ട്രെയിന്‍ റൂട്ടുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ദില്ലി: രാജ്യത്തെ ട്രെയിന്‍ റൂട്ടുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കാനൊരുങ്ങി മോദി സര്‍ക്കാര്‍. 150 പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനായി 100 സ്വകാര്യ റൂട്ടുകളെങ്കിലും പാട്ടത്തിന് നല്‍കാന്‍ ആണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 22,500 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ മാസം സര്‍ക്കാരിന്റെ പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റിയുടെ മുന്‍പാകെ സമര്‍പ്പിച്ച പ്രമേയം അടുത്തയാഴ്ച നടക്കുന്ന സിറ്റിംഗില്‍ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മാപ്പ് പറയില്ല, 'റേപ് ക്യാപിറ്റല്‍' എന്ന് പറഞ്ഞത് മോദി.. വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി
ടൂര്‍ ഓപ്പറേറ്റര്‍മാര്‍, റെയില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ട്രാവല്‍ സ്ഥാപനങ്ങള്‍, റോളിംഗ് സ്റ്റോക്ക് കമ്പനികള്‍, എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരും ലേലം വിളിക്കുമെന്ന് റെയില്‍വേ പ്രതീക്ഷിക്കുന്നു. മത്സരം ഉറപ്പാക്കുന്നതിന് ഓരോരുത്തര്‍ക്കും കുറഞ്ഞത് 12 ട്രെയിനുകളും പരമാവധി 30 ട്രെയിനുകളും ലേലം ചെയ്യാന്‍ അനുവദിക്കും. ഓരോ സ്വകാര്യ ട്രെയിനും ലോകോത്തര നിലവാരമുള്ള 16 കോച്ചുകളെങ്കിലും നിര്‍മ്മിക്കണമെന്നുമാണ് നിര്‍ദ്ദേശം.
നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ നേതൃത്വത്തിലുള്ള എംപവേര്‍ഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറിമാരുടെ ഇടപെടലിന് ശേഷമാണ് യാത്രക്കാരുടെ സേവനങ്ങള്‍ക്കായി സ്വകാര്യ നിക്ഷേപം എങ്ങനെ കൊണ്ടുവരാം എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്. തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം റെയില്‍വെ ബോര്‍ഡ് അന്തിമ തീരുമാനമെടുത്തു.
ഏവിയേഷന്‍, ടെലികോം തുടങ്ങിയ മേഖലകളിലെ പോലെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളിലും സ്വകാര്യ വ്യക്തികളെ പങ്കാളിയാക്കുകയെന്നത് അനിവാര്യമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. അതിനാല്‍ സര്‍ക്കാര്‍ ഈ പദ്ധതി ഗൗരവത്തോടെയാണ് ഏറ്റെടുത്തത്. ചരക്ക് ഇടനാഴികള്‍ 2021 ല്‍ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞാല്‍, ചരക്ക് ഗതാഗതത്തിന്റെ 70 ശതമാനവും മാറ്റമുണ്ടാകുമെന്നും പരമ്പരാഗത റെയില്‍ ശൃംഖലകള്‍ സ്വതന്ത്രമാകുമെന്നും റെയില്‍വെ പറയുന്നു. ഇന്ത്യയുടെ ആദ്യ സ്വകാര്യ ട്രെയിനായ ഐആര്‍സിടിസിയുടെ തേജസ് എക്‌സ്പ്രസ് ലാഭം നേടിയതോടെ റെയില്‍വെയിലെ മറ്റു മേഖലകളിലും പുതിയ തന്ത്രം പരീക്ഷിക്കാനാണ് റെയില്‍വെ ഒരുങ്ങുന്നത്.