അജിത് പവാർ വിഭാഗത്തിന്റെ വരവിൽ ഷിൻഡെ ക്യാമ്പിൽ അതൃപ്തി; പരസ്യ പ്രതികരണവുമായി നേതാക്കൾ
മുംബൈ; അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി പക്ഷത്തിന്റെ വരവിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ക്യാമ്പിന് അതൃപ്തി. ശിവസേന നേതാക്കളിൽ പലരും പുതിയ രാഷ്ട്രീയ നീക്കത്തിൽ അസംതൃപ്തരാണെന്ന് ഷിൻഡെ വിഭാഗം നേതാവ് സഞ്ജയ് ഷിർസത് വെളിപ്പെടുത്തി. നേതാക്കളുടെ വരവ് തങ്ങളുടെ സാധ്യതകൾ ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം നേതാക്കളമെന്നും അദ്ദേഹം എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'രാഷ്ട്രീയത്തിൽ എതിർ പക്ഷത്തെ പാർട്ടിയിലുള്ളവർ നമ്മുക്കൊപ്പം കൈകോർക്കാൻ തയ്യാറായാൽ അവരെ ഒപ്പം കൂട്ടുകയാണ് വേണ്ടത്. അത് തന്നെയാണ് ബിജെപി ഇവിടെ ചെയ്തത്. എന്നാൽ എൻസിപി നേതാക്കൾ വന്നതോടെ തങ്ങൾക്ക് പല പദവികളും കിട്ടില്ലെന്ന ആശങ്ക ശിവസേന നേതാക്കൾക്കുണ്ട്. എൻസിപി എൻഡിഎയ്ക്കൊപ്പം ചേർന്നതിൽ ഭരണപക്ഷത്തെ എല്ലാ നേതാക്കളും സന്തുഷ്ടരാണെന്നത് സത്യമല്ല', സഞ്ജയ് ഷിർസത് വ്യക്തമാക്കി.

'ഞങ്ങൾ ഇക്കാര്യം മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. അവരാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. ഞങ്ങൾ എല്ലാ കാലാത്തും എൻസിപിക്ക് എതിരാണ്. ഇപ്പോഴും ഞങ്ങൾ ശരദ് പവാറിന് എതിരാണ്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയെന്ന നിലയിൽ ശരദ് പവാർ ഉപയോഗിക്കുകയായിരുന്നു. ഉദ്ധവ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ എൻസിപിയാണ് ഭരണം നടത്തിയിരുന്നത്. ഇനി ഏക്നാഥ് ഷിൻഡെ മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കും', സഞ്ജയ് ഷിർസത് പറഞ്ഞു.
അജിത് പവാർ പക്ഷത്തെ 9 എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകിയതിലും ഷിൻഡെ ക്യാമ്പിന് കടുത്ത അതൃപ്തിയുണ്ട്. നേരത്തേ ഷിൻഡെയ്ക്കൊപ്പം 40 എംഎൽഎമാരായിരുന്നു എൻഡിഎയുടെ ഭാഗമായത്. ഇവരിൽ പലരും മന്ത്രിസ്ഥാനം സ്വപ്നം കണ്ടുകഴിയുകയാണ്. മന്ത്രിസഭപുനഃസംഘടനയിൽ നേരത്തേ ഇവരിൽ നിന്നും 10 പേർക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഉടൻ മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നലൽ അജിത് പവാർ പക്ഷത്തുള്ള നേതാക്കൾക്കായിരിക്കും കൂടുതൽ പദവികൾ ലഭിച്ചേക്കുകയെന്നതാണ് ശിവസേന നേതാക്കളുടെ ആശങ്ക.
ഇതിനോടകം തന്നെ സുപ്രധാന വകുപ്പുകൾക്ക് മേൽ അജിത് പവാർ പക്ഷം അവകാശവാദം ഉന്നയിച്ചിട്ടുമുണ്ട്. ധനകാര്യം, സഹകരണം അടക്കമുള്ള വകുപ്പുകൾ നൽകണമെന്നതാണ് ആവശ്യം. ഇതിൽ ശക്തമായ എതിർപ്പും ശിവസേന പക്ഷത്തെ നേതാക്കൾ ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതിനിടെ യഥാർത്ഥ എൻസിപി നേതൃത്വം ആരെന്നത് സംബന്ധിച്ച് അജിത് പവാർ-ശരദ് പവാർ പക്ഷങ്ങൾ തമ്മിലുള്ള പിടിവലി തുടരുകയാണ്. ഇന്ന് അജിത് പവാർ വിളിച്ച് ചേർത്ത യോഗത്തിൽ 31 എൻസിപി എംഎൽഎമാർ പങ്കെടുത്തിരുന്നു. അതേസമയം ശരദ് പവാർ പക്ഷത്തിനൊപ്പം 17 പേരായിരുന്നു ഉണ്ടായിരുന്നത്. പാർട്ടിയുടെ പേരും ചിഹ്നവും ലഭിക്കണമെങ്കിൽ അജിത് പവാർ പക്ഷത്തിന് ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 35 പേരുടെ പിന്തുണ ആവശ്യമാണ്. തങ്ങൾക്ക് 40 പേരുടെ പിന്തുണ ഉണ്ടെന്നാണ് അജിത് പവാർ അവകാശപ്പെടുന്നത്.












Click it and Unblock the Notifications