ജാമിയ മില്ലിയ വിദ്യാര്‍ഥി പ്രക്ഷോഭം; വെടിവച്ചുവെന്ന് പോലീസ് സമ്മതിച്ചു
ദില്ലി: പൗരത്വ നിയമത്തിനെതിരെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ദില്ലിയില്‍ നടത്തിയ പ്രക്ഷോഭത്തിനിടെ വെടിവച്ചുവെന്ന് പോലീസ് സമ്മതിച്ചു. ഡിസംബര്‍ 15ന് നടന്ന പ്രക്ഷോഭം നിയന്ത്രിക്കാന്‍ വേണ്ടിയാണ് വെടിവച്ചതെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പോലീസ് ഓഫീസര്‍ പറഞ്ഞുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

സ്വയ രക്ഷാര്‍ഥമാണ് പോലീസ് ആകാശത്തേക്ക് വെടിവച്ചത്. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കണ്ട സാഹചര്യത്തിലായിരുന്നു ഇത്. പോലീസ് സ്‌റ്റേഷനിലെ ജനറല്‍ ഡയറിയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഓഫീസര്‍ പറഞ്ഞു. പോലീസ് ഓഫീസര്‍മാര്‍ തോക്കുമായി നടക്കുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണംപുരോഗമിക്കവെയാണ് പുതിയ റിപ്പോര്‍ട്ട്.
മഥുര റോഡില്‍ വച്ച് പോലീസിന് നേരെ വ്യാപകമായ കല്ലേറുണ്ടായി. ഈ വേളയിലാണ് വെടിവച്ചതെന്ന് പോലീസ് പറയുന്നു. പോലീസ് വെടിവച്ചുവെന്ന് നേരത്തെ വിദ്യാര്‍ഥികള്‍ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും പോലീസ് നിഷേധിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റെന്ന് ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത് ടിയര്‍ ഗ്യാസ് പൊട്ടിയതുമൂലമുള്ളതാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, പോലീസുകാര്‍ തോക്കുമായി നടക്കുന്നതും വെടിവയ്ക്കുന്നുമായ വീഡിയോകള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇത് സംബന്ധിച്ച അന്വേഷണവും തുടങ്ങി.
ഒരു പോലീസുകാരന്‍ ആകാശത്തേക്ക് വെടിവയ്ക്കുന്നതും പ്രക്ഷോഭകരുടെ നേര്‍ക്ക് ഓടുന്നതുമായ വീഡിയോ പ്രചരിച്ചിരുന്നു. പിന്നീട് നാല് തവണ വെടിയൊച്ചയും കേള്‍ക്കാമായിരുന്നു. പ്രക്ഷോഭകരില്‍ ഒരാള്‍ വെടിയേറ്റ് വീഴുന്ന വീഡിയോയും പ്രചരിച്ചിരുന്നു. പരിക്കേറ്റ ജാമിയ വിദ്യാര്‍ഥി അജാസിനെ ദില്ലി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹോളി ഫാമിലി ആശുപത്രിയിലും വിദ്യാര്‍ഥികള്‍ ചികില്‍സ തേടിയിരുന്നു. ആരോപണങ്ങള്‍ ഏറെ ഉയര്‍ന്നെങ്കിലും പോലീസ് വെടിവച്ചില്ലെന്ന നിലപാടാണ് ഇതുവരെ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ആദ്യമായിട്ടാണ് വെടിയുതിര്‍ത്ത കാര്യം ഇപ്പോള്‍ സമ്മതിക്കുന്നത്.












Click it and Unblock the Notifications