രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്‌ടക്കേസ്; നടപടികൾ സ്‌റ്റേ ചെയ്‌ത് കർണാടക ഹൈക്കോടതി
ബെംഗളൂരു: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ നടപടികൾ സ്‌റ്റേ ചെയ്‌ത് കർണാടക ഹൈക്കോടതി. 2023 മെയിൽ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യധാരാ പത്രങ്ങളിൽ അപകീർത്തികരമായ പരസ്യം നൽകിയതിന് ബിജെപി സംസ്ഥാന ഘടകം നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
ഇതിലാണ് കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്. നാലാം പ്രതിയായി തന്നെ ചേർത്ത മാനനഷ്‌ടക്കേസിന്റെ നിയമസാധുത ചോദ്യം ചെയ്‌ത് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ ജനുവരി 17ന് ജസ്‌റ്റിസ് എം നാഗപ്രസന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 2019-23 ഭരണകാലത്ത് ബിജെപി സർക്കാർ വൻ അഴിമതി നടത്തിയെന്ന് ആരോപിച്ചായിരുന്നു വിവാദ പരസ്യം പോലീസ് നൽകിയത്.

2023 ജൂണിൽ ഒന്നിലധികം സമൻസുകളിൽ പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടതോടെ എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ പരിഗണിക്കുന്ന കോടതിയുടെ നിർദ്ദേശപ്രകാരം രാഹുൽ ഗാന്ധി പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. തുടർന്ന് കഴിഞ്ഞ ഡിസംബറിൽ മാനനഷ്‌ടക്കേസിന്റെ വിചാരണ വേളയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് പ്രത്യേക കോടതി ഉപാധികളോടെ അദ്ദേഹത്തിന് സ്ഥിരമായ ഇളവ് നൽകിയിരുന്നു.
പ്രതിയെന്ന നിലയിൽ തന്റെ വ്യക്തിത്വത്തിൽ തർക്കമില്ലെന്നും അദ്ദേഹത്തിന്റെ അഭാവത്തിൽ അഭിഭാഷകർ ഹാജരാകണമെന്നും എല്ലാ വ്യവഹാര തീയതികളിലും അദ്ദേഹത്തിനു വേണ്ടി ഹാജരാകണമെന്നും, തെളിവെടുപ്പിൽ എതിർപ്പില്ലെന്ന് ഉറപ്പുനൽകണമെന്നും പ്രത്യേക കോടതി ഉപാധികൾ മുന്നോട്ട് വച്ചിരുന്നു.
മാത്രമല്ല കോടതി എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന ഭാരിച്ച ഉത്തരവാദിത്തം കൈകാര്യം ചെയ്യുന്നതും കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാവ് എന്ന കണക്കിലെടുത്താണ് കോടതി രാഹുൽ ഗാന്ധിക്ക് ഹാജരാകുന്നതിൽ ഇളവ് നൽകിയത്.
കേസിന് ആസ്‌പദമായ സംഭവം
2023 ജൂണിൽ സമർപ്പിച്ച പരാതിയിൽ മെയ് 5ന് കുറ്റാരോപിതർ നൽകിയ പരസ്യങ്ങളിൽ 'തെറ്റായതും അടിസ്ഥാനരഹിതവും അശ്രദ്ധവുമായ' ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. ഡികെ ശിവകുമാർ കെപിസിസി അധ്യക്ഷൻ എന്ന നിലയിലും സിദ്ധരാമയ്യ നിയമസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിലുമാണ് പരസ്യങ്ങൾ നൽകിയത്. രാഹുൽ ഗാന്ധി ഈ പരസ്യങ്ങൾ തന്റെ എക്‌സ് പോസ്‌റ്റിൽ പങ്കിട്ടിരുന്നു.












Click it and Unblock the Notifications