പൗരത്വ നിയമം: തിരഞ്ഞെടുപ്പില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം; കേന്ദ്രത്തിനെതിരെ പ്രതിപക്ഷം
ന്യൂഡല്‍ഹി: പൗരത്വ നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരും ബിജെപിയും ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പൗരത്വ നിയമ വിജ്ഞാപനമിറക്കിയ സമയത്തെയാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഈ നിയമം കൊണ്ടുവന്നത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ്. പശ്ചിമ ബംഗാളിനെയും അസമിനെയും പോലുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

2019 ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണിത്. ന്നൊല്‍ നാല് വര്‍ഷവും മൂന്ന് മാസവും എടുത്താണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നതായി മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഒന്‍പത് തവണയാണ് വിജ്ഞാപനം ചെയ്യുന്നത് കേന്ദ്രം നീട്ടിക്കൊണ്ടുപോയത്.
എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രഖ്യാപനം നടത്തിയത് തിരഞ്ഞെടുപ്പില്‍ ഭിന്നിപ്പുണ്ടാക്കാനാണെന്ന് വ്യക്തമാണെന്നും രമേശ് പറഞ്ഞു. അതേസമയം ബിജെപിയുടെ തിരഞ്ഞെടുപ്പ് പബ്ലിസിറ്റിയാണിത്. ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ഈ നിയമം എങ്കില്‍ അതിനെതിരെ പോരാടുമെന്നും മമത പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള വിവേചനമുണ്ടെങ്കില്‍ അംഗീകരിക്കില്ലെന്നും മമത വ്യക്തമാക്കി.
മതം ജാതി, ഭാഷാപരമായ വിവേചനങ്ങള്‍ പൗരത്വ നിയമം നടപ്പിലാക്കുമ്പോള്‍ ഉണ്ടെങ്കില്‍ അത് നടപ്പാക്കാന്‍ അനുവദിക്കില്ല. രണ്ട് ദിവസത്തിനുള്ളില്‍ പൗരത്വം കേന്ദ്രം ആര്‍ക്കും നല്‍കാന്‍ പോകുന്നില്ല. ഇത് ജനങ്ങളെ കാണിക്കാനുള്ള പബ്ലിസിറ്റിയാണെന്നും മമത പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തിരക്കിട്ട് വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു മമതയുടെ വിമര്‍ശനം.
നാല് വര്‍ഷത്തോളം നിയമം നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ രണ്ടോ മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രഖ്യാപനം നടത്തിയത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്നും മമത ആരോപിച്ചു. 2019 ഡിസംബറിലാണ് സിഎഎ പാര്‍ലമെന്റില്‍ പാസാക്കിയത്. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗത്തും നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിജെപി ശ്രദ്ധ തിരിക്കാന്‍ വേണ്ടി ചെയ്ത കാര്യമാണ് സിഎഎയുടെ പ്രഖ്യാപനമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
ഉപജീവന മാര്‍ഗം തേടി ജനങ്ങള്‍ അലയുമ്പോഴാണ് പൗരത്വ നിയമം കേന്ദ്രം നടപ്പാക്കുന്നത്. ജനങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയം മനസ്സിലായിട്ടുണ്ടെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു. ബിജെപി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണകാലയളവില്‍ ലക്ഷകണക്കിന് പൗരന്മാരാണ് പൗരത്വം ഉപേക്ഷിച്ച് പോയത്. അക്കാര്യം അവര്‍ ആദ്യം വിശദീകരിക്കട്ടെയെന്നും അഖിലേഷ് പറഞ്ഞു.












Click it and Unblock the Notifications