
മുസ്ലിം വിദ്യാര്‍ഥിയെ ഭീകരവാദി എന്ന് വിളിച്ചു; അധ്യാപകന് സസ്‌പെന്‍ഷന്‍... ഇത് തമാശയല്ലെന്ന് വിദ്യാര്‍ഥി
ബെംഗളൂരു: മുസ്ലിം വിദ്യാര്‍ഥിയെ ഭീകരവാദി എന്ന് അധിക്ഷേപിച്ച പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍. ഉഡുപ്പിയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് സംഭവം. അധ്യാപകന്റെ വാക്കുകള്‍ വിദ്യാര്‍ഥി ചോദ്യം ചെയ്തു. ഇതോടെ രംഗം തണുപ്പിക്കാന്‍ അധ്യാപകന്‍ ശ്രമിച്ചു. ഇതൊന്നും തമാശയല്ലെന്ന് വിദ്യാര്‍ഥി അധ്യാപകനോട് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായത്.
വിദ്യാര്‍ഥിയുടെ പേര് ചോദിച്ചപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. മുസ്ലിം പേര് കേട്ട അധ്യാപകന്‍ ഓ, നീ ഭീകരവാദി കസബിനെ പോലെ എന്ന് പരിഹസിക്കുകയായിരുന്നു. 2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനിടെ പിടികൂടിയ ഏക പാകിസ്താനിയാണ് അജ്മല്‍ കസബ്. ഇയാളെ വിചാരണയ്ക്ക് ശേഷം 2012ല്‍ തൂക്കിലേറ്റുകയായിരുന്നു. ഈ പേരാണ് അധ്യാപകന്‍ വിദ്യാര്‍ഥിയെ വിശേഷിപ്പിക്കാനും ഉപയോഗിച്ചത്. ഇത് വിദ്യാര്‍ഥി ചോദ്യം ചെയ്തു.
സൗദിയില്‍ കൂറ്റന്‍ വിമാനത്താവളം വരുന്നു; ഒരു ലക്ഷം പേര്‍ക്ക് ജോലി... പ്രഖ്യാപിച്ച് ബിന്‍ സല്മാന്
ഇതൊന്നും തമാശയല്ല. എന്റെ മത സ്വത്വം ചൂണ്ടിക്കാട്ടിയല്ല തമാശ പറയേണ്ടത്, ഇതോടെ രംഗം ശാന്തമാക്കാന്‍ ശ്രമിച്ച അധ്യാപകന്‍ വിദ്യാര്‍ഥി എനിക്ക് മകനെ പോലെയാണെന്ന് പറഞ്ഞു. 'ഇതൊന്നും തമാശയല്ല. മുംബൈ ആക്രമണം ഒരു തമാശയല്ല. ഇസ്ലാമിക ഭീകരതയെന്നത് തമാശയല്ല. ഒരു മുസ്ലിം എന്ന നിലയ്ക്ക് ഇന്ത്യയില്‍ ഇത് എന്നും കേള്‍ക്കേണ്ടിവരുന്നതും തമാശയല്ല'- വിദ്യാര്‍ഥി പ്രതികരിച്ചു.
വീണ്ടും മോനെ എന്നു വളിച്ച് അധ്യാപകന്‍ രംഗം ശാന്തമാക്കാന്‍ ശ്രമിച്ചപ്പോഴും വിദ്യാര്‍ഥി ഇടപെട്ടു. 'നിങ്ങള്‍ സ്വന്തം മകനെ ഭീകരന്‍ എന്നാണോ വിളിക്കാറ്? നിങ്ങളൊരു അധ്യാപകനാണ്. എന്റെ ഈ സഹപാഠികള്‍ക്ക് മുമ്പില്‍ വച്ച് എങ്ങനെയാണ് വിളിക്കാന്‍ തോന്നിയത്. ഇങ്ങനെയാണ് പിതാവെങ്കില്‍ അദ്ദേഹമൊരു പിതാവല്ലെന്നും വിദ്യാര്‍ഥി പറഞ്ഞു.