ഏഴാം ഘട്ടത്തിലെ പ്രമുഖര്‍ മോദിയും സോണിയയും
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ 89 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ബുധനാഴ്ച പോളിംഗ് സ്‌റ്റേഷനിലെത്തും. ഏഴ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി, കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി, ബി ജെ പി ദേശീയ അധ്യക്ഷന്‍ രാജ് നാഥ് സിംഗ് തുടങ്ങിയവരാണ് ബുധനാഴ്ച ജനവിധി തേടുന്നവരിലെ പ്രമുഖര്‍.
ഗുജറാത്തില്‍ 26, ആന്ധ്രപ്രദേശില്‍ 17, ബിഹാറില്‍ 7, പഞ്ചാബില്‍ 13, ഉത്തര്‍ പ്രദേശില്‍ 14, പശ്ചിമ ബംഗാളില്‍ 9, ജമ്മു കാശ്മീര്‍, ദാമന്‍ ദിയു, ദാദ്രാ നാഗര്‍ ഹവേലി എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 152,673 ബൂത്തുകളിലായാണ് 89 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുക. 1200ല്‍പ്പരം സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കാനായി 139 മില്യണ്‍ വോട്ടര്‍മാര്‍ ബൂത്തിലെത്തും. 26 മണ്ഡലങ്ങളിലായി 334 പേര്‍ മത്സരിക്കുന്ന ഗുജറാത്താണ് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ മുന്നില്‍.

ബി ജെ പിയുടെ തട്ടകമായ ഗുജറാത്തിലെ മുഴുവന്‍ സീറ്റുകളിലും ബുധനാഴ്ച വോട്ടെടുപ്പ് നടക്കും. മുഖ്യമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വഡോദരയാണ് ഗുജറാത്തിലെ ഹോട്ട് സീറ്റ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയാണ് മോദിയുടെ പ്രധാന എതിരാളി. ഗാന്ധിനഗറില്‍ നിന്നും ബി ജെ പി വെറ്ററന്‍ ലീഡര്‍ ലാല്‍ കൃഷ്ണ അദ്വാനിയും ജനവിധി തേടുന്നു.
ഉത്തര്‍ പ്രദേശില്‍ റായ്ബറേലിയില്‍ നിന്നും സോണിയാ ഗാന്ധി മത്സരിക്കുന്നു. ബി ജെ പിയിലെ അജയ് അഗര്‍വാളാണ് തുടര്‍ച്ചയായി മുന്നാം ജയം ലക്ഷ്യമിടുന്ന സോണിയയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ലഖ്‌നൊവില്‍ നിന്നും ബി ജെ പി അധ്യക്ഷന്‍ രാജ് നാഥ് സിംഗ്, കാണ്‍പൂരില്‍ നിന്നും മുതിര്‍ന്ന ബി ജെ പി നേതാവ് മുരളി മനോര്‍ ജോഷി എന്നിവരും മത്സരിക്കുന്നു.












Click it and Unblock the Notifications