നിർഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റില്ല, വധശിക്ഷ നടപ്പാക്കുന്നത് ദില്ലി കോടതി സ്റ്റേ ചെയ്തു
ദില്ലി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ല. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കുന്നത് വരെ വധശിക്ഷ ദില്ലി കോടതി സ്റ്റേ ചെയ്തു. കേസിലെ നാല് പ്രതികളില്‍ ഒരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ വധശിക്ഷ നാളെ നടപ്പിലാക്കാനാവില്ലെന്നും ദില്ലി കോടതി ജഡ്ജ് ധര്‍മേന്ദ്ര റാണ വ്യക്തമാക്കി. ശിക്ഷ നടപ്പിലാക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് കോടതി ഉത്തരവ്.
അക്ഷയ് താക്കൂര്‍(31) പവന്‍ ഗുപ്ത( 25), മുകേഷ് സിംഗ് (32) വിനയ് ശര്‍മ (26) എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍. കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം പ്രതികള്‍ നിരന്തരം ഹര്‍ജികളുമായി കോടതിയെ സമീപിച്ച് കൊണ്ടിരിക്കുകയാണ്.

നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് പ്രതികൾ ദയാഹർജി അടക്കമുളള നീക്കങ്ങളുമായി മുന്നോട്ട് പോയതോടെയാണ് വധശിക്ഷ നീണ്ട് പോയത്. പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ വൈകുന്നതിന് എതിരെ നിർഭയയുടെ അമ്മ ആശാ ദേവി വിമർശനവുമായി രംഗത്ത് വന്നിരുന്നു.
2012 ഡിസംബര്‍ 16നാണ് രാജ്യതലസ്ഥാനത്ത് വെച്ച് നിര്‍ഭയ ആക്രമിക്കപ്പെട്ടത്. ഓടുന്ന ബസ്സില്‍ വെച്ച് ആറ് പേര്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി ചികിത്സയ്ക്കിടെ ഡിസംബര്‍ 28നാണ് സിംഗപ്പൂരില്‍ വെച്ച് മരണപ്പെട്ടത്. പ്രതികളില്‍ ഒരാളായ രാം സിംഗ് ജയിലില്‍ വെച്ച് ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതി ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി.












Click it and Unblock the Notifications