കേന്ദ്ര ജീവനക്കാരുടെ ശമ്പളം കുറയും; ഡിഎ തടഞ്ഞു, പെന്‍ഷനിലും പിടിത്തം, കടുത്ത തീരുമാനം
ദില്ലി: കൊറോണ വൈറസ് വ്യാപനം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തില്‍ വരുത്താന്‍ തീരുമാനിച്ച വര്‍ധനവ് താല്‍ക്കാലികമായി നടപ്പാക്കില്ല. ശമ്പളത്തോടൊപ്പം ലഭിക്കുന്ന ക്ഷാമ ബത്തയാണ് നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ നല്‍കേണ്ട ക്ഷാമബത്തയാണ് തടഞ്ഞുവയ്ക്കുക. പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന ഡിആറും നല്‍കില്ല. മാത്രമല്ല, ജൂലൈ ഒന്ന് മുതല്‍ 2021 ജനുവരി ഒന്ന് വരെ നല്‍കേണ്ട അഡീഷണല്‍ ഡിഎ, ഡിആര്‍ എന്നിവ നല്‍കേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാന്‍ ഇവ അനുവദിച്ചേക്കും. ധനമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിവരം അറിയിച്ചത്.

വര്‍ഷത്തില്‍ രണ്ട് തവണയാണ് ഡിഎയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്താറ്. വിപണിയിലെ വില സൂചിക അടിസ്ഥാനമാക്കിയാണ് ഈ മാറ്റം വരുത്തുക. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം ജനുവരി വരെയുള്ള ഡിഎ വര്‍ധനവാണ് തടയുക. അതായത് മൂന്ന് തവണ നടപ്പാക്കേണ്ട വര്‍ധനവ് ഉണ്ടാകില്ല. ഇക്കഴിഞ്ഞ ജനുവരി, അടുത്ത ജൂലൈ, അടുത്ത വര്‍ഷം ജനുവരി എന്നീ മാസങ്ങളില്‍ വരുത്തുന്ന വര്‍ധനവാണ് തടഞ്ഞിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഡിഎ കുറയ്ച്ചാല്‍ സ്വാഭാവികമായും സംസ്ഥാനങ്ങളും കുറയ്ക്കാറുണ്ട്. അത്തരം തീരുമാനം വന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ ജീവനക്കാര്‍ക്കും ശമ്പളത്തില്‍ കുറവുണ്ടാകും. കേന്ദ്രവും സംസ്ഥാനവും ഡിഎ കുറച്ചാല്‍ 1.20 ലക്ഷം കോടി രൂപ പൊതുഖജനാവിലേക്ക് എത്തും.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം 48.34 ലക്ഷം ജീവനക്കാര്‍ക്കും 65.26 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വരുമാനത്തില്‍ ഇടിവ് വരുത്തും. ആരോഗ്യമേഖലയില്‍ അപ്രതീക്ഷിതമായ ചെലവ് വര്‍ധിച്ചതാണ് മറ്റു മേഖലകളില്‍ അച്ചടക്കം പാലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മൂന്ന് തവണ വരുത്തേണ്ടിയിരുന്ന ഡിഎ വര്‍ധനവാണ് തടഞ്ഞത്. 2021 ജൂലൈയിലാകും ഇനി വര്‍ധനവ് പരിഗണിക്കുക. സര്‍ക്കാരിന്റെ പുതിയ തീരുമാനം പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം 37350 കോടി രൂപയാണ് ഖജനാവിലേക്ക് എത്തിക്കുക.
കേരളത്തില്‍ കഴിഞ്ഞദിവസം നേരിയ തോതില്‍ ശമ്പളം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. 30 ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണം എന്നാണ് തീരുമാനം. ഒറ്റയടിക്ക് ഇത്് നടപ്പാക്കില്ല. പകരം ഓരോ മാസവും ആറ് ദിവസത്തെ ശ്മ്പളം പിടിക്കും. ഇങ്ങനെ അഞ്ച് മാസം തുടരും. സാലറി ചലഞ്ചില്‍ നിന്ന് സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ജീവനക്കാരനെയും ഒഴിവാക്കേണ്ട എന്നും തീരുമാനിച്ചു. പുതിയ നിര്‍ദേശം ധനമന്ത്രി തോമസ് ഐസക്കാണ് മന്ത്രിസഭയില്‍ മുന്നോട്ടുവച്ചത്. ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളം സര്‍ക്കാരിന് ലഭിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക് ഭാരമാവുകയുമില്ല.












Click it and Unblock the Notifications