ഈദ് ദിനത്തിൽ ജോധ്പൂരിൽ സംഘർഷം; 97 പേര് അറസ്റ്റിൽ
ജയ്പൂർ; രാജസ്ഥാനിലെ ജോധ്പൂരിൽ ഈദ് ദിനത്തിലും അതിന്റെ തലേന്നും നടന്ന സംഘർഷത്തിന്റെ പേരിൽ 97 പേരെ അറസ്റ്റ് ചെയ്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ്വന്തം നാട്ടിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം നടന്നത്. ഇതേ തുടർന്ന് ഉദയ് മന്ദിർ, നാഗോരി ഗേറ്റ് എന്നിവയുൾപ്പെടെ ജോധ്പൂരിന്റെ ചില ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് രാത്രി വരെ ആണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും സാഹചര്യം വിലയിരുത്തിയാകും നിരോധനാജ്ഞ പിൻവലിക്കുന്നത്.
സ്ഥലത്ത് ഇന്റർനെറ്റ് സേവനവും നിർത്തിവെച്ചിരിക്കുകയാണ്. പെരുന്നാൽ ദിനത്തിൽ ജലോരി ഗേറ്റ് സർക്കിളിൽ പെരുന്നാൾ പതാകകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ ഈ സംഘർഷം കല്ലേറിലേക്ക് വഴി മാറി. ഇതിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. ഇതേ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ബാറ്റണും പ്രയോഗിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈദ് നമസ്കാരം പൊലീസ് സംരക്ഷണത്തിലാണ് നടത്തിയത്. ഈദിന് പുറമെ പരശുരാമ ജയന്തി ഉത്സവവും സ്ഥലത്ത് ആഘോഷിക്കുന്നുണ്ടായിരുന്നു. രണ്ട് മത വിഭാ ഗങ്ങളും നേർക്ക് നേർ വന്നതോടെയാണ് സംഘർഷം ഉടലെടുത്തത്.

അക്രമികൾ ചില വാഹനങ്ങളും തല്ലിത്തകർത്തതായി റിപ്പോർട്ട് ഉണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ജോധ്പൂര്‍ പൊലീസ് കമ്മീഷണർ നവ്ജ്യോതി ഗോഗോയ് അറിയിച്ചു. കഴിഞ്ഞ രാമനവമി ദിനത്തിലും ഇവിടെ ചെറിയ തോതിൽ സംഘർഷം നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികൾക്കായി തരിച്ചിൽ ഊർജിതമാക്കി കഴിഞ്ഞു. കലാപ ശ്രമം, നിയമ വിരുദ്ധമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്ക് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
അതേ സമയം അക്രമത്തിൽ ബിജെപിക്ക് പങ്കുണ്ടെന്ന് മുഖ്യമന്ത്രി ഗെലോട്ട് ആരോപിച്ചു. "ഇത് ബിജെപിയുടെ അജണ്ടയാണ്, കാരണം പണപ്പെരുപ്പവും തൊഴിലില്ലായ്മയും വളരെയധികം വർദ്ധിച്ചു, അവർക്ക് ഇത് നിയന്ത്രിക്കാൻ കഴിയില്ല. അതിനാൽ, ശ്രദ്ധ തിരിക്കാനാണ് അവർ ഇത് ബോധപൂർവം ചെയ്യുന്നത്." അശോക് ഗെലോട്ട് ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. എന്നാൽ ജോധ്പൂരിലുണ്ടായ സംഘർഷം അശോക് സർക്കാരിന്റെ വീഴ്ചയുടെ ഫലമാണെന്ന് ബി.ജെ.പി പറയുന്നത്. ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉൾപ്പെടെ, കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തുടനീളം ഇത്തരത്തിൽ വർ ഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications