സോണിയയും രാഹുലും അല്ല, ഉത്തര്‍പ്രദേശില്‍ വിജയിച്ചത് പ്രിയങ്കയുടെ തന്ത്രം! സമ്മതിച്ച് കോണ്‍ഗ്രസ്
ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തതും ഫലം കാണിച്ചതും പ്രിയങ്കാ ഗാന്ധിയാണെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹ്മദ് പട്ടേലാണ് സ്ഥിരീകരിച്ചത്.
ദില്ലി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യചര്‍ച്ചകള്‍ക്ക് കരുക്കള്‍ നീക്കുന്നത് ആരാണെന്ന ചോദ്യം തുടരുന്നതിനിടെ എല്ലാത്തിനും പിന്നില്‍ പ്രിയങ്ക ഗാന്ധിയാണെന്ന് സമ്മതിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാലേ യുപിയില്‍ ഇനി കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ പറ്റൂവെന്ന തിരിച്ചറിവാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ കാരണം. എന്നാല്‍ ആര് മുഖ്യ ഇടനിലക്കാരനാവും എന്ന ചോദ്യം അപ്പോഴും കോണ്‍ഗ്രസില്‍ ബാക്കിയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിയങ്കയിലേക്ക് നേതാക്കള്‍ തിരിഞ്ഞത്.

ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തതും ഫലം കാണിച്ചതും പ്രിയങ്കാ ഗാന്ധിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയുമായ അഹ്മദ് പട്ടേലാണ് സ്ഥിരീകരിച്ചത്. ട്വിറ്ററില്‍ അദ്ദേഹം കുറിച്ച വാക്കുകള്‍ ചര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ചത് പ്രിയങ്കയാണെന്ന് വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പോടെ പ്രിയങ്കാ ഗാന്ധി പൂര്‍ണ തോതില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാനാണ് സാധ്യത. നേരത്തെ പാര്‍ട്ടി പ്രതിസന്ധിയിലായപ്പോഴൊക്കെ പ്രിയങ്ക ഇറങ്ങണമെന്ന് പല കോണില്‍ നിന്നു ആവശ്യമുയര്‍ന്നിരുന്നു. ഇന്ദിരാ ഗാന്ധിയുടെ പിന്‍മുറക്കാരി പ്രിയങ്കയാണെന്ന് വരെ അഭിപ്രായമുയര്‍ന്നു. അതിന് പലരും ചൂണ്ടിക്കാട്ടിയത് പ്രിയങ്കക്ക് ഇന്ദിരാ ഗാന്ധിയുടെ മുഖഛായ ഉണ്ടെന്നാണ്.
രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് യുപിയിലേത്. അവിടെ മുഖ്യ കാര്‍മികത്വം പ്രിയങ്കക്കായതിനാല്‍ അവര്‍ അധികം വൈകാതെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്കെത്തുമെന്ന് അണികള്‍ വിശ്വസിക്കുന്നു. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി നടത്തിയ പല ചര്‍ച്ചകളിലും മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനൊപ്പം പ്രിയങ്കയുമുണ്ടായിരുന്നു.
പ്രിയങ്കയുടെ വിളികള്‍ക്ക് അഖിലേഷ് പ്രതികരിക്കുന്നില്ലെന്ന റിപോര്‍ട്ടുകള്‍ മാധ്യമ സൃഷ്ടിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അഖിലേഷിന്റെ ഭാര്യ ഡിംപിളുമായും പ്രിയങ്ക സംസാരിച്ചിരുന്നു. ഇന്ന് സഖ്യം പ്രഖ്യാപിച്ചതോടെ എല്ലാ റിപോര്‍ട്ടുകളും വ്യാജമാണെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. ഡിംപിളും പ്രിയങ്കയും ഒരുമിച്ച് പ്രചാരണം നടത്താനും പദ്ധതിയുണ്ട്. രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായാല്‍ പ്രിയങ്കയായിരിക്കും ഉപാധ്യക്ഷ സ്ഥാനത്ത് വരികയെന്നാണ് റിപോര്‍ട്ട്. അല്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുപിയുടെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവും അവര്‍.












Click it and Unblock the Notifications