കോണ്‍ഗ്രസിന്റെ ടാക്റ്റിക്കല്‍ മൂവ്; ഇത് കൈവിട്ട കളി, രാഷ്ട്രീയം മാറ്റിവച്ച് പരീക്ഷണം, 2 പരിഗണന മാത്രം
മുംബൈ: പതിവ് മുഖങ്ങള്‍ക്കും പതിവ് രീതികള്‍ക്കും ഇനി വിജയം കൊണ്ടുവരാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. വര്‍ഷങ്ങളായി ഒരേ നേതാക്കളും ഒരേ തിരഞ്ഞെടുപ്പ് രീതികളുമാണ് കോണ്‍ഗ്രസ് പ്രയോഗിക്കുന്നത്. എന്നാല്‍ പിന്നീട് വന്ന ബിജെപിയടക്കമുള്ള കക്ഷികള്‍ വേറിട്ട പരീക്ഷണങ്ങളും പുതുമുഖങ്ങളെയും വച്ച് ഭരണം പിടിച്ച് മികച്ച പ്രകടനം നടത്തുന്നു.
ഈ സാഹചര്യത്തില്‍ അടിമുടി മാറ്റം വേണമെന്ന് നേതാക്കള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കോണ്‍ഗ്രസില്‍ കാതലായ മാറ്റങ്ങള്‍ വന്നേക്കുമെന്നാണ് വിവരം. മുംബൈ കോര്‍പറേഷന്‍ (ബിഎംസി) തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനാണ് പുതിയ തന്ത്രങ്ങള്‍ ആലോചിക്കുന്നത്. വേറിട്ട രീതിയാണ് കോണ്‍ഗ്രസ് പയറ്റാന്‍ പോകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

രാജ്യത്തെ പ്രധാന കോര്‍പറേഷനുകളില്‍ ഒന്നാണ് ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ അഥവാ ബിഎംസി. 227 സീറ്റുള്ള ഈ കോര്‍പറേഷനാണ് രാജ്യത്തെ ഏറ്റവും സമ്പന്നമായ കോര്‍പറേഷന്‍. വാര്‍ഷിക ബജറ്റ് ചില സംസ്ഥാനങ്ങളോട് കിടപിടിക്കുന്നതാണ്. ശിവസേനയാണ് നിലവില്‍ ഭരിക്കുന്നത്. മാസങ്ങള്‍ മാത്രമാണ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന് ബാക്കി. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. കാലേകൂട്ടി പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനം.

സാധാരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്ന നിലയിലാണ് മല്‍സരിക്കാറ്. നേതാക്കള്‍ ഏറെയുണ്ടെങ്കിലും ആരെയും മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിടാറില്ല. മിക്ക നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ രീതി അതായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം സംസ്ഥാനത്തെയും ഹൈക്കമാന്റിന്റെയും ചര്‍ച്ചകള്‍ക്ക് ശേഷം നേതാവിനെ തീരുമാനിക്കും. ഈ രീതി ഇത്തവണ മാറും.

മുംബൈ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആരാണ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി എന്ന് നേരത്തെ പ്രഖ്യാപിക്കണമെന്ന് പാര്‍ട്ടി നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ആ വ്യക്തിയെ മുന്നില്‍ നിര്‍ത്തി വേണം ഇത്തവണ തിരഞ്ഞെടുപ്പ് നേരിടാന്‍. ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് ആകര്‍ഷണം തോന്നുന്ന വ്യക്തിയെ വേണം മുന്നില്‍ നിര്‍ത്താന്‍.
ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

മൂന്ന് പേരുകളാണ് മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ആലോചിക്കുന്നതത്രെ. നടനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ മകനുമായ റിതീഷ് ദേഷ്മുഖ് ആണ് ഒന്ന്. മോഡലും ബോഡി ഫിറ്റ്‌നസ് രംഗത്ത് ശ്രദ്ധിക്കപ്പെട്ട വ്യക്തിയുമായ മിലിന്ത് സോമന്‍, ജനോപകാര പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ സോനു സൂദ് എന്നിവരാണ് മറ്റുള്ളവര്‍.

മുംബൈ കോണ്‍ഗ്രസ് സെക്രട്ടറി ഗണേഷ് യാദവിന്റെ നേതൃത്വത്തിലാണ് സംസ്ഥാന നേതാക്കള്‍ക്ക് സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. യുവാക്കളെ ആകര്‍ഷിക്കാനുള്ള ഒട്ടേറെ നിര്‍ദേശങ്ങളും 25 പേജടങ്ങുന്ന റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ രംഗത്ത് കണ്ടു പരിചയമുള്ള വ്യക്തികളെ മാറ്റി പുതുമുഖം മേയല്‍ പദവിയിലെത്തുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി എച്ച്‌കെ പാട്ടില്‍ വരുംദിവങ്ങളില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് മേയര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണം. രാഷ്ട്രീയ മുഖമല്ലാത്തതും എന്നാല്‍ ജനകീയനുമായ വ്യക്തിയെ മേയറാക്കണം. യുവജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വ്യക്തിയാകണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് ഭായ് ജഗദീപുമായി ആദ്യം വിഷയം ചര്‍ച്ച ചെയ്യും. യുവജനങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതല്‍ ഇടം നല്‍കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ശിവസേനയുമായി സഖ്യമുണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ ധാരണ വേണം. അത് തിരഞ്ഞെടുപ്പിലേക്ക് നീട്ടിവയ്ക്കരുതെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.












Click it and Unblock the Notifications