രാജ്യത്ത് സ്ഥിരീകരിച്ചതിന്റെ 15 മടങ്ങിലേറെ കോവിഡ് രോഗികൾ, മരണസംഖ്യ 6 മുതൽ 42 ലക്ഷം വരെ: ന്യൂയോർക്ക് ടൈംസ്
രാജ്യത്ത് സ്ഥിരീകരിച്ചതിന്റെ 15 മടങ്ങിലേറെ കോവിഡ് രോഗികൾ; മരണസംഖ്യ 6 മുതൽ 42 ലക്ഷം വരെ, ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് ഇന്ത്യ. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും മറ്റുള്ള രാജ്യങ്ങളെയെല്ലാം പിന്തള്ളിയ ഇന്ത്യ ഇനിയും അതിന്റെ ആഘാതത്തിൽ നിന്ന് പുറത്തെത്തിയിട്ടില്ല. പ്രതിദിന കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിന് മുകളിലും മരണസംഖ്യ നാലായിരത്തിന് മുകളിലും തുടരുകയാണ്. നാല് ലക്ഷത്തിൽ നിന്ന് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും മരണനിരക്ക് ഉയർന്ന് തന്നെ നിൽക്കുകയാണ്. എന്നാൽ സ്ഥിരീകരിക്കാത്ത കോവിഡ് കേസുകളും മരണങ്ങളും രാജ്യത്ത് ലക്ഷകണക്കിനായിരിക്കുമെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പറയുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഇതുവരെ 2,71,57,795 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 2,43,50,816 പേർ രോഗമുക്തി നേടുകയും 3,11,388 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 24,95,591 പേർ ചികിത്സയിലുണ്ട്. എന്നാൽ കോവിഡ് സ്ഥിരീകരിച്ചവരേക്കാൾ 15 മടങ്ങ് ആളുകൾക്ക് രോഗബാധയുണ്ടായേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. മരണനിരക്ക് രണ്ട് മടങ്ങ് മുതൽ പത്ത് മടങ്ങ് വരെയുമായിരിക്കാം.
ഇന്ത്യയിൽ മാത്രമല്ല കർശനമായ നിരീക്ഷണമുണ്ടായിരുന്ന മറ്റ് പല രാജ്യങ്ങളിലും ഇത്തരത്തിൽ സ്ഥിരീകരിച്ചതിനേക്കാൾ വളരെ കൂടുതലായിരിക്കും കോവിഡ് ബാധിച്ചവരുടെ എണ്ണം. കാരണം ധാരാളം ആളുകൾ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും അവ പരീക്ഷിച്ചിട്ടില്ല. കോവിഡ് -19 ന്റെ ആഗോള മരണസംഖ്യ റിപ്പോർട്ട് ചെയ്തതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടിയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടും വ്യക്തമാക്കുന്നു.
സാങ്കേതിക, സാംസ്കാരിക, ലോജിസ്റ്റിക് കാരണങ്ങളാൽ ഇന്ത്യയിലെ കേസുകളുടെയും മരണങ്ങളുടെയും എണ്ണം വളരെ കൂടുതലായിരിക്കും. ആശുപത്രികളിൽ പലതും കോവിഡ് രോഗികളാൽ നിറഞ്ഞ സാഹചര്യത്തിൽ നിരവധി പേരാണ് വീടുകളിൽ കോവിഡ് ബാധിച്ച് മരിച്ചത്, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ. ഇത് ഔദ്യോഗിക കണക്കുകളിൽ പലപ്പോഴും ഇടംപിടിക്കാറില്ല. മരണകാരണം സ്ഥിരീകരിക്കാൻ കഴിയുന്ന ലബോറട്ടറികളുടെ പ്രവർത്തനവും രാജ്യത്ത് കാര്യക്ഷമമല്ല.
കഴിഞ്ഞയാഴ്ച്ചയാണ് ലോകത്തെ ഏതൊരു രാജ്യത്തേക്കാളും വലിയ കൊവിഡ് ബാധിത പ്രതിദിന മരണസംഖ്യ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എങ്കില്‍ പോലും ഇത് യഥാര്‍ത്ഥ അവസ്ഥയേക്കാളും കുറവാകാനാണ് സാധ്യത ഏറെ കൂടുതല്‍. കൃത്യമായി രേഖപ്പെടുത്തപ്പെടാത്തതിനാലും വ്യാപകമായ പരിശോധനയില്ലാത്തതിനാലും ഇന്ത്യയിലെ രോഗ്യവ്യാപനത്തിന്റെ ആകെ കണക്കിനേക്കുറിച്ച് വ്യക്തത ലഭിക്കല്‍ ദുഷ്‌കരമാണ്. യഥാര്‍ത്ഥ മരണ സംഖ്യ കണ്ടെത്താന്‍ ഒരു രണ്ടാം തല എക്‌സ്ട്രാപൊലേഷന്‍ (അറിയപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ അറിയപ്പെടാത്ത ഒന്നിനെ കണക്കു കൂട്ടി കണ്ടുപിടിക്കല്‍) ആവശ്യമാണ്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏറ്റവും കുറഞ്ഞത് ആറ് ലക്ഷവും ഏറ്റവും കൂടിയത് 42 ലക്ഷവും ആയിരിക്കാമെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പറയുന്നു. രാജ്യത്ത് 40 കോടി മുതല്‍ 70 കോടി പേര്‍ക്ക് വരെ രോഗബാധയുണ്ടായിട്ടുണ്ടാകാമെന്നും വിവിധ പഠനങ്ങളെ ഉദ്ധരിച്ച് അവർ റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications