തമിഴ്നാട്ടിൽ കോൺഗ്രസിന്റെ മിന്നും പ്രകടനം; നേടിയത് 592 സീറ്റുകൾ..നേട്ടം കൊയ്ത് ചെറുപാർട്ടികളും
ചെന്നൈ; തമിഴ്നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാഴ്ച വെച്ചത് മിന്നും പ്രകടനം. ഡി എം കെയുമായി സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിന് 592 സീറ്റുകളാണ് ലഭിച്ചത്. ഇതോടെ ഡി എം കെയും എ ഐ എ ഡി എം കെയും കഴിഞ്ഞാൽ വോട്ട് വിഹിതത്തിൽ മൂന്നാമത്ത വലിയ രാഷ്ട്രീയ പാർട്ടിയായി മാറാൻ കോൺഗ്രസിന് സാധിച്ചു.

21 കോർപ്പറേഷനുകൾ, 138 മുനിസിപ്പാലിറ്റികൾ, 489 നഗര പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി 12,816 സീറ്റുകളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 10 വർഷത്തിന് ശേഷമായിരുന്നു തിരഞ്ഞെടുപ്പ്. പലയിടങ്ങളിലും സീറ്റ് വിഭജനത്തിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപം കോൺഗ്രസ് ഉയർത്തിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ വൻ മുന്നേറ്റമാണ് കോൺഗ്രസ് കാഴ്ച വെച്ചിരിക്കുന്നത്.

ഇത്തവണ 123 കോർപറേഷൻ വാർഡുകളിൽ 73 വാർഡുകളും 394 മുനിസിപ്പാലിറ്റികളിൽ 151 മുനിസിപ്പാലിറ്റികളിലും പാർട്ടിക്ക് വിജയിക്കാൻ സാധിച്ചു. ചെന്നൈ കോർപറേഷനിൽ 16 ൽ 13 വാർഡും കോൺഗ്രസിനാണ് ലഭിച്ചത്.
2011 ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ 568 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചത്.

കോർപ്പറേഷനുകളിൽ കോൺഗ്രസിന്റെ സീറ്റ് വിഹിതം 2011-ൽ 2.07 ശതമാനം ആയിരുന്നത് ഇക്കുറി 59.34 ശതമാനമായി ഉയർന്നു. 2011-ൽ മുനിസിപ്പാലിറ്റികളിൽ സീറ്റ് വിഹിതം 4.4 ശതമാനം ആയിരുന്നെങ്കിൽ ഇത്തവണ അത് 38.32 ശതമാനം ആയി ഉയർന്നു. ടൗൺ പഞ്ചായത്തുകളിൽ 39.52 ശതമാനമാണ് സീറ്റ് ഇത്തവണത്തെ സീറ്റ് വിഹിതം. 2011 ൽ ഇത് 2.36 ശതമാനമായിരുന്നു.

മതേതര പുരോഗമന സഖ്യത്തിനും നല്ല ഭരണത്തിനും വേണ്ടി സംസ്ഥാനത്തെ ജനങ്ങൾ തകർപ്പൻ വിധിയാണ് നൽകിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പ്രവർത്തനത്തിന്റെ പിൻബലത്തിലാണ് മുന്നണിക്ക് വിജയം സാധ്യമായതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ അഴഗിരി പറഞ്ഞു. എ ഐ എ ഡി എം കെയേയും ബി ജെ പിയേയും അഴഗിരി രൂക്ഷമായി വിമർശിച്ചു. ഡി എം കെ- കോൺഗ്രസ് സഖ്യം ഇപ്പോഴും തുടരുന്നു. പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഞങ്ങളുടെ സഖ്യം. എന്നാൽ ബി ജെ പിയെയും എ ഐ എ ഡി എംകെയെയും നോക്കുകയാണെങ്കിൽ, അവരുടെ സഖ്യം കേവലം അവസരവാദം മാത്രമായിരുന്നു. എന്തിനാണ് സഖ്യം പിളർന്നതെന്ന് ഇപ്പോഴും അവർ ജനങ്ങളോട് പറഞ്ഞിട്ടില്ല. ജനങ്ങൾ മികച്ച തിരുമാനമാണ് എടുത്തത്, നല്ല ഭരണം എന്ന അവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും,അഴഗിരി വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഡി എം കെ മുന്നണിക്ക് വൻ വിജയം നേടാൻ സാധിച്ചതിൽ ജനങ്ങളോട് നന്ദി പറയുകയാണെന്ന് ചെന്നിത്തല പറഞ്ഞു. അതിനിടെ ഡി എം കെ സഖ്യത്തിന്റെ ഭാഗമായിരുന്ന സി പി എം, സി പി ഐ , മുസ്ലീം ലീഗ് പാർട്ടികൾക്കും മികച്ച പ്രകടനം തിരഞ്ഞെടുപ്പിൽ നടത്താനായി. യഥാക്രമം 166, 41, 58 സീറ്റുകളാണ് കക്ഷികൾക്ക് ലഭിച്ചത്.

10 വർഷത്തിന് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെ കേന്ദ്രങ്ങളെ അമ്പരിപ്പിച്ച് കൊണ്ടായിരുന്നു ഡി എം കെ സഖ്യത്തിന്റെ തേരോട്ടം. സംസ്ഥാനത്തെ 21 കോർപറേഷനുകളിലും മുനിസിപാലിറ്റികളിലും ടൗൺ പഞ്ചായത്തിലുമെല്ലാം ഭരണ മുന്നണി എഐഎഡിഎംകെയെ തൂത്തെറിയുന്നതായിരുന്നു കാഴ്ച. സംസ്ഥാന നേതാക്കൾ നേരിട്ട് പ്രചരണത്തിന് ഇറങ്ങിയിട്ട് പോലും എഐഎഡിഎംകെയെ രക്ഷിക്കാനായില്ല.












Click it and Unblock the Notifications