ഹരിയാനയില്‍ കോണ്‍ഗ്രസിന് ആവേശം: ജെജെപി എംഎല്‍എ പാർട്ടിയില്‍ ചേർന്നു, ബിജെപി നേതാക്കളും വരും
ഛണ്ഡീഗഡ്: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടി (ജെജെപി)ക്ക് കനത്ത തിരിച്ചടി. എം എൽ എ രാംകരൻ കാല പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതാണ് നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കുന്ന സംസ്ഥാനത്ത് പാർട്ടിക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്. ഏറെ നാളായി പാർട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം.
ഷഹാബാദ് മണ്ഡലത്തിലെ എം എൽ എയായ കാല, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഉദയ് ഭാൻ, റോഹ്തക് എംപി ദീപേന്ദർ ഹൂഡ എന്നിവരുടെ സാന്നിധ്യത്തിലാണ് തൻ്റെ അനുയായികൾക്കൊപ്പം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ജെ ജെ പി അടക്കമുള്ള മറ്റ് പാർട്ടികളില്‍ നിന്നും ഇനിയും നേതാക്കളും പ്രവർത്തകരും കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് പാർട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ജനങ്ങളുടെ ശബ്ദമായി കോൺഗ്രസ് ഉയർന്നുവന്നിട്ടുണ്ടെന്നും ബിജെപിയെ പുറത്താക്കി കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ ജനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണെന്നും കല പറഞ്ഞു.
"ഈ തീരുമാനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഫലം കാണുകയും കോൺഗ്രസ് സർക്കാർ രൂപീകരിക്കുന്നതിന് സഹായകമാകുകയും ചെയ്യും. മറ്റ് പാർട്ടികളിൽ നിന്ന് നിരവധി നേതാക്കൾ കോൺഗ്രസിൽ ചേരുകയും തങ്ങളുടെ പരിപാടികൾക്ക് ആളുകൾ പിന്തുണ നൽകുകയും ചെയ്തതോടെ ഹരിയാനയിൽ കോൺഗ്രസ് തരംഗമുണ്ടെന്ന് വ്യക്തമാണ്. കോൺഗ്രസ് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും. ," കാലയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബി ജെ പിയിൽ നിന്നും ജെ ജെ പിയിൽ നിന്നും നിരവധി നേതാക്കൾ തങ്ങളുടെ പാർട്ടിയിൽ ചേർന്നതായി ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ പറഞ്ഞു. "പാർട്ടിയുടെ കുടുംബ ബലം തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു. ബി ജെ പിക്കും ജെ ജെ പിക്കും രാഷ്ട്രീയ അടിത്തറ നഷ്‌ടപ്പെട്ടു. ഇപ്പോൾ പൊതുജനങ്ങൾ ഒക്‌ടോബർ ഒന്നിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, അതിനാൽ കോൺഗ്രസ് സർക്കാർ വൻ ഭൂരിപക്ഷത്തോടെ രൂപീകരിക്കും," ഭാൻ പറഞ്ഞു.
അതേസമയം, ഈ വർഷം തന്നെ നിരവധി തിരിച്ചടികളാണ് സംസ്ഥാനത്ത് ജെ ജെ പി നേരിട്ടുകൊണ്ടിരിക്കുന്നത്. നേരത്തെ, വിമത എം എൽ എമാരായ ജോഗി റാം സിഹാഗ്, രാം നിവാസ് സുർജഖേര, രാം കുമാർ ഗൗതം, അനൂപ് ധനക് എന്നിവർ ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് കിരൺ ചൗധരിയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ നൽകിയിരുന്നു. ഈ വർഷം ജൂണിലാണ് ചൗധരി കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്നത്.












Click it and Unblock the Notifications