാ പോലീസ് സൂപ്രണ്ട് നിഷേധിച്ചു. ഇന്നലെയാണ് കുട്ടിയെ പിടിച്ചതെന്നും ജൂവലറിയില്‍ നിന്ന് നഷ്ടപ്പെട്ട മാല കുട്ടിയില്‍ നിന്ന് കണ്ടെടുത്തെന്നും അദ്ദേഹം പറയുന്നു. എന്തായാലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications