'ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ സിപിഎം അനുകൂലിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല'; മലക്കം മറിഞ്ഞ് ദേവഗൗഡ
പിണറായിയെ കുറിച്ചുള്ള പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡ.സിപിഎം ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് താൻ പറഞ്ഞിട്ടില്ലെന്നും കേരളത്തില്‍ ജെഡിഎസ് സംസ്ഥാന ഘടകം എല്‍ഡിഎഫിനൊപ്പമെന്നാണ് താൻ പറഞ്ഞതെന്നും ദേവഗൗഡ പറഞ്ഞു. എക്സിലൂടെയായിരുന്നു ദേവഗൗഡയുടെ വിശദീകരണം.

സിപിഎമ്മിനെക്കുറിച്ചുള്ള തന്റെ പ്രസ്താവനയിൽ ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് എക്സിലൂടെയുള്ള ദേവഗൗഡയുടെ വിശദീകരണം. 'ഞാൻ പറഞ്ഞ കാര്യങ്ങളോ പറഞ്ഞ സന്ദർഭമോ എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കൾക്ക് മനസസിലായിട്ടുണ്ടെന്ന് തോന്നുന്നില്ല.സിപിഎം ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് ഞാൻ പറഞ്ഞിട്ടില്ല.ബിജെപിയുമായുള്ള സഖ്യത്തിന് ശേഷം കർണാടകയ്ക്ക് പുറത്തുള്ള എന്റെ പാർട്ടി ഘടകങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ ഘടകം അവിടെ എൽഡിഎഫ് സർക്കാരുമായി യോജിച്ചുപോവുകയാണെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്, ഗൗഡ വിശദീകരിച്ചു.
ജെ ഡി എസ് - ബി ജെ പി സഖ്യത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചിരുന്നുവെന്നായിരുന്നു ദേവഗൗഡയുടെ പ്രസ്താവന. കേരളത്തില്‍ ഭരണകക്ഷിയായ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന പാർട്ടിയാണ് ജെ ഡി എസ്. ഞങ്ങള്‍ക്ക് അവിടെ രണ്ട് എം എല്‍ എമാരുണ്ട്. അതില്‍ ഒരാള്‍ മന്ത്രിയാണ്. ബി ജെ പിയുമായി ചേർന്നുപോകുന്നതിന്റെ കാരണം അവർ മനസ്സിലാക്കി. ഞങ്ങളുടെ മന്ത്രി ആ നീക്കത്തിന് സമ്മതം തന്നു. പാർട്ടിയെ രക്ഷിക്കാൻ ബി ജെ പിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും പൂർണ സമ്മതം തന്നതാണ്', എന്നായിരുന്നു ദേവഗൗഡ പറഞ്ഞത്.
എന്നാൽ ഇതിനെതിരെ പിണറായി വിജയനും സിപിഎം നേതൃത്വവും രംഗത്തെത്തിയിരുന്നു.ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്നായിരുന്നു പിണറായി തുറന്നടിച്ചത്.ദേവഗൗഡയുടെ പ്രതികരണം ശുദ്ധ അസംബന്ധമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു.
'ബിജെപിയോടുള്ള ഞങ്ങളുടെ സമീപനവും നിലപാടും ഏവർക്കും അറിയുന്നതാണ്. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് അങ്ങനെ പ്രതികരിച്ചതെന്ന് മനസിലാകുന്നില്ല. ജനതാദൾ എസിൽ എടുക്കുന്ന തീരുമാനങ്ങൾ പ്രായാധിക്യം കാരണം അദ്ദേഹത്തിന് മനസിലാകുന്നില്ല എന്ന് വേണം കരുതാൻ. ജനതാദൾ സെക്യുലർ എന്ന് പേരുള്ള ഒരു പാർടിക്ക് എങ്ങനെ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ കഴിയും. ബിജെപിയുമായുള്ളള സഖ്യത്തെ അവരുടെ കേരള ഘടകം യോഗം ചേർന്ന് എകകണ്‌ഠമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവർ എൽഡിഎഫിന്റെ ഭാഗമായി നിൽക്കുന്നത്',എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.












Click it and Unblock the Notifications