ചെവിയിൽ പൂ ചൂടി സിദ്ധരാമയ്യയും കോൺഗ്രസ് എംഎൽഎമാരും, കർണാടക നിയമസഭയിൽ വേറിട്ട പ്രതിഷേധം

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ വേറിട്ട പ്രതിഷേധം. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ബിജെപി സര്‍ക്കാരിനോടുളള പ്രതിഷേധ സൂചകമായി സഭയിലേക്ക് എത്തിയത് ചെവിയില്‍ പൂവ് ചൂടിയാണ്. 2018ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും കഴിഞ്ഞ ബജറ്റിലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കിയെന്നും പറ്റിച്ചുവെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അദ്ദേഹത്തിന്റെ രണ്ടാമത്തേതും ബിജെപി സര്‍ക്കാരിന്റെ അവസാനത്തേതുമായ ബജറ്റാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷം മെയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ ബിജെപിക്ക് ഈ അവസാന ബജറ്റ് നിര്‍ണായകമാണ്. സിദ്ധരാമയ്യ സര്‍ക്കാരിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്. തിരഞ്ഞെടുപ്പ് പത്രികയില്‍ 600 വാഗ്ദാനങ്ങള്‍ നല്‍കിയ ബിജെപി അതില്‍ പത്തെണ്ണം പോലും നടപ്പാക്കിയിട്ടില്ലെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
ജനകീയ ബജറ്റാണ് ബിജെപി സര്‍ക്കാരിന്റെത് എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുളള പദ്ധതികള്‍ക്കാണ് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നതെന്നും ബൊമ്മെ പറഞ്ഞു. സര്‍ക്കാര്‍ ഡിഗ്രി കോളേജുകളിലും പ്രീ യൂണിവേഴ്‌സിറ്റികളിലും സൗജന്യ വിദ്യാഭ്യാസമാണ് ബജറ്റിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ഷകര്‍ക്കുളള പലിശ രഹിത ഹ്രസ്വകാല വായ്പാ തുക 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായാണ് ഉയര്‍ത്തിയിരിക്കുന്നത്.












Click it and Unblock the Notifications