ഗുജറാത്ത് കലാപത്തെ കുറിച്ച് ചോദ്യം; നാല് ഒപ്ഷന്‍സ്... വിവാദം, നടപടിയെന്ന് സിബിഎസ്ഇ
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെ കുറിച്ച് സിബിഎസ്ഇ പരീക്ഷയില്‍ ചോദ്യം. വിവാദമായതോടെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതര്‍. പുറത്തുനിന്നുള്ള വിദ്ഗ്ധരെയാണ് ചോദ്യം തയ്യാറാക്കാന്‍ ഏല്‍പ്പിച്ചതത്രെ. സിബിഎസ്ഇ 12ാം ക്ലാസ് സോഷ്യോളജി ബോര്‍ഡ് എക്‌സാം ഡിസംബര്‍ ഒന്നിനായിരുന്നു. ഫസ്റ്റ് ടേം പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് ഗുജറാത്ത് കലാപം സംബന്ധിച്ച് ചോദ്യംവന്നത്. അനുചിതമായ ചോദ്യമാണെന്നും കാരണക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
മുമ്പെങ്ങുമില്ലാത്തവിധം വ്യാപിച്ച മുസ്ലിം വിരുദ്ധ കലാപം നടക്കുമ്പോള്‍ 2002ല്‍ ഗുജറാത്ത് ഭരിച്ച പാര്‍ട്ടിയേത്? എന്നാണ് ചോദ്യം. നാല് ഒപ്ഷന്‍സാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ശരിയുത്തരം മാര്‍ക്ക് ചെയ്യണം. കോണ്‍ഗഗ്രസ്, ബിജെപി, ഡമോക്രാറ്റിക്, റിപബ്ലിക്കന്‍ എന്നീ ഒപ്ഷനുകളാണുള്ളത്. കോണ്‍ഗ്രസും ബിജെപിയും ഇന്ത്യയിലെ പാര്‍ട്ടികളാണെങ്കിലും മറ്റു രണ്ടെണ്ണം അമേരിക്കയിലെ പാര്‍ട്ടികളാണ്. പരീക്ഷ കഴിഞ്ഞതിന് പിന്നാലെ സിബിഎസ്ഇ പ്രസ്താവന ഇറക്കി. മാര്‍ഗരേഖയ്ക്ക് വിരുദ്ധമായിട്ടാണ് ചോദ്യാവലി തയ്യാറാക്കിയത് എന്നായിരുന്നു വിശദീകരണം.

വെള്ളിയാഴ്ച ഇംഗ്ലീഷ് ആണ് പരീക്ഷ. ഈ മാസം 21 വരെയാണ് സിബിഎസ്ഇ പരീക്ഷ നടക്കുന്നത്. പാഠപുസ്തകങ്ങള്‍ മാത്രം കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളല്ല ഇപ്പോള്‍ സിബിഎസ്ഇ തയ്യാറാക്കുന്നത്. കുട്ടികളുടെ നിരീക്ഷണ ശേഷി, പൊതുവിവരം എന്നിവയെല്ലാം അളക്കുന്നതിനുള്ള ചോദ്യങ്ങളും പരീക്ഷകളില്‍ ഉന്നയിക്കാറുണ്ട്. അതിനിടെയാണ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചിരിക്കുന്നത്. 2002ല്‍ ഗുജറാത്ത് കലാപം നടക്കുന്ന വേളയില്‍ ബിജെപിയായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. നരേന്ദ്ര മോദിയായിരുന്നു മുഖ്യമന്ത്രി.
നിരവധി മുസ്ലിങ്ങളാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഗോധ്ര റെയില്‍വെ സ്‌റ്റേഷനില്‍ തീവണ്ടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് കലാപം ആരംഭിച്ചത്. അയോധ്യയില്‍ നിന്ന് വരികയായിരുന്നവരാണ് തീവണ്ടിയിലുണ്ടായിരുന്നവരില്‍ കൂടുതലും. ഗോധ്ര റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ട ഉടനെയായിരുന്നു കത്തിയത്. 2002 ഫെബ്രുവരി 27നായിരുന്നു സംഭവം. ശേഷം സംഘര്‍ഷമുണ്ടാകുകയും ഇത് വലിയ കലാപമായി മാറുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട കേസില്‍ ചിലരെ ശിക്ഷിക്കുകയും ചിലരെ വെറുതെവിടുകയും ചെയ്തിരുന്നു. നരേന്ദ്ര മോദി 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മാറി. അദ്ദേഹത്തിനെതിരെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാദങ്ങള്‍ സുപ്രീംകോടതിയില്‍ തുടരുകയാണ്. സാക്കിയയുടെ ആരോപണം ഇതുവരെ തെളിയിക്കാനായില്ല. കലാപം തടയാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ വാദം തള്ളുകയാണ് സാക്കിയ.












Click it and Unblock the Notifications