കോണ്‍ഗ്രസില്‍ പുതിയ മാറ്റം; 25 വര്‍ഷത്തിന് ശേഷം... 12 സിഡബ്ല്യുസി അംഗങ്ങളെ തിരഞ്ഞെടുക്കും
ന്യൂഡല്‍ഹി: പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ ഒരു ഭാഗത്ത് പുരോഗമിക്കുന്നു. ദേശീയതലത്തിലുള്ള പദയാത്രയായ ഭാരത് ജോഡോ യാത്ര മറ്റൊരു ഭാഗത്ത്. ഇതിനിടെ വലിയ തോതിലുള്ള രാജിയും കൊഴിഞ്ഞു പോക്കും. നേതൃത്വങ്ങളെ ഞെട്ടിച്ച ഗോവയിലേത് പോലുള്ള സംഭവങ്ങള്‍...
ദേശീയ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന ഒരു പാര്‍ട്ടിക്ക് എന്താണ് സംഭവിക്കുന്നത് എന്ന ചര്‍ച്ചകള്‍ പല ഭാഗങ്ങളില്‍ നടക്കുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 25 വര്‍ഷത്തിന് ശേഷമാണ് സമിതിയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത് എന്ന പ്രത്യേകതയുമുണ്ട്...

23 അംഗങ്ങളില്‍ 12 പേരെ
കോണ്‍ഗ്രസിന്റെ പരമോന്നത നയരൂപീകരണ സമിതിയാണ് ദേശീയ പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി). അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുമെന്ന് വ്യാഴാഴ്ചയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. 23 അംഗങ്ങളില്‍ 12 പേരെയാണ് തിരഞ്ഞെടുക്കുക. ബാക്കി അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുമെന്ന് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.

1997ലാണ് ഇതിന് മുമ്പ്
12ല്‍ കൂടുതല്‍ പേര്‍ മല്‍സരാര്‍ഥികളായി എത്തിയാല്‍ മാത്രമേ തിരഞ്ഞെടുപ്പ് നടക്കൂ. 1997ലാണ് ഇതിന് മുമ്പ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. എഐസിസിയുടെ കല്‍ക്കത്ത പ്രീനറി സെഷനിലായിരുന്നു തിരഞ്ഞെടുപ്പ്. പിന്നീട് പാര്‍ട്ടി പ്രസിഡന്റ് അംഗങ്ങളെ നിര്‍ദേശിക്കുന്ന രീതി തുടര്‍ന്നു. പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന് വിമത ഗ്രൂപ്പായ ജി 23 ആവശ്യപ്പെട്ടിരുന്നു.

24 മുതല്‍ 30 വരെ
അതിനിടെ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ മാസം 24 മുതല്‍ 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. രാഹുല്‍ ഗാന്ധി പ്രസിഡന്റാകണം എന്ന അഭിപ്രായമാണ് പൊതുവെ പാര്‍ട്ടിയിലുള്ളത്. അശോക് ഗെഹ്ലോട്ടിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ശശി തരൂര്‍, മനീഷ് തിവാരി എന്നിവരും മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ദീപാവലിക്ക് മുമ്പ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും.

സംഭവിച്ചത് ഇതാണ്
വര്‍ഷങ്ങളായി സോണിയ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി അധ്യക്ഷനായെങ്കിലും തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം രാജിവച്ചു. പിന്നീട് പദവി ഏറ്റെടുക്കാനും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താമെന്ന തീരുമാനത്തിലെത്തിയത്.

സുതാര്യത വേണമെന്ന ആവശ്യം
രാഹുല്‍ ഗാന്ധി പ്രസിഡന്റാകുന്നില്ലെങ്കില്‍ അശോക് ഗെഹ്ലോട്ട് പാര്‍ട്ടിയെ നയിക്കണമെന്നാണ് സോണിയ ഗാന്ധിയുടെ താല്‍പ്പര്യം. നെഹ്രു കുടുംബവുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന നേതാവാണ് ഇദ്ദേഹം. അതിനിടെയാണ് തിരഞ്ഞെടുപ്പില്‍ സുതാര്യത വേണമെന്ന ആവശ്യം ശക്തമായത്. സംസ്ഥാന തലത്തിലുള്ള അധ്യക്ഷന്മാരെയും തിരഞ്ഞെടുപ്പിലൂടെ കണ്ടെതത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും സമവായ ശ്രമങ്ങളും തുടരുകയാണ്.












Click it and Unblock the Notifications