പഞ്ചാബിലെ അങ്കത്തിന് രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്; 86 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി
ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 86 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് ശനിയാഴ്ച പുറത്തിറക്കി. കോണ്‍ഗ്രസിന്റെ പഞ്ചാബ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ധു അമൃത്സര്‍ ഈസ്റ്റില്‍ നിന്നും മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും മത്സരിക്കും. ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ ദേരാ ബാബ നാനാക്കില്‍ നിന്നും ഗതാഗത മന്ത്രി രാജ അമ്രീന്ദര്‍ വാറിംഗ് ഗിദ്ദര്‍ബാഹയില്‍ നിന്നും മത്സരിക്കും.
നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദിന് മോഗ മണ്ഡലത്തില്‍ നിന്ന് ടിക്കറ്റ് നല്‍കി. രാജ്യസഭാ എംപി പ്രതാപ് സിംഗ് ബജ്വയും ഗായകന്‍ സിദ്ധു മൂസ്വാലയും ഖാദിയാന്‍, മന്‍സ മണ്ഡലങ്ങളില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം മാത്രം ശേഷിക്കെ, കൊറോണ വൈറസ് പടരുന്ന സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും മത്സരരംഗത്തുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രചരണങ്ങള്‍ വേഗത കൂട്ടിയിട്ടുണ്ട്. ഈ വര്‍ഷം, പഞ്ചാബ് തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതല്‍ ശക്തമാണ്, കാരണം കര്‍ഷക പ്രതിഷേധം പോലുള്ള ഒന്നിലധികം പ്രശ്നങ്ങള്‍ സംസ്ഥാനത്തുണ്ട്, കൂടാതെ ഭരണപക്ഷത്തെ ചേരിപ്പോരും തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒന്നാണ്.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി പഞ്ചാബിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ വ്യാഴാഴ്ച അന്തിമമാക്കിയിരുന്നു. സിറ്റിംഗ് എം.എല്‍.എമാരില്‍ ചിലരെ ആവര്‍ത്തിക്കുന്നതില്‍ സമവായം ഉണ്ടായില്ല. ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
അതേസമയം, 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് സംസ്ഥാനത്ത് കേവല ഭൂരിപക്ഷം നേടിയി 10 വര്‍ഷത്തിനുശേഷം ശിരോമണി അകാലിദള്‍-ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാരിനെ പുറത്താക്കിയിരുന്നു. ആം ആദ്മി പാര്‍ട്ടി (എഎപി) 20 സീറ്റുകളുമായി രണ്ടാമത്തെ വലിയ കക്ഷിയായി ഉയര്‍ന്നു, തൊട്ടുപിന്നാലെ എസ്എഡി 15 സീറ്റുകളില്‍ വിജയിച്ചു. ബിജെപിക്ക് വെറും മൂന്ന് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സ്ഥാനമൊഴിഞ്ഞിരുന്നു. ഇപ്പോള്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച അദ്ദേഹം 117 സീറ്റുകളിലും ബിജെപിയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ്.
മജിത - ജഗ്വീന്ദര്‍ പാല്‍ സിംഗ് (ജഗ്ഗ മജിത)
അമൃത്സര്‍ വെസ്റ്റ് - രാജ് കുമാര്‍ വെര്‍ക്ക
ഫത്തേഗഡ് സാഹിബ് - കുല്‍ജീത് നഗ്ര
ഭട്ടിന്‍ഡ അര്‍ബന്‍ - മന്‍പ്രീത് സിംഗ് ബാദല്‍
സംഗ്രൂര്‍ - വിജയ് ഇന്ദര്‍ സിംഗ്ല
ഫത്തേഗര്‍ ചൂരിയന്‍ - ട്രിപ്റ്റ് രജീന്ദര്‍ സിംഗ് ബജ്വ
എന്നിങ്ങനെയാണ് മറ്റ് പ്രധാനപ്പെട്ട സീറ്റുകള്‍.












Click it and Unblock the Notifications