'ഇന്ത്യ'യെ മല്ലികാര്‍ജ്ജുന്‍ ഖാർഗെ നയിക്കും, അധ്യക്ഷ പദവി ഏറ്റെടുക്കാൻ വിസമ്മതിച്ച് നിതീഷ് കുമാർ
ന്യൂ ഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നേതൃപദവി ഖാര്‍ഗെയിലേക്ക് എത്തിയത് എന്നാണ് സൂചന.
പ്രതിപക്ഷ സഖ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഒരു നേതാവ് വേണം എന്ന നിര്‍ദേശമാണ് നിതീഷ് കുമാര്‍ മുന്നോട്ട് വെച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ ഒഴികെയുളള പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായുളള ചര്‍ച്ചയ്ക്ക് കൂടി ശേഷമായിരിക്കും ഇന്ത്യ മുന്നണി അധ്യക്ഷനായി ഖാര്‍ഗെയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഖാര്‍ഗെയെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമത ബാനര്‍ജി നിര്‍ദേശിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഈ നിര്‍ദേശത്തെ പിന്താങ്ങുകയും ചെയ്തിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സഖ്യ സാധ്യതകള്‍, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം, സീറ്റ് പങ്കിടല്‍ അടക്കമുളള വിഷയങ്ങള്‍ മുന്നണി യോഗത്തില്‍ ചര്‍ച്ചയായി. ദേശീയ സഖ്യത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യം ഉറപ്പാക്കേണ്ടതിന്റെയും സംസ്ഥാനങ്ങളിലെ എതിര്‍പ്പുകള്‍ ദേശീയ ഐക്യത്തെ ബാധിക്കാതെ നോക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് യോഗത്തില്‍ നിരവധി നേതാക്കള്‍ സൂചിപ്പിച്ചു. അധ്യക്ഷനെ തിരഞ്ഞെടുക്കുക എന്നത് ഇന്ത്യ സഖ്യത്തിന്റെ മുന്നിലുളള വെല്ലുവിളികളില്‍ ഒന്ന് മാത്രമാണ്. സീറ്റ് വിഭജിക്കല്‍ അടക്കമുളള വലിയ വെല്ലുവിളികളാണ് ഇന്ത്യ മുന്നണിക്ക് മുന്നില്‍ ഇനിയുളളത്.












Click it and Unblock the Notifications