ക്രൂഡ് ഓയില്‍ വീണു; രൂപ കരുത്ത് കൂട്ടി, സ്വര്‍ണം താഴേക്ക്, വിപണിയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നു. ബ്രെന്റ് ക്രൂഡ് ബാരല്‍ വില 89 ഡോളറായി താഴ്ന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്ന് മാത്രമല്ല, സൗദിയും ഹൂതികളും തമ്മിലുള്ള യുദ്ധം തുടരുകയുമാണ്. ഈ സാഹചര്യത്തില്‍ സ്വാഭാവികമായും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കേണ്ടതാണെങ്കിലും വില കുറയുന്നത് അപ്രതീക്ഷിതമാണ്.
ഈ വര്‍ഷം ഫെബ്രുവരി 28നാണ് ഇറാനെതിരായ യുദ്ധം ആരംഭിച്ചത്. പിന്നീട് ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുകയായിരുന്നു. ഹോര്‍മുസ് പാത തടയപ്പെട്ടു എന്നതായിരുന്നു പ്രധാന കാരണം. എന്നാല്‍ ഇപ്പോഴും ഈ സ്ഥിതിയില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെങ്കിലും ക്രൂഡ് ഓയില്‍ വില താഴുകയാണ്. ഹോര്‍മുസ് വഴി പോകുന്ന കപ്പലുകള്‍ മൈന്‍ പൊട്ടി തകരുന്നത് നിത്യമായിട്ടും ക്രൂഡ് വില കുറയുന്നു എന്നതാണ് വിപണിയിലെ വേറിട്ട മാറ്റം.

അതേസമയം, ഇന്ത്യന്‍ രൂപയും അമേരിക്കന്‍ ഡോളറും കരുത്ത് വര്‍ധിപ്പിക്കുകയാണ്. ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ രൂപ 92.29 എന്ന നിരക്കിലേക്ക് മെച്ചപ്പെട്ടു. ഈ വര്‍ഷം ആഭ്യന്തര വിപണിയില്‍ രൂപയുടെ മൂല്യശോഷണം കാരണം ഉണ്ടായ നഷ്ടങ്ങളെല്ലാം നികത്തുന്ന രീതിയിലാണ് പുതിയ മുന്നേറ്റം. ഡോളര്‍ സൂചിക ഉയരുന്ന വേളയില്‍ തന്നെ രൂപയും മുന്നേറുന്നു എന്നതും അപൂര്‍വമാണ്.
രൂപയുടെ മൂല്യം ഉയരുമ്പോള്‍ ഇറക്കുമതിക്കാര്‍ക്ക് നേട്ടമാണ്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കു അധിക ചെലവ് വരില്ല. അതേസമയം, കയറ്റുമതി ചെയ്യുന്നവര്‍ക്ക് നേരത്തെ ലഭിച്ചിരുന്ന അത്ര ലാഭം ലഭിക്കുകയുമില്ല. കയറ്റുമതിക്കാരെ സംബന്ധിച്ച് രൂപയുടെ മൂല്യം കുറയുന്നതാണ് നേട്ടം. ഇന്ത്യന്‍ വിപണി കൂടുതല്‍ കരുത്തുറ്റതാകുന്നു എന്നതിന്റെ സൂചന കൂടിയാണ് രൂപയുടെ മുന്നേറ്റം.
സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു എന്നതാണ് വിപണിയില്‍ സംഭവിക്കുന്ന മറ്റൊരു മാറ്റം. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്ന അഭ്യൂഹമാണ് നിലവില്‍ സ്വര്‍ണവില കുറയാന്‍ ഒരു കാരണം. പലിശ നിരക്ക് ഉയരുമ്പോള്‍ ബോണ്ട് വരുമാനം ഉയരും. കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണം വിട്ട് ബാങ്ക് നിക്ഷേപത്തിലേക്ക് തിരിയും. ഈ വേളയില്‍ സ്വര്‍ണവില താഴുമെന്നതാണ് സംഭവിക്കുന്ന മാറ്റം.
ഇന്ന് സ്വര്‍ണവില രണ്ടു തവണയാണ് കേരളത്തില്‍ കുറഞ്ഞത്. രാവിലെ ഒരു പവന് 2360 രൂപ കുറഞ്ഞതിന് പുറമെ ഉച്ചയ്ക്ക് ശേഷം 960 രൂപ കൂടി കുറഞ്ഞു. ഇന്ന് മാത്രം 3300 രൂപയുടെ ഇടിവുണ്ടായത് സ്വര്‍ണം വങ്ങുന്നവര്‍ക്ക് നേട്ടമാണ്. എന്നാല്‍ വ്യാപാരികള്‍ക്ക് തിരിച്ചടിയുമാണ്. അവര്‍ ഉയര്‍ന്ന വില കൊടുത്ത് വാങ്ങിയ സ്വര്‍ണമാണ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടി വരുന്നത്. ഇടത്തരം ജ്വല്ലറികള്‍ക്ക് ഇത് തിരിച്ചടിയാണെങ്കിലും വന്‍കിട ജ്വല്ലറിക്കാരെ ബാധിക്കില്ല.





Click it and Unblock the Notifications
