പവര്‍ കാണിക്കാന്‍ കോണ്‍ഗ്രസ്, ഇഡിയെ ഞെട്ടിക്കാന്‍ നാളെ റാലികള്‍, രാഹുല്‍ ഗാന്ധിക്കായി ശക്തിപ്രകടനം
ദില്ലി: രാഹുല്‍ ഗാന്ധി നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാവുകയാണ്. അതിന് മുമ്പ് കരുത്ത് കാണിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. രാജ്യത്താകെ വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന സമിതികള്‍ക്ക് അടക്കം നിര്‍ദേശമുണ്ട്. ഡെക്കാന്‍ ഹെറാള്‍ഡ് കേസില്‍ നാളെ ഹാജരാവാനാണ് രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യത്യസ്തമായ പ്രതിഷേധങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. സോണിയാ ഗാന്ധിയോടും ഹാജരാവാനായിരുന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൊവിഡ് വന്നത് കാരണം വിശ്രമത്തിലാണ് സോണിയ, ഇതുവരെ നെഗറ്റീവായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന ഘടകങ്ങളോട് ഇഡി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്താനാണ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. രാജ്യത്തെമ്പാടുമുള്ള ഇഡി ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് വ്യാപക പ്രതിഷേധം നടത്തും. പാര്‍ട്ടി നേതാവിനെ ചോദ്യം ചെയ്യും മുമ്പ് കരുത്ത് കാണിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ഇതിലൂടെ ബിജെപിയെ തന്നെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം. ദേശീയ വക്താക്കളോട് പല ഇടത്ത് നിന്ന് മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജസ്ഥാനിലെ പ്രമുഖ നേതാവ് സച്ചിന്‍ പൈലറ്റ് ലഖ്‌നൗവില്‍ വാര്‍ത്താസമ്മേളനം നടത്തും. അഹമ്മദാബാദില്‍ വെച്ച് പവന്‍ ഖേരയാണ് വാര്‍ത്താസമ്മേളം വിളിക്കുന്നത്.
പട്‌നയില്‍ നാസിര്‍ ഹുസൈന്‍, ഗോവയില്‍ മധു ഗൗഡ്, റായ്പൂരില്‍ വിവേക് തന്‍ക, ഷിംലയില്‍ സഞ്ജയ് നിരുപം, ചണ്ഡീഗഡില്‍ രഞ്ജിത്ത് രഞ്ജന്‍, ഡെറാഡൂണില്‍ അല്‍ക്ക ലാമ്പ എന്നിവരാണ് വാര്‍ത്താസമ്മേളനം വിളിക്കുക. ദേശീയ പ്രതിനിധികള്‍ ഇല്ലാത്ത ഇടങ്ങളില്‍ പ്രാദേശിക നേതാക്കളോട് വാര്‍ത്താസമ്മേളനം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ഇഡിയുടെ ഇരുപത്തഞ്ചോളം ഓഫീസുകളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയാണ് ഈ പ്രതിഷേധമെന്നും മാണിക്കം ടാഗോര്‍ വയ്ക്തമാക്കി.
രാഹുല്‍ ഗാന്ധിക്കൊപ്പം ഇഡി ഓഫീസിലേക്ക് സീനിയര്‍ നേതാക്കളും വരുന്നുണ്ട്. രാഹുലിനെയും സോണിയാ ഗാന്ധിയെയും വ്യാജ കേസില്‍ കുടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചന നടത്തി വന്നിരിക്കുകയാണെന്ന് ടാഗോര്‍ പറയുന്നു. ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് അമിത് ഷായും നരേന്ദ്ര മോദിയും ചേര്‍ന്ന് ശ്രമിക്കുന്നതെന്ന് ടാഗോര്‍ ആരോപിച്ചു. അടിസ്ഥാനരഹിതവും വ്യാജവുമായ കേസാണിത്. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണിത്. രാജ്യത്താകെയുള്ള പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ് ബിജെപി. അവരുടെ വീടുകള്‍ റെയ്ഡ് ചെയ്യുന്നു. ഇത്തരം ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു.












Click it and Unblock the Notifications