അരുണാചല്‍ പ്രദേശും അക്‌സായ് ചിന്നും ഉള്‍പ്പെടുത്തി ചൈനീസ് ഭൂപടം; പഴയ ശീലമെന്ന് ജയശങ്കര്‍
ന്യൂഡല്‍ഹി: ചൈന പുറത്തുവിട്ട പുതിയ ഭൂപടത്തില്‍ ഇന്ത്യയിലെ പ്രദേശങ്ങളും. അരുണാചല്‍ പ്രദേശും, അക്‌സായ് ചിന്നും തങ്ങളുടെ പ്രദേശമാണെന്ന് സ്ഥാപിക്കുകയാണ് ചൈനീസ് ഭൂപടം. അതേസമയം തായ്‌വാനും, തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈന കടലും ഈ ഭൂപടത്തില്‍ ചൈനീസ് പ്രദേശമായി കാണിച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
അതിനിടയിലാണ് ഇന്ത്യക്കെതിരെ ചൈനയുടെ പ്രകോപനം വന്നിരിക്കുന്നത്. ചൈനീസ് മന്ത്രാലയമാണ് ഈ ഭൂപടം പുറത്തുവിട്ടത്. നേരത്തെ അരുണാചല്‍ പ്രദേശിലെ പതിനൊന്ന് ഇടങ്ങളുടെ പേര് മാറ്റാനുള്ള നീക്കത്തെ ഇന്ത്യ തള്ളിയിരുന്നു. ചൈന, ഇന്ത്യന്‍ മേഖലയെ അവരുടേതാക്കി കാണിച്ച് കൊണ്ടുള്ള നീക്കങ്ങള്‍ നടത്തുന്നത് ഇത് ആദ്യമായിട്ടല്ല. ഇതിനെ പൂര്‍ണമായും തള്ളിക്കളയുന്നുവെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ച്ചി പറഞ്ഞു.

അരുണാചല്‍ പ്രദേശിലെ ഇന്ത്യയുടേതായിരിക്കും. എപ്പോഴും അത് രാജ്യത്തിന്റെ നിര്‍ണായക ഭാഗമായിരിക്കും. അതിന്റെ പേരുമാറ്റിയാലൊന്നും യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും ബഗ്ച്ചി ട്വീറ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബര്‍ഗില്‍ വെച്ച് നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ ചൈന സമാധാന ശ്രമങ്ങളൊന്നും ഗൗരവത്തില്‍ കണ്ടിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
അതേസമയം ഷി ജിന്‍ പിംഗുമായുള്ള കൂടിക്കാഴ്ച്ച ഉഭയകക്ഷി യോഗമായിരുന്നില്ല. എന്നാല്‍ അതിര്‍ത്തിയിലെ പ്രശ്‌നത്തില്‍ പരിഹാരം ഇതുവരെ ഉണ്ടാവാത്ത സാഹചര്യമെല്ലാം ഷി ജിന്‍ പിംഗിനെ മോദി അറിയിച്ചുവെന്നാണ് സൂചന. സമാധാനം പുനസ്ഥാപിക്കാന്‍ ഇരുവരും പ്രവര്‍ത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ചൈന ഭൂപടം പുറത്തുവിട്ടതില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതികരിച്ചു.
ചൈനയുടെ പഴയ സ്വഭാവമാണിത്. അവര്‍ക്ക് ഇത്തരത്തില്‍ ഭൂപടം പുറത്തുവിടുന്ന ശീലമുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പ്രദേശങ്ങള്ല്‍ ചൈനയുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ യാതൊരു കാര്യവമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈന അവരുടെ ഭൂപടത്തില്‍ മറ്റുള്ള രാജ്യങ്ങളുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തുന്നത് അവരുടെ പഴയ ശീലമാണ്. അതിലൂടെ ഒന്നും മാറാന്‍ പോകുന്നില്ല.
നമ്മുടെ പ്രദേശം ഏതൊക്കെയാണെന്ന കാര്യത്തില്‍ ഈ സര്‍ക്കാരിന് കൃത്യമായ ധാരണയുണ്ട്. അസംബന്ധമായ വാദങ്ങള്‍ ഉന്നയിച്ചാല്‍ ഒരു പ്രദേശം മറ്റൊരു രാജ്യത്തിന്റേതാകില്ലെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞു. അതേസമയം ഇല്ലാതായി കൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ കുറിച്ച് ആരും സംസാരിക്കില്ലെന്ന പരിഹാസവും അദ്ദേഹം പാകിസ്താനെതിരെ നടത്തി. ഇന്ന് ആരും അവരെ കുറിച്ച് സംസാരിക്കുന്നില്ല. ഞാനതിനെ കുറിച്ച് എന്ത് സംസാരിക്കാനാണെന്നും ജയശങ്കര്‍ പറഞ്ഞു.












Click it and Unblock the Notifications