കോൺഗ്രസിന് തലവേദന, ഇടഞ്ഞ് സെൽജ; ബിജെപിയിലേക്കോ? ക്ഷണിച്ച് മനോഹർലാൽ ഖട്ടർ
നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന കുമാരി സെൽജ. പാർട്ടിയുടെ പ്രചരണങ്ങൾ നിന്ന് വിട്ട് നിൽക്കുകയാണവർ. തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയ വേളയിലും അവർ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഇതോടെ സംസ്ഥാനത്തെ കോൺഗ്രസിന്റെ ദളിത് മുഖങ്ങളിൽ ഒരാൾ കൂടിയായ സെൽജയുടെ നീക്കങ്ങളെ സംശയത്തോടെയാണ് നേതൃത്വം കാണുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സെൽജ കടുത്ത അതൃപ്തിയിലായിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. തന്റെ അനുയായികൾക്കായി 30 മുതൽ 35 സീറ്റുകൾ വരെ വേണമെന്ന ആവശ്യം സെൽജ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ വിരലിലെണ്ണാവുന്ന സീറ്റുകൾ മാത്രമാണ് സെൽജ പക്ഷത്തിന് ലഭിച്ചത്. സെൽജയിടെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന ഡോ അജയ് ചൗധരിക്ക് പോലും സീറ്റ് നേടിക്കൊടുക്കാൻ അവർക്ക് സാധിച്ചില്ല. മറുവശത്ത് ഭൂപീന്ദർ ഹൂഡ പക്ഷത്തിന് 72 സീറ്റുകൾ വരെ ലഭിക്കുകയും ചെയ്തു.

മാത്രമല്ല നർനൗണ്ട മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജാസി പെറ്റ്‌വാദിൻ്റെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിനിടെ കോൺ്ഗ്രസ് പ്രവർത്തകർ സെൽജയ്ക്കെതിരെ നടത്തിയ ജാതീയ പരാമർശത്തിലും അവർക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ദളിത് സമൂഹം ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തി. സംഭവത്തിൽ പാർട്ടി പ്രവർത്തകനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
സംഭവങ്ങൾക്ക് ശേഷം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നുള്ള സെൽജയുടെ അസാന്നിധ്യം ചർച്ചയായി. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെട്ടിരുന്ന സെൽജ ഈ മാസം 12 നാണ് അവസാനമായി പാർട്ടിക്ക് വേണ്ടി ഒരു പോസ്റ്റ് പങ്കിട്ടത്.
സംസ്ഥാനത്ത് ദളിത് നേതാക്കൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് സെൽജ. അതുകൊണ്ട് തന്നെ സെൽജയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നേതൃത്വം നടത്തിയിരുന്നു. ജാതീയ അധിക്ഷേപത്തിൽ പ്രവർത്തകർക്കെതിരെ ശക്തമായ താക്കീതുമായി കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ തന്നെ രംഗത്തെത്തി. 'അവർ ഞങ്ങൾക്ക് സഹോദരിയെ പോലെയാണ്, കോൺഗ്രസിലെ ബഹുമാന്യനായ നേതാവ് കൂടിയാണവർ. അവർക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള അധിക്ഷേപം നടത്തുന്നവർക്ക് കോൺഗ്രസിൽ സ്ഥാനം ഉണ്ടാകില്ല', എന്നായിരുന്നു ഹൂഡ പറഞ്ഞത്.
അതിനിടെ സെൽജയുടെ അതൃപ്തി മുതലെടുക്കാനുള്ള ശ്രമങ്ങൾ ബി ജെ പിയും ആരംഭിച്ചു. സെൽജയെ ബി ജെ പിയിലേക്ക് ക്ഷണിച്ച് കൊണ്ട് മുൻ മുഖ്യമന്തി മനോഹർ ലാൽ ഖട്ടർ തന്നെ രംഗത്തെത്തി. 'നമ്മുടെ ഒരു ദളിത് സഹോദരി കടുത്ത അധിക്ഷേപവും അപമാനവും നേരിട്ടു. അവർ ഇപ്പോൾ വീട്ടിലിരിക്കുകയാണ്. എന്നാൽ ഹൂഡ കുടുംബത്തിനോ ഗാന്ധി കുടുംബത്തിനോ ഒരു ലജ്ജയും ഇതിൽ തോന്നുന്നില്ല', എന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഖട്ടർ പറഞ്ഞത്. നിരവധി നേതാക്കളെ തങ്ങൾ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സെൽജയേയും സ്വീകരിക്കാൻ തയ്യാറാണെന്നും ഖട്ടർ പറഞ്ഞു.












Click it and Unblock the Notifications