തെലങ്കാന ചരിത്രം തിരുത്തും: സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലേക്കെന്ന് ലോക്‌പോൾ പ്രീ-പോൾ സർവ്വേ
തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി ആർ എസും തമ്മില്‍ അധികാരം പിടിക്കാന്‍ അതിശക്തമായ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ ബി ജെ പിയും ശ്രമിക്കുന്നതോടെ പല മണ്ഡലങ്ങളിലേയും മത്സരം ത്രികോണ പോരാട്ടമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് കോണ്‍ഗ്രസിന് ഏറെ ആശ്വാസം പകരുന്ന നിർണ്ണായ സർവ്വേ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
ലോക്‌പോൾ പ്രീ-പോൾ സർവേ പ്രകാരം സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം നേടുമെന്നാണ് പ്രവചനം. കൃത്യമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ആദ്യമായി സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും ബി ആർ എസ് കനത്ത തിരിച്ചടി നേരിടുമെന്നും സർവ്വേ അവകാശപ്പെടുന്നു. ഏറ്റവും പുതിയ സർവേ പ്രകാരം ആകെയുള്ള 119 സീറ്റുകളിൽ 69 മുതൽ 72 വരെ സീറ്റുകൾ കോൺഗ്രസ് നേടിയേക്കും.

ഭരണ കക്ഷിയായ ബി ആർ എസ് 36 മുതൽ 39 വരെ സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു. ബി ജെ പിക്ക് 2 മുതൽ 3 വരെ സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നതെന്നാണ് ഏറെ ശ്രദ്ധേയം. ഏറ്റവും കുറഞ്ഞത് 25 ലേറെ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെ ബി ജെ പി തെലങ്കാനയില്‍ പ്രവർത്തിച്ച് വരുന്നത്. അസദുദ്ദീന്‍ ഒവൈസി നയിക്കുന്ന ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എ ഐ എം ഐ എം) 5 മുതൽ 6 വരെ സീറ്റുകൾ നിലനിർത്തുമെന്നും സർവ്വേ പറയുന്നു. മറ്റുള്ളവർക്ക് ഒരു സീറ്റ് ലഭിച്ചേക്കാം.
ലോക്‌പോൾ സർവേ പ്രകാരം കോൺഗ്രസിന് മൊത്തം വോട്ട് വിഹിതത്തിന്റെ 43-46 ശതമാനത്തിലധികം നേടാന്‍ കഴിയും. നേരെമറിച്ച്, ബി ആർ എസിന് ഏകദേശം 38-41% വോട്ട് വിഹിതമായിരിക്കും ലഭിക്കുക. ബിജെപിക്ക് 7-10 ശതമാനവും എഐഎംഐഎമ്മിന് മൊത്തം വോട്ട് വിഹിതത്തിന്റെ 4-6 ശതമാനവും ലഭിച്ചേക്കും. 2014-ലെ തെരഞ്ഞെടുപ്പിൽ 119 നിയോജക മണ്ഡലങ്ങളിൽ ബി ആർ എസ് 63 സീറ്റുകളായിരുന്നു നേടിയത്.
കോൺഗ്രസ് 21, എ ഐ എം ഐ എം 7, ബിജെപി 5 സീറ്റുകളും നേടി. 2018 ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ആർ എസ് 88, കോൺഗ്രസ് 19, എ ഐ എം ഐ എം 7, ബി ജെ പി ഒരു സീറ്റ് എന്നതായിരുന്നു നില.












Click it and Unblock the Notifications