Get Updates
Get notified of breaking news, exclusive insights, and must-see stories!

തള്ളാനും കൊള്ളാനും വയ്യ; സത്യപാല്‍ മാലികിനക്കൊണ്ട് പുലിവാല് പിടിച്ച് ബി.ജെ.പി

ന്യൂദല്‍ഹി: ദേശീയ നേതൃത്വത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ തള്ളാനും കൊള്ളാനുമാകാതെ ബി.ജെ.പി. പാര്‍ട്ടി നിലപാടുകളെ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ തന്നെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയ സത്യപാല്‍ മാലിക്കിനെ എന്തിനാണ് പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കുന്നതെന്നാണ് പ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ അടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സത്യപാല്‍ മാലികിനെതിരെ എടുത്ത് ചാടി ഒന്നും ചെയ്യേണ്ട എന്ന നിലപാടിലാണ് നേതൃത്വം.

പ്രത്യേകിച്ച് ബി.ജെ.പിയുടെ അഭിമാനപോരാട്ടം നടക്കുന്ന ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സത്യപാല്‍ മാലികിനെതിരായ നടപടി പാര്‍ട്ടി വോട്ടുകളെ ബാധിക്കുമെന്ന് ഭയപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് സത്യപാല്‍ മാലിക്. കാര്‍ഷിക നിയമവും സമരവും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് നിയമം പിന്‍വലിച്ച് ഒരുവിധത്തില്‍ പ്രതിഷേധം തണുപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സത്യപാല്‍ മാലികിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നോ പാര്‍ട്ടിയില്‍ നിന്നോ തന്നെയോ മാറ്റിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സത്യപാല്‍ മാലിക് പ്രധാനമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായെത്തിയത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ ധിക്കാരം കാരണം വാക്കുതര്‍ക്കത്തിലെത്തിയെന്നായിരുന്നു സത്യപാല്‍ മാലിക് പറഞ്ഞത്.

ഇതോടെയാണ് അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നു തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പുറത്താക്കിയാല്‍ അത് വാര്‍ത്തകളില്‍ നിറയുമെന്നും പാര്‍ട്ടിയ്ക്ക് ക്ഷീണം ചെയ്യുമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മേഘാലയ ഗവര്‍ണര്‍ സ്ഥാനത്ത് സത്യപാല്‍ മാലികിന് ഒമ്പത് മാസം കൂടി അവശേഷിക്കുന്നുണ്ട്. നിലവില്‍ മാലികിന്റെ പ്രസ്താനകള്‍ക്ക് മുഖം കൊടുക്കേണ്ടെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

satyapal malik

'അദ്ദേഹത്തെ ഗൗനിക്കേണ്ടെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. വരുണ്‍ ഗാന്ധിയുടെ കാര്യത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും സോഷ്യല്‍ മീഡിയയില്‍ ഓരോ പോസ്റ്റ് പങ്കുവെച്ച് ബി.ജെ.പി പ്രവര്‍ത്തകരെ വേദനിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അര്‍ഹിക്കുന്ന അവജ്ഞയോടെ അവയെല്ലാം തള്ളിക്കളയാനാണ് ഞങ്ങളുടെ തീരുമാനം,' പേര് വെളിപ്പെടുത്താത്ത ഒരു കേന്ദ്രസര്‍ക്കാര്‍ വൃത്തത്തെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതാദ്യമായല്ല സത്യപാല്‍ മാലിക് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്നത്. നരേന്ദ്ര മോദിയെയും അമിത് ഷായെയും ബി.ജെ.പിയെയും, ആര്‍.എസ്.എസിനേയുമെല്ലാം പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകള്‍ സത്യപാല്‍ മാലിക് നടത്താറുണ്ട്. ബി.ജെ.പി അഴിമതിയ്‌ക്കെതിരെ കാര്യമായൊന്നും ചെയ്യുന്നില്ലായെന്ന് മുന്‍പ് മാലിക് പറഞ്ഞിരുന്നു.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ഓടി നടന്ന് ന്യായീകരിച്ചപ്പോള്‍ കശ്മീരില്‍ വലിയ അക്രമങ്ങളൊന്നുമില്ലെന്നായിരുന്നു സത്യപാല്‍ മാലിക് പറഞ്ഞത്. കശ്മീര്‍ ഗവര്‍ണറായിരിക്കെ അംബാനിയുടെയും ആര്‍.എസ്.എസിലെ പ്രമുഖ നേതാവിന്റെയും രണ്ട് ഫയലുകള്‍ ക്ലിയര്‍ ചെയ്തു നല്‍കിയാല്‍ 300 കോടി രൂപ കൈക്കൂലി നല്‍കാമെന്ന് വാഗ്ദാനം വന്നിരുന്നുവെന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തിയിരുന്നു.

എന്നാല്‍ പിന്നീട് ആര്‍.എസ്.എസിനെതിരായ പ്രസ്താവനയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയായിരുന്നു. 2020 ല്‍ ഗോവ ഗവര്‍ണറായപ്പോള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം ദുര്‍ബലമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പല പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് ഒടുവില്‍ ബി.ജെ.പിയിലെത്തി വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണറായ ആളാണ് സത്യപാല്‍ മാലിക്. ചൗധരി ചരണ്‍ സിംഗിന്റെ ക്രാന്തിദാള്‍ പാര്‍ട്ടി വഴി ലോക്ദളിലും അവിടെ നിന്ന് കോണ്‍ഗ്രസിലും ജനതാ ദളിലും സമാജ് വാദി പാര്‍ട്ടിയിലും സത്യപാല്‍ മാലിക് പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്‌സഭാംഗം, രാജ്യസഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 ല്‍ ബി.ജെ.പിയിലെത്തിയ സത്യപാല്‍ മാലിക് 2012 ല്‍ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് വരെയായിട്ടുണ്ട്.

2017 ല്‍ ബീഹാറിലെ ഗവര്‍ണായിട്ടായിരുന്നു ആദ്യമായി രാജ്ഭവനിലെത്തിയത്. പിന്നീട് ഗോവ, കശ്മീര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളുടേയും ഗവര്‍ണറായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+