കടുപ്പിച്ച് കേന്ദ്രം; രാജ്യവ്യാപകമായ നടപടിയിൽ നിക്ഷേപ തട്ടിപ്പ് സംഘങ്ങൾ പിടിയിൽ
നിക്ഷേപ തട്ടിപ്പുകൾ രാജ്യത്തുടനീളമുള്ള സാധാരണക്കാരെ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ സൈബർ തട്ടിപ്പ് ശൃംഖലകൾക്കെതിരെ ശക്തമായ നടപടികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വ്യാജ ട്രേഡിങ് ആപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, വ്യാജ ലാഭവിഹിതം കാണിക്കുന്ന ഡാഷ്‌ബോർഡുകൾ എന്നിവ വഴി ഡൽഹിയിലും മുംബൈയിലുമായി പലർക്കും കോടികളാണ് നഷ്ടപ്പെട്ടത്. സമീപകാല കേസുളെല്ലാം തന്നെ ഈ തട്ടിപ്പുകളുടെ വ്യാപ്തി കൂടുതൽ വ്യക്തമാക്കുന്നു.
ഡൽഹിയിൽ ആരോഗ്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന് വ്യാജ ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ 31 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. മുംബൈയിൽ, രണ്ട് വ്യത്യസ്ത തട്ടിപ്പുകളിലായി സ്ത്രീകൾക്ക് യഥാക്രമം 20 കോടി രൂപയും 7.87 കോടി രൂപയും നഷ്ടപ്പെട്ടു. വ്യാജ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെ വേഗത്തിൽ ലാഭം വാഗ്ദാനം ചെയ്ത് 6.03 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കൃഷ്ണകുമാർ എന്നയാളെ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതുകൂടാതെ രാജ്യത്തുടനീളം 15,000-ലധികം 'മ്യൂൾ അക്കൗണ്ടുകൾ' ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഝാർഖണ്ഡ്-മുംബൈ സംഘത്തേയും അന്വേഷണ സംഘം കണ്ടെത്തി. ഷെൽ കമ്പനികളുടെ 145 ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം 3,200 കോടി രൂപയുടെ ഇടപാടുകൾ നടന്നതായും അന്വേഷണത്തിൽ വ്യക്തമായി.വ്യാജരേഖകൾ ഉപയോഗിച്ച് തുറന്ന ഈ അക്കൗണ്ടുകൾ വഴി വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടന്നതായാണ് പ്രാഥമിക വിവരം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ തട്ടിപ്പ് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
സൈബർ തട്ടിപ്പുകളെ പൂട്ടാൻ നാഷണൽ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ
സൈബർ തട്ടിപ്പുകൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം "സീറോ ടോളറൻസ്" നയം പ്രഖ്യാപിച്ചിട്ടുണ്ട്. തട്ടിപ്പ് ശൃംഖലകളെ തകർക്കാൻ മന്ത്രാലയം നിരവധി പ്രതിരോധ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. ഇതിൽ പ്രധാനമാണ് 2020-ൽ സ്ഥാപിച്ച നാഷണൽ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C). ഫോറൻസിക് ഉപകരണങ്ങളും അന്വേഷണങ്ങളും വഴി സംസ്ഥാന പോലീസിനെ സഹായിക്കുന്ന ഒരു കേന്ദ്രീകൃത വാർ റൂമായി ഇത് പ്രവർത്തിക്കുന്നു.നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി ഇതുവരെ 1.43 ലക്ഷത്തിലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 19 കോടി ഉപയോക്താക്കളിലേക്ക് ഈ സേവനം എത്തുന്നുണ്ട്.
I4C-യുടെ ശുപാർശ പ്രകാരം, 800-ൽ അധികം മൊബൈൽ ആപ്ലിക്കേഷനുകൾ, 3,200 വെബ്സൈറ്റുകൾ, 6.69 ലക്ഷം സിം കാർഡുകൾ, 1.32 ലക്ഷം ഐഎംഇഐ-കൾ എന്നിവ സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരോധിച്ചു. ആർബിഐയുമായും ബാങ്കുകളുമായും ചേർന്ന് മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിച്ചു. ഇതുവഴി നിക്ഷേപ തട്ടിപ്പുകൾക്ക് ഇന്ധനം പകരുന്ന സാമ്പത്തിക സ്രോതസ്സുകൾക്ക് തടയിടാനും സാധിച്ചു.
സൈബർ തട്ടിപ്പുകൾ തടയാൻ ജനങ്ങളെ സഹായിക്കുന്ന നിരവധി നടപടികളാണ് നിലവിൽ സ്വീകരിച്ചുവരുന്നത്. ഇതിൽ 1930 ഹെൽപ്‌ലൈൻ, "സൈബർ ദോസ്ത്" കാമ്പെയ്‌നുകൾ, കോളർ ട്യൂണുകൾ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാമെന്നും അവ ഒഴിവാക്കാമെന്നും ഈ സംരംഭങ്ങളിലൂടെ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.
സൈബർ ഫോറൻസിക്, തട്ടിപ്പ് അന്വേഷണങ്ങളിൽ ഒരു ലക്ഷത്തിലധികം പോലീസ് ഉദ്യോഗസ്ഥർക്ക് 'സൈട്രെയിൻ' (CyTrain) പദ്ധതിയിലൂടെ പരിശീലനം നൽകി. ഇത് ഇന്ത്യയുടെ സൈബർ പ്രതിരോധ മേഖലയ്ക്ക് വലിയ ഉത്തേജനമാണ് നൽകിയിരിക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പദ്ധതി (CCPWC) പ്രകാരം ഓൺലൈൻ ചൂഷണങ്ങൾക്കും തട്ടിപ്പുകൾക്കുമെതിരെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തട്ടിപ്പുകാർ വ്യാജ ട്രേഡിങ് ഡാഷ്‌ബോർഡുകളും "ഡിജിറ്റൽ അറസ്റ്റ്" തട്ടിപ്പുകളും പോലുള്ള പുതിയ തന്ത്രങ്ങൾ പയറ്റുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ഷീൽഡ് ഇതിനെയെല്ലാം പ്രതിരോധിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യയും, സംയുക്ത പോലീസ് പ്രവർത്തനങ്ങളും, പൊതുജന അവബോധവും ഉപയോഗിച്ച് രാജ്യം തങ്ങളുടെ പൗരന്മാരുടെ ഡിജിറ്റൽ, സാമ്പത്തിക ഭാവിയെ സംരക്ഷിക്കാൻ ശക്തമായി പോരാടുന്നു.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. സൈബർ പ്രശ്നങ്ങളിൽ പൊതുജനങ്ങൾക്ക് സഹായം നൽകാനും മന്ത്രാലയം എപ്പോഴും സജ്ജമാണ്.
പുതിയ മുന്നറിയിപ്പുകൾ, നുറുങ്ങുകൾ, ബോധവൽക്കരണ വിവരങ്ങൾ എന്നിവ ലഭിക്കുന്നതിനായി CyberDost സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പിന്തുടരാവുന്നതാണ്. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് , വാട്സ്ആപ്പ്, ഡെയ്‌ലിഹണ്ട് എന്നിവയിൽ CyberDost ലഭ്യമാണ്.












Click it and Unblock the Notifications