അസമില്‍ പുതിയ വിമാനത്താവളം വരുന്നു; കേന്ദ്രാനുമതി കിട്ടി, 2014 കോടി ചെലവ്, 5 സംസ്ഥാനങ്ങള്‍ക്ക് നേട്ടം
അസമിലെ സില്‍ച്ചാറില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. 2014 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി അഞ്ച് സംസ്ഥാനങ്ങള്‍ക്ക് നേട്ടമാകും. അസമിന് പുറമെ, മിസോറാം, ത്രിപുര, നാഗാലാന്റ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നേട്ടമാകുക. ഇവിടേക്കു അതിവേഗം എത്താനുള്ള മാര്‍ഗമായി മാറും ഈ വിമാനത്താവളം.
കൂടാതെ, ചരക്കുനീക്കം അതിവേഗത്തിലാകും. ടൂറിസ്റ്റുകള്‍ക്കും ഉപയോഗപ്പെടുത്താം. സൈനിക ആവശ്യങ്ങള്‍ക്കും ഈ വിമാനത്താവളം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. സില്‍ച്ചാറിലെ ദുലൂ പ്രദേശത്താണ് പുതിയ വിമാനത്താവളം വരുന്നത്. മേഖലയില്‍ മണ്ണിട്ട് നികത്തി വിമാനത്താവളത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. അനുബന്ധ കെട്ടിടങ്ങളും നിര്‍മിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സില്‍ച്ചാറിലെ വിമാനത്താവളത്തിന് അനുമതി നല്‍കിയത്. എയര്‍പോര്‍ട്ട് അതോറിറ്റ് ഓഫ് ഇന്ത്യയാണ് വിമാനത്താവളം നിര്‍മിക്കുന്നത്. പണം കണ്ടെത്തുന്നതും എയര്‍പോര്‍ട്ട് അതോറിറ്റി തന്നെയാകും. നിലവില്‍ സില്‍ച്ചാറില്‍ ഒരു വിമാനത്താവളമുണ്ട്. വ്യോമസേനയും എയര്‍പോര്‍ട്ട്‌സ് അതോറിറ്റിയുമാണ് ഇതിന്റെ ഉടമകള്‍. 70 ഏക്കറിലുള്ള ഈ വിമാനത്താവളം പ്രധാനമായും സൈനിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.
പുതിയ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 12351 ചതുരശ്ര മീറ്ററിലാണ് നിര്‍മിക്കുക. 2705 മീറ്റര്‍ നീളത്തില്‍ റണ്‍വെ ഒരുക്കും. 45 മീറ്റര്‍ വീതിയുമുണ്ടാകും. തിരക്കുള്ള സമയങ്ങളില്‍ 800 യാത്രക്കാര്‍ക്ക് വരെ ഒരു മണിക്കൂറില്‍ വരാനും പോകാനും സാധിക്കുന്നതാകും റണ്‍വെ. വര്‍ഷത്തില്‍ 10 ലക്ഷം വരെ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതാകും പുതിയ വിമാനത്താവളം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുനീക്കം വേഗത്തിലാക്കാന്‍ സഹായിക്കുന്നത് കൂടിയാകും പുതിയ വിമാനത്താവളം. അതുകൊണ്ടുതന്നെ വ്യാപാരം ശക്തിപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. മേഖലയില്‍ നിന്നുള്ള ചരക്കുകള്‍ അതിവേഗം രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളില്‍ എത്തിക്കാം. അതുവഴി വടക്കുകിഴക്കന്‍ മേഖലയിലുള്ള കര്‍ഷകര്‍ക്ക് പുതിയ വിപണി ലഭിക്കും.
വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ മേഖലയിലെ യാത്രാ ഹബ്ബായി സില്‍ച്ചാല്‍ മാറും. വിനോദ സഞ്ചാരികള്‍, പതിവ് യാത്രക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും ഗുണമാകും. അതിര്‍ത്തി സംസ്ഥാനം എന്ന നിലയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ ഈ വിമാനത്താവളം ഉപയോഗപ്പെടുത്താം. മന്ത്രിസഭാ യോഗങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ആണ് പുതിയ വിമാനത്താവം സംബന്ധിച്ച് വിശദീകരിച്ചത്.





Click it and Unblock the Notifications
